Friday, October 19, 2012

പഞ്ചര്‍ ........

അവസാനം ഒരു കല്ല്യാണം കഴിക്കണമെന്ന അയാളുടെ മുറവിളി വീട്ടുക്കാര്‍ കേട്ടു.ഇതിനു മുമ്പും ഇതേ ആവിശ്യമുന്നയിച്ച് വീട്ടുക്കാരെ  സമീപ്പിച്ചിരുന്നെങ്കിലും കാലിക്കൈയ്യുമായി നടക്കുന്ന അയാളെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ സാമ്പത്തിക നഷ്ടം മുന്നില്‍ കണ്ട  പെങ്ങമ്മാര്‍ക്കും ഉള്ളതെല്ലാം പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ ചിലവഴിച്ച രക്ഷിതാക്കള്‍ക്കും തീരെ മനസുണ്ടായിരുന്നില്ല.സാമ്പത്തിക മാന്ദ്യത്തിന് മുമ്പുള്ള കുറച്ചു വര്‍ഷങ്ങള്‍ ദുബായില്‍ വഴി പറഞ്ഞു കൊടുത്താല്‍ പോലും കമീഷന്‍ പോക്കറ്റില്‍ വന്നു വീഴുന്ന നാളുകളായിരുന്നു.അങ്ങനെ കുറച്ചു കമീഷന്‍ അയാളുടെ പോക്കറ്റിലും വീണക്കാര്യം വീട്ടുക്കാര്‍ക്ക് ബോധ്യമായപ്പോഴാണ് അയാളുടെ കല്ല്യാണത്തിന് വീട്ടുക്കാര്‍ സമ്മതം മൂളിയത്.



വീട്ടുക്കാരുടെ പിന്തുണ ഉറപ്പായതോടെ അയാള്‍ക്ക് പകുതി സമാധാനമായി. എത്രക്കാലമായി കല്ല്യാണ ആക്രാന്തവുമായി നടക്കാന്‍ തുടങ്ങിയിട്ട്.ഇനി ഒരു പെണ്ണ് വേണം.എട്ടാം ക്ലാസും ഗുസ്തിയിലുമാണ് മാസ്റ്റര്‍ ഡിഗ്രി എങ്കിലും താന്‍ കെട്ടാന്‍ പോകുന്ന പെണ്ണിനെ കുറിച്ച് ചില  സ്വപനങ്ങള്‍ അയാള്‍ക്കുമുണ്ടായിരുന്നു.അതിമോഹം എന്നൊന്നും പറയാന്‍ പറ്റില്ല.ഗള്‍ഫില്‍ പോയി നിനച്ചിരിക്കാതെ  ഒരുപ്പാട് പണം കൈയ്യില്‍ വന്നു പെട്ടെന്ന് പണക്കാരനായി തീരുന്ന സാധാരണ മല്ലു യുവാക്കള്‍ക്ക് ഉണ്ടാവുന്ന ആഗ്രഹങ്ങളെ അയാള്‍ക്കും ഉണ്ടായിരുന്നുള്ളൂ.പഠിത്തം വേണം,സൗന്ദര്യം വേണം,പിന്നെ ഉപ്പാന്റെ കൈയ്യില്‍ പൂത്ത കാശും വേണം.

പെണ്ണ് പറഞ്ഞു വരാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുക്കാരുടെ തനി  സ്വഭാവം  ശരിക്കും അയാള്‍മനസിലാക്കിയത്.അമേരിക്കന്‍ ഡ്രോണ്‍ വിമാനങ്ങള്‍ തൊടുത്ത് വിടുന്ന മിസൈലുകള്‍ പോലെ പാരകള്‍ ഏതു വിധത്തില്‍ എപ്പോള്‍ വന്നു വീഴുമെന്നു പറയാന്‍ പറ്റാത്ത അവസ്ഥയായി.ഓരോ പ്രാവിശ്യവും നാട്ടില്‍ വരുമ്പോള്‍ എന്തോ ഒരു അവകാശം പോലെ തന്നെ വഴിയിലും പള്ളിയിലും തടഞ്ഞു വെച്ച് നൂറും ഇരുന്നൂറും പിടുങ്ങിയവര്‍ പോലും ഈ ഡ്രോണ്‍ ആക്രമണത്തില്‍ അണിനിരന്നിരുന്നു എന്ന്  അയാള്‍ അറിഞ്ഞത് കല്യാണത്തിന് ശേഷമാണ്.എങ്കിലും കുറച്ച് അലച്ചലിനും പരക്കം പാച്ചലിനും ശേഷം സൗന്ദര്യത്തിനു നേരെ ഒന്ന്  കണ്ണടച്ചപ്പോള്‍ അയാള്‍ ആഗ്രഹിച്ചത്‌ പോലെയുള്ള ഒരു പെണ്ണിനെ കിട്ടി. നൂറു പൊവനും പുത്തന്‍ കാറും.പിന്നെ എന്ത് സൗന്ദര്യം.പോയി പണി നോക്കാന്‍ പറ.ഒരേഒരു പോന്നാങ്ങളെയ്ക്ക് കാശിയായി കിട്ടുന്ന കാറില്‍ കറങ്ങുന്നതോര്‍ത്ത് പെങ്ങന്മാരും അളിയന്മാരും സന്തോഷത്തിലായി . തന്റെ കുറവുകള്‍ ഓരോന്നോരോന്നായി പെങ്ങന്മാരും അളിയന്മാരും  മുന്നില്‍ നിരത്തിയപ്പോഴാണ് മനസില്ലാമനസ്സോടെയെങ്കിലും സൗന്ദര്യമെന്ന ഘടകത്തെ അവഗണിക്കുക എന്ന മഹാ താഗ്യത്തിനു അയാള്‍ തയ്യാറായത്.കുറവുകള്‍ ഇല്ലാത്ത മനുഷ്യന്മാര്‍ ഉണ്ടാവില്ല.എങ്കിലും തന്നില്‍ ഇത്രമാത്രം കുറവുകള്‍ ഉണ്ടെന്ന് കണ്ടുപിടിക്കാന്‍ പെങ്ങന്മാര്‍ കാണിച്ച അതി  ഉത്സാഹത്തെ കുറിച്ചോര്‍ക്കുമ്പോള്‍ എവിടെയൊക്കെയോ ചൊറിഞ്ഞു വരുമെങ്കിലും താന്‍ ആറ്റുനോറ്റ് ഒത്തുവന്ന നിക്കാഹിനെ കുറിച്ചോര്‍ത്തു മാത്രം എല്ലാം അയാള്‍ സഹിച്ചു.

കല്ല്യാണ നിശ്ചയം കഴിഞ്ഞു.കല്ല്യാണ സുദിനം വന്നണിയാന്‍ ഇനിയും പത്തിരുപ്പത്‌ ദിവസങ്ങള്‍ ഉണ്ട്.പിന്നീടുള്ള ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളായി അയാള്‍ക്ക് അനുഭവപ്പെട്ടു.കിടത്തതിലും ഇരുത്തതിലും നടത്തത്തിലും അവളുടെ മൊഞ്ചാര്‍ന്ന (അയാളുടെ കണ്ണില്‍ ) ഫോട്ടോയില്‍ നോക്കിയും അല്ലാത്ത സമയത്ത് വാക്കുകളില്‍ മധുരം കലര്‍ത്തി ഫോണിലൂടെ സംസാരിച്ചും സമയത്തെ തോല്‍പ്പിക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.സമയം നീങ്ങുന്നത് ദുബായില്‍ നിന്നും ഷാര്‍ജയിലെക്കുള്ള ട്രാഫിക്‌ പോലെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.മധുരം പുരട്ടിയ വാക്കുകളാല്‍ മൂക്കിലൂടെയും (ഇതിനിടയില്‍ അയാള്‍ക്ക് ജലദോഷവും പിടിക്കപ്പെട്ടു) വായിലൂടെയും വെള്ളമൊലിപ്പിച്ചു കൊണ്ട് ദുബായിലെ തന്റെ വീരസാഹസിക കഥകളെ പറ്റി ബഡായി വിടുന്നതിനിടയില്‍ എപ്പോഴാണ്  എട്ടാം ക്ലാസ്സും ഗുസ്തിയും എന്ന തന്റെ ഡിഗ്രിയെ കുറിച്ച് അവളോട്‌ പറഞ്ഞു പോയതെന്ന് അയാള്‍ക്ക് ഓര്‍മ്മയില്ല.പക്ഷെ അത്  വല്ലാത്തൊരു പൊല്ലാപ്പായി മാറുന്നതാണ് പിന്നീട് കണ്ടത്.പാരല്‍ കോളേജ്‌ല്‍ പ്ലസ്‌ ടു നു പഠിച്ച അവള്‍ അയാളുടെ എട്ടാം ക്ലാസും ഗുസ്തിയെ കുറിച്ചും വേവലാതിപ്പെട്ടു.അയാളുടെ സ്ഥാനത് അയാളുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചിന്തകള്‍ രാത്രികളില്‍ അവളുടെ ഉറക്കം കളഞ്ഞു.

പിറ്റേന്ന് മുതല്‍ പുതിയൊരു ഐറ്റവുമായിട്ടാണ് അവള്‍ ഫോണ്‍ ഇന്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്.അവള്‍ ഏതെങ്കിലും ഒരു ഇംഗ്ലിഷ് വാക്ക്‌ പറയും അതിന്റെ മലയാളം വാക്ക് അയാള്‍ പറയണം.അവളുടെ സുഖക്കേട്‌ അയാള്‍ക്ക് പിടിക്കിട്ടിയെങ്കിലും 181 രാജ്യങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാരുടെ സംഗമ സ്ഥലമായ ദുബായില്‍ പയറ്റി തെളിഞ്ഞ അയാള്‍ക്ക് അവളുടെ ഇംഗ്ലിഷ് ടെസ്റ്റ്‌ ഒരു വിഷയമേ ആയിരുന്നില്ല.പാരല്‍ കോളേജ്‌ എന്ന പൊട്ടക്കിണറിനു അപ്പുറം അറിവിന്റെ വിശാലമായ ഒരു ലോകമുണ്ടെന്ന് അവള്‍ക്കറിയില്ലല്ലോ.അവളുടെ ഈ ഇംഗ്ലിഷ് കളി അയാള്‍ക്കത്ര രസിച്ചിരുന്നില്ല.കല്ല്യാണം കഴിഞ്ഞോട്ടെ നിന്റെ ഈ ഇളക്കമെല്ലാം ഞാന്‍ നിര്‍ത്തി തരാം എന്നയാള്‍ പിരിസത്തോടെ മനസ്സില്‍ പറയുമ്പോഴും അവളുടെ മേല്‍ അയാള്‍ക്ക് സന്തോഷവും അഭിമാനവും തോന്നാതിരുന്നില്ല.താന്‍ ആഗ്രഹിച്ചത്‌ പോലെ അറിവും വിവരവുമുള്ള ഒരു പെണ്ണിനെ തന്നെ കിട്ടിയല്ലോ.എന്റെ ഭാഗ്യം.

കല്ല്യാണം കഴിഞ്ഞു പത്തിരുപ്പത് ദിവസത്തിനു ശേഷം ഭാര്യാ വീട്ടില്‍ അയാള്‍  സുഖവാസത്തില്‍ കഴിഞ്ഞങ്ങനെ ഇരിക്കുകയാണ്. അയാളുടെ വീടിന്റെ മൂന്നിരിട്ടിയോളം വലിപ്പമുണ്ടായിരുന്നു അവളുടെ വീടിനു.പിന്നെ എ സി യും രുചികരമായ ഭക്ഷണവും.അയാള്‍ സ്വന്തം വീട്ടിലേക്ക്‌ പോകുന്ന കാര്യമേ മറന്നു.പോന്നാങ്ങളയ്ക്ക് കിട്ടിയ കാറില്‍ ചുറ്റിയടിക്കാന്‍ കഴിയാത്തതിലുള്ള മോഹഭംഗത്താല്‍ പെങ്ങന്മാരും അയാള്‍ക്ക് ഇങ്ങനെയൊരു ലോട്ടറി അടിച്ചതിലുള്ള കുശുമ്പില്‍ നാട്ടുക്കാരും പറയാന്‍ തുടങ്ങി."ഒന് ഭാര്യ വീട്ടില്‍ സഹീദായി".

 ഭാര്യാ വീട്ടിലെ സുഖസൌകര്യങ്ങളില്‍ അങ്ങനെ മതിമയങ്ങി കഴിയുന്ന ഒരു ദിവസം ,വൈകുന്നേരത്തെ ചായയും മോന്തി വരാന്തയില്‍ ഇരിക്കവേ രണ്ടു ഏട്ടന്‍ പുതിയാപ്ലമ്മാര്‍ അടുത്ത് വന്നിരുന്നു.അവരുടെ മുഖഭാവം കണ്ടാല്‍ അറിയാം എന്തോ പ്രശ്നം ഉണ്ട്."എടാ കഞ്ഞി അച്ചിവീട്ടില്‍ താമസിച്ചു വയറുമുട്ടെ തട്ടിവിട്ടുള്ള സുഖവാസം മതിയാക്കി സ്വന്തം വീട്ടിലേക്കു പോയിക്കൂടെ " എന്നവര്‍ ചോദിക്കാന്‍ വഴിയില്ല.അങ്ങനെ എങ്കില്‍ അവരാദ്യം കേട്ടുകെട്ടെണ്ടി വരും.പിന്നെ എന്തായിരിക്കും.........?

"അളിയാ ,ഒരു ഹണിമൂണിന് ഒക്കെ പോകേണ്ടേ?"മൂത്ത അളിയ തുടങ്ങി വെച്ചു.അയാള്‍ ചെറിയൊരു ദീര്‍ഘനിശ്വാസം വിട്ടു.ഭാഗ്യം ഭയപ്പെട്ടത് പോലെയോന്നുമില്ല.ഏറെയൊന്നും ആലോചിച്ചില്ല."പോണം,എങ്ങോട്ട് പോകണമെന്നാണ് ഞാന്‍ ആലോചിക്കുന്നത്?."
"നമ്മുക്ക് ഊട്ടിയിലെക്കോ കൊടയ്ക്കനാലിലെക്കോ പോകാം."രണ്ടാമത്തെ അളിയന്‍ .ഒരു അപകടം മണക്കുന്നില്ലേ.അയാള്‍ ഓര്‍ത്തു.ഉണ്ട് ,തീര്‍ച്ചയായും ഉണ്ട്.അത് ഉറപ്പു വരുത്താനായി അയാള്‍ ചോദിച്ചു"നമ്മളോ,നിങ്ങളൊന്നും ഇതുവരെ ഹണിമൂണിന് പോയിട്ടില്ലെ?"
"ഞങ്ങള്‍ അന്ന് ഒരിക്കല്‍ പോയതാ.നമ്മളെല്ലാം ഒന്നിച്ചു പോകുന്നത് ഒരു സന്തോഷമല്ലേ".
"ആര്‍ക്ക് സന്തോഷം".അയാള്‍ മനസ്സില്‍ പ്രാകി.

അങ്ങനെ അളിയന്മാരും അവരുടെ ഭാര്യന്മാരും അവരുടെ കുട്ടികളുമായി അയാളും ഭാര്യയും ഹണിമൂണ്‍ ആഘോഷിക്കാനായി ഊട്ടിയില്‍ എത്തി.ഒരു ദിവസം വൈകുന്നേരം ഊട്ടിയിലെ മനോഹരമായ തടാകത്തിലൂടെ വലിയൊരു ബോട്ടിലൂടെ ഉല്ലാസ സവാരി നടത്തുകയായിരുന്നു.സായന്തനത്തിലെ ചക്രവാളത്തില്‍ ചുവപ്പ് പരക്കാന്‍ തുടങ്ങിയിരിക്കുന്നു.അയാളും അവളും ബോട്ടിന്റെ മുകള്‍ തട്ടില്‍ നിന്ന് കൊണ്ട്  സൂര്യാസ്തമയം ആസ്വദിക്കുകയായിരുന്നു.അപ്പോഴാണ്‌ അയാള്‍ക്ക് ഒരു കുസൃതി തോന്നിയത്.ഇംഗ്ലിഷ് വെച്ചു ഇവളന്നെ കുറെ വെള്ളം കുടിപ്പിച്ചതല്ലേ.ഒരു ദുരുദ്ദേശവും ഇല്ലാതെ വെറും നേരമ്പോക്കിനായി  അയാള്‍ അവളോട്‌ ചോദിച്ചു."നമ്മളിങ്ങനെ പോകുമ്പോള്‍ ഈ ബോട്ടിന്റെ ടയര്‍ പഞ്ചറായി എന്ന് വിചാരിക്കുക.എങ്കില്‍ നമ്മുക്ക് എന്ത് സംഭവിക്കും?."

ദുരന്തത്തിന്റെ നിറമായ ചക്രവാളത്തില്‍ പടര്‍ന്നിരിക്കുന്ന  ചുവപ്പിലേക്ക് അവള്‍ നോക്കി.പതിയെ ഭയത്തിന്റെ ചുവപ്പ് നിറം അവളുടെ മുഖത്തേക്ക് പടര്‍ന്നു.പിന്നെയത് ദുഖത്തിന്റെ കറുപ്പ് നിറമായി മാറി.പെട്ടെന്നവള്‍ പറഞ്ഞു."ബോട്ടിന്റെ ടയര്‍ പഞ്ചറായാല്‍ ബോട്ട് മുങ്ങി നമ്മളെല്ലാം മരിക്കും."
"ടാപ്പോ" എന്ന ശബ്ദം കേട്ട് അവള്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ അയാളെ കണ്ടില്ല.പഞ്ചറായ ടയര്‍ പോലെ ഫ്ലാറ്റായി അയാള്‍ ബോട്ടിന്റെ ഫ്ലോറില്‍ കിടക്കുന്നതാണ് അവള്‍ കണ്ടത്.



16 comments:

  1. ഹഹഹ ഇതില്‍ ഒരു അനുഭവം ഉണ്ട് എന്ന് ഞാന്‍ പറയുന്നില്ല ,എന്നാല്‍ ഇതില്‍ ആരുടെയൊക്കെയോ അനുഭവങ്ങള്‍ ഉണ്ട് എന്ന് ഉറപ്പാണ് ,,പെണ്ണുകാണല്‍ മുതല്‍ ഹണിമൂണ്‍ വരെ രസകരമായി പറഞ്ഞു ,ക്ലൈമാക്സ് ശരിക്കും ചിരി പടര്‍ത്തി ....എന്തായാലും ബോധം കേട്ടിട്ടല്ലേ യുള്ളൂ ,,ആള് തന്നെ പനജ്ര്‍ ആയില്ല ല്ലോ ..ആശംസകള്‍ !!

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

      Delete
  2. Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

      Delete
  3. ഹ ഹ. രസകരമായ കല്യാണക്കഥ

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

      Delete
  4. കല്യാണ കഥ അടിപൊളി..

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

      Delete
  5. നന്നായിട്ടൂണ്ട് യാച്ചൂ..... ഭാവുകങ്ങള്‍ 

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

      Delete
  6. സ്വന്തം അനുഭവം തന്നെ ആണ് ല്ലേ...ഹ്മം കൊള്ളാം

    ReplyDelete
  7. പെണ്ണ് കെട്ടി ഭാര്യവീട്ടില്‍ തമ്പടിക്കല്‍..

    ആ ബോട്ട് മുങ്ങാതതെന്തേ എന്ന് ആലോചിച്ചു പോയി ..

    കൊള്ളാം

    ReplyDelete
  8. ഭാര്യ വീട്ടില്‍ പരമസുഖം അല്ലെ?
    നന്നായി എഴുതി.ആശംസകള്‍.

    ReplyDelete

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....