Thursday, January 06, 2011

ക്രിക്കറ്റ്‌ കളിക്കിടയിലെ കുടില്‍ വ്യവസായം.

വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ,അതായത് S S L C പരീക്ഷ മനോഹരമായി എഴുതുകയും അതിലും മനോഹരമായി തോല്‍ക്കുകയും ചെയ്ത കാലയളവില്‍,സ്കൂള്‍ പഠനം എന്ന ബാധ്യത ഒഴിഞ്ഞു കിട്ടിയല്ലോ എന്ന സമാധാനത്തില്‍, S S L C എന്ന കടമ്പ കടന്നു കിട്ടുന്നതിനു വേണ്ടി രണ്ടാമതൊന്നു ശ്രമിച്ചു നോക്കുന്നതിനെ കുറിച്ച് സ്വപ്നത്തില്‍ പോലും ആലോചിക്കനാഗ്രഹിക്കാതെ സര്‍വ്വ സ്വതന്ത്ര്യനായി തേരാപാര തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം.(ആഹ.....എത്ര സുന്ദരമായ കാലഘട്ടമായിരുന്നു അത്.)സ്കൂള്‍ തടവറ കാലത്തിനും ഗള്‍ഫ്‌ തടവറ കാലത്തിനും ഇടയില്‍ കിട്ടിയ സുന്ദരമായ പരോള്‍ ദിനങ്ങളായിരുന്നു അതെന്നു ഇപ്പോള്‍ തോന്നുന്നു.



 

                അക്കാലത്ത് ഞങ്ങള്‍ ഓരോ ചെറുപ്പക്കാര്‍ക്കും ഓരോ കുടില്‍ വ്യവസായം ഉണ്ടായിരുന്നു."പഞ്ചാര ഉല്പാദന ഫാക്ടറി".രാവിലെയും വൈകുന്നേരവും കൃത്യ സമയത്ത് തന്നെ പീടിക തിണയിലും മറ്റുമെത്തി ഞങ്ങള്‍ തങ്ങളുടെ ഫാക്ടറി പ്രവര്ത്തിപ്പിച്ചിരുന്നു.പിന്നെ വീണു കിട്ടുന്ന മറ്റ് അവസരങ്ങളിലും.
               ഇന്നത്തെ പോലെ അന്ന് നെറ്റും മറ്റും ഇല്ലാതിരുന്നത് കൊണ്ട് ഞങ്ങളുടെ പ്രധാന വിനോദോപാധിയായിരുന്നു ക്രിക്കറ്റ് കളി.എന്നും രാവിലെ ആറു മണിക്ക് ഞങ്ങള്‍ ചന്ദ്രഗിരി സ്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ പോവുമായിരുന്നു.അതി രാവിലെ എണീക്കാന്‍ മലയോളം മടിയുണ്ടെങ്കിലും ക്രിക്കറ്റ്‌ കളിക്കാനായി കൃത്യം ആറു മണിക്ക് തന്നെ എല്ലാവരും സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിയിരിക്കും.കാരണം ഫാക്ടറിയില്‍ "പഞ്ചാര" ഉല്പാദനം വര്‍ധിപ്പിക്കാനുള്ള നല്ലൊരു അവസരമായിരുന്നു രാവിലത്തെ ഈ ക്രിക്കറ്റ്‌ കളി.
               അന്ന് ചന്ദ്രഗിരി സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഷിഫ്റ്റ്‌ സമ്പ്രദായത്തിലായിരുന്നു.എട്ടു മുതല്‍ പത്തു വരെയുള്ളവര്‍ക്ക് രാവിലെ എട്ടു മുപ്പതിന് ക്ലാസ്‌ തുടങ്ങും.ചെമ്പിരിക്ക , ദേളി, കളനാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ബസ്സുകളില്‍ കൂടി നേരത്തെ സ്കൂളില്‍ എത്തും.7:45നു അവര്‍ എത്തി തുടങ്ങിയാലെ ഞങ്ങളുടെ കളിക്ക് ജീവന്‍ വെക്കൂ.നേരത്തെ എത്തുന്ന കുട്ടികളില്‍ കൂടുതലും പെണ്‍കുട്ടികള്‍ ആയതു കൊണ്ട് തന്നെ ഞങ്ങളുടെ ഫാക്ടറിയും നന്നായി പ്രവര്‍ത്തിച്ചു തുടങ്ങും.7:45 മുതല്‍ 8:15 വരെ നടക്കുന്ന പഞ്ചാര ഉത്‌പാദനത്തിന് വേണ്ടിയാണ് ഇവറ്റകളൊക്കെ വളരെ ബുദ്ധിമുട്ടി അതി രാവിലെ എണീറ്റ് വരുന്നതെന്നും,അല്ലാതെ ക്രിക്കറ്റിനോടുള്ള പ്രിയം കൊണ്ടല്ലെന്നും മനസിലാക്കാന്‍ രണ്ടാം ശനിയും ഞായറാഴ്ചയും ഒഴിഞ്ഞു കിടക്കുന്ന സ്കൂള്‍ ഗ്രൌണ്ട് തന്നെ മതി.ഒരു കുഞ്ഞും അവധി ദിവസങ്ങളില്‍ കളിക്കാന്‍ വരില്ല.എന്നെപോലെയുള്ള ക്രിക്കറ്റ്‌ ഫോബിയ ബാധിച്ച നാലഞ്ചു പേര്‍ മാത്രം കാണും.(മനസിലായല്ലോ എനിക്ക് പഞ്ചാര ഉല്പാദനത്തിലായിരുന്നില്ല താല്പര്യമെന്ന്.)
                പെണ്‍കുട്ടികള്‍ എത്തിക്കഴിഞ്ഞാല്‍, അവര്‍ സ്കൂളിന്‍റെ താഴത്തെ തട്ടിലെയും മുകളിലത്തെ തട്ടിലെയും വരാന്തകളില്‍ നിന്ന് ഞങ്ങളുടെ കളി വീക്ഷിക്കും.അപ്പോള്‍ ഞങ്ങളുടെ ഓരോരുത്തരുടെയും വിചാരം താന്‍ ഗവാസ്ക്കറും, കപില്‍ ദേവും,രവി ശാസ്ത്രിയും ഒക്കെയാണ് എന്നാണു.ഞങ്ങളുടെ ശരീര ഭാഷയും ,ആക്ഷനുമൊക്കെ ഏതാണ്ട് ആ വിധത്തിലായിരിക്കും.
        അങ്ങനെ, ആ ദുരന്തം ഉണ്ടായ ദിവസം, കളി തീരാറായിരിക്കുന്നു.(സ്കൂള്‍ തുടങ്ങി കഴിഞ്ഞും കളിക്കാന്‍ ഞങ്ങള്‍ക്ക്‌ താല്പര്യം ഉണ്ടെങ്കിലും ഹെഡ് മാസ്റ്റര്‍ സമ്മതിക്കാത്തത് കൊണ്ട് മനസില്ലാ മനസോടെ നിര്‍ത്തി പോകാറാണ് പതിവ്.) ഏകദേശം എല്ലാ കുട്ടികളും എത്തിക്കഴിഞ്ഞു.ചില അധ്യാപകരും എത്തി തുടങ്ങിയിട്ടുണ്ട്.അവസാനത്തെ ഓവര്‍ എറിയാനായി ഹനീഫ്‌ അങ്ങ് ദൂരെ ബൌണ്ടറി ലൈനിനടുത്തു തയ്യാറായി നില്‍പ്പുണ്ട്.ഹനീഫിനെ അറിയില്ലേ? ശോ....അതൊരു സംഭവം തന്നെയായിരുന്നു.കണ്ണുമുരുട്ടി പല്ലും കടിച്ചു ബൌണ്ടറി ലൈനില്‍ നിന്നും ഓടി വരുന്ന ഹനീഫിനെ കണ്ടാല്‍ ഒരിത്തിരി മന: കരുത്തില്ലാത്ത ഏതൊരു ബാറ്റ്സ്മാനും ബാറ്റും കളഞ്ഞു ജീവനും കൊണ്ട് ഓടിക്കളയും.അങ്ങനെയുള്ള ഭീകരനായ ഹനീഫ്‌ അതാ ബൌണ്ടറി ലൈനില്‍ അവസാനത്തെ ഓവര്‍ എറിയാനായി തയ്യാറായി നില്‍ക്കുന്നു.എതിര്‍ ടീമിന് ജയിക്കാന്‍ ആ ഓവറില്‍ അഞ്ചോ,ആറോ റന്‍സ് വേണം.ബാറ്റ്സ്മാന്‍ ഹനീഫിനെ എതിരിടാന്‍ റെഡിയായി നിന്നു.കണ്ണുരുട്ടി,ചുണ്ടുകള്‍ കടിച്ചു പിടിച്ചു അതിവേഗത്തില്‍ ഓടി വന്നു ഹനീഫ്‌ എറിഞ്ഞ ആദ്യത്തെ പന്ത് വലിയ കുഴപ്പമൊന്നും ഉണ്ടാക്കാതെ വിക്കറ്റ് കീപ്പറിന്‍റെ കൈകളില്‍ സുരക്ഷിതമായി ശരണം പ്രാപ്പിച്ചു.രണ്ടാമത്തെ ബൌള്‍ ചെയ്യാനായി ഹനീഫ്‌ കണ്ണുരുട്ടി , ചുണ്ടുകള്‍ കടിച്ചു പിടിച്ച് അതിവേഗത്തില്‍ ഓടി വന്നു ബൌള്‍ ചെയ്യേണ്ട പൊയ്ന്‍റ്നു അടുത്ത് എത്തിയപ്പോള്‍ പന്തിരിക്കുന്ന കൈയൊന്നു വട്ടത്തില്‍ കറക്കി കൈ മുകളിലേക്ക് ഉയര്‍ത്തിയതും തന്‍റെ അരയില്‍ നിന്നു എന്തോ ഊര്‍ന്നു പോകുന്നത് ഹനീഫ്‌ മനസിലാക്കിയതും കൈലിരുന്ന പന്ത് ലക്‌ഷ്യം തെറ്റി ആകാശവാണിയായി എവിടേയ്ക്കോ പോയതുമെല്ലാം ഒരു നിമിഷം കൊണ്ടായിരുന്നു.ആ ഒരു നിമിഷം എന്താണ് സംഭാവിച്ചെതെന്നു അറിയാതെ ഹനീഫ്‌ അന്തംവിട്ട് കുന്തം വിഴുങ്ങി നിന്നു.വളരെ പെട്ടെന്ന് തന്നെ ഹനീഫ്‌ , വിഴുങ്ങിയ കുന്തം പുറത്തെടുത്തിട്ട് വിട്ട അന്തം തിരിച്ചെടുത്തു കൊണ്ട് സ്വബോധത്തിലേക്ക് തിരിച്ചു വന്നു.തന്‍റെ അരയില്‍ മുണ്ട് ഇല്ലെന്നും തന്‍ അര്‍ദ്ധ നഗനനാനെന്നുമുള്ള സത്യം മനസിലാക്കിയ ഹനീഫ്‌ മുണ്ട് എടുക്കാനായി കുനിഞ്ഞതും പരുന്തിന്‍റെ വേഗതയില്‍ കോമാളി സലാം മുണ്ട് റാഞ്ചി എടുത്തു കൊണ്ട്  ഓടിയതും ഒന്നിച്ചായിരുന്നു.കോമാളി സലാമിന്‍റെ പിന്നാലെ മുണ്ടിന് വേണ്ടി ഹനീഫിന് ഓടാതിരിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു.ഷര്‍ട്ടിന്‍റെ അറ്റം കഴിയുന്നത്രയും താഴ്ത്തി പിടിച്ച് കൊണ്ട് സലാമിന്‍റെ പിന്നാലെയുള്ള ഹനീഫിന്‍റെ ഓട്ടം കണ്ട് ഞങ്ങള്‍ക്ക് ചിരിക്കാതിരിക്കാനായില്ല.ഞങ്ങള്‍ പൊട്ടിച്ചിരിക്കുക തന്നെ ചെയ്തു.സലാം മുണ്ട് എടുത്തു ഓടിയതും ഞങ്ങള്‍ ചിരിചെതുമെല്ലാം സഹിക്കമായിരുന്നു.സ്കൂളിന്‍റെ താഴത്തെ നിലയിലും മുകളിലത്തെ നിലയിലുമായി ഞങ്ങളുടെ കളി സസൂക്ഷമം വീക്ഷിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ കൂകി കൊണ്ട് ആര്‍ത്തു വിളിച്ചത് എങ്ങനെ സഹിക്കും.പെണ്‍കുട്ടികളായാല്‍ കുറച്ചു അടക്കവും ഒതുക്കവുമൊക്കെ വേണ്ടേ.......

8 comments:

  1. ഹ ഹ ഹ ഹ യാസര്‍ച്ച... ശരിക്കും ചിരിച്ചു പള്ള വേദനിച്ചു പോയി..! ഹനീഫിനെയും കോമാളി സലാമിനെയു ഒക്കെ അറിയാവുന്നത കൊണ്ട എല്ലാം ഇങ്ങനെ കണ്ണിനു വിരുന്നായി കാണുന്നത് പോലെ...! ഈ സംഭവം എഴുതി പ്രതിഫലിപ്പിച്ചത് സൂപര്‍ അയി!

    ReplyDelete
  2. വായിച്ചിരുന്നു.. :)

    ReplyDelete
  3. യാച്ചു..കഥ ഗംഭീരം..അവതരണം അതിഗംഭീരം..
    തുണിയും കൊണ്ട് ഓടിയത് കോമാളി സലാമു ആയതിനാലും..
    കോമാളി സലാമുനെ എനിക്ക് അറിയാവുന്നതിനാലും..
    ആ രംഗം മനസ്സില്‍ കണ്ടു ചിരിക്കാന്‍ സാധിച്ചു..
    ഭാവുകങ്ങള്‍..
    ഇനിയും എഴുതുക.

    ReplyDelete
  4. കൊള്ളാം യച്ചു,വായിക്കാൻ രസമുണ്ട്.

    ReplyDelete
  5. രസമുണ്ട് , gud...

    ReplyDelete
  6. കൊള്ളാല്ലോ കോമഡി.രസകരമായി എഴുതി.
    ചിരിപ്പിച്ചു.

    ReplyDelete

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....