Friday, February 03, 2012

സൗഹൃദങ്ങളിലെ രസതന്ത്രങ്ങള്‍ .....



ശൈശവവും,ബാല്യവും,കൗമാരവും,യുവത്വവും ജീവിതത്തിലെ സുന്ദരമായ എല്ലാ കാലഘട്ടവും എത്രപെട്ടെന്നാണ് പിന്നിലോട്ട് മാഞ്ഞു മാഞ്ഞു പോയത്."അരുതേ" എന്നൊന്ന് വിലപ്പിക്കാന്‍ പോലുമാവാതെ ആ സുന്ദര മുഹ്ര്‍ത്തങ്ങള്‍ ഓരോന്നും നോക്കി നോക്കി നില്‍ക്കെ കണ്മുന്നില്‍ വെച്ച് മാഞ്ഞു മാഞ്ഞു ഇല്ലാതാക്കുന്നത് നിസഹായനായി നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനുമായില്ല.എങ്കിലും അവ അകതാരില്‍ അവശേഷിപ്പിട്ട് പോയ ചില മുത്തുകളുടെ നക്ഷത്രത്തിളക്കം ഇപ്പോഴും ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്.നിഷ്കപടമായ ആ സൗഹൃദബന്ധങ്ങള്‍ സമ്മാനിച്ച  അനുഭവങ്ങളുടെ രസച്ചരടുകളുടെ തിളക്കം.കൗമാര സൌഹ്യദങ്ങള്‍ സമ്മാനിച്ച അനിര്‍വചീനീയമായ ഹൃദയങ്ങളുടെ അടുപ്പവും,നൂറുശതമാനവും ആത്മാര്‍ത്ഥത നിറഞ്ഞ ഹൃദയ ബന്ധങ്ങളില്‍ നിന്നുമ്മുണ്ടായ ഊഷ്മളമായ അനുഭവങ്ങള്‍ സമ്മാനിച്ച നിമിഷങ്ങളെ കുറിച്ചുമൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആരോ കുളിര്‍മ്മ കോരിയിടുന്നത് പോലെ.ഒരു തിരിച്ചുപോക്ക് അസാധ്യമാണ് എന്നത് കരളിനെ കരിയിപ്പിക്കുന്ന ഒരു സത്യമായി മുമ്പില്‍ നില്‍ക്കുമ്പോള്‍ .അടങ്ങാത്ത മനസ്സിനെ കമ്പ്ലിപ്പിക്കാനുള ചെറിയൊരു ശ്രമമാണ് ഈ കുറിപ്പ്‌. .  .......

ഒരു നാട്ടിന്‍പുറത്തിന്‍റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയിരുന്നു അന്ന് മേല്‍പ്പറമ്പിന് .അന്നത്തെ മേല്‍പ്പറമ്പിലെ സായന്തനങ്ങള്‍ക്ക് വല്ലാത്തൊരു വശ്യതയായിരുന്നു.വീട്ടുക്കാരെ വെട്ടിച്ച് സിനിമ കാണാന്‍ പോക്ക്,വൈകുന്നേരങ്ങളിലെ കളി,പ്രകൃതി മേല്‍പ്പറമ്പിന് മേലെ കരിമ്പടം പുതപ്പിച്ചു കഴിഞ്ഞാലുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്ക് വേണ്ടിയുള്ള കൂടിച്ചേരലുകള്‍ !!!.ഇതൊക്കെയായിരുന്നു അന്നത്തെ വലിയ വേലത്തരങ്ങള്‍ .