Friday, February 03, 2012

സൗഹൃദങ്ങളിലെ രസതന്ത്രങ്ങള്‍ .....



ശൈശവവും,ബാല്യവും,കൗമാരവും,യുവത്വവും ജീവിതത്തിലെ സുന്ദരമായ എല്ലാ കാലഘട്ടവും എത്രപെട്ടെന്നാണ് പിന്നിലോട്ട് മാഞ്ഞു മാഞ്ഞു പോയത്."അരുതേ" എന്നൊന്ന് വിലപ്പിക്കാന്‍ പോലുമാവാതെ ആ സുന്ദര മുഹ്ര്‍ത്തങ്ങള്‍ ഓരോന്നും നോക്കി നോക്കി നില്‍ക്കെ കണ്മുന്നില്‍ വെച്ച് മാഞ്ഞു മാഞ്ഞു ഇല്ലാതാക്കുന്നത് നിസഹായനായി നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനുമായില്ല.എങ്കിലും അവ അകതാരില്‍ അവശേഷിപ്പിട്ട് പോയ ചില മുത്തുകളുടെ നക്ഷത്രത്തിളക്കം ഇപ്പോഴും ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്.നിഷ്കപടമായ ആ സൗഹൃദബന്ധങ്ങള്‍ സമ്മാനിച്ച  അനുഭവങ്ങളുടെ രസച്ചരടുകളുടെ തിളക്കം.കൗമാര സൌഹ്യദങ്ങള്‍ സമ്മാനിച്ച അനിര്‍വചീനീയമായ ഹൃദയങ്ങളുടെ അടുപ്പവും,നൂറുശതമാനവും ആത്മാര്‍ത്ഥത നിറഞ്ഞ ഹൃദയ ബന്ധങ്ങളില്‍ നിന്നുമ്മുണ്ടായ ഊഷ്മളമായ അനുഭവങ്ങള്‍ സമ്മാനിച്ച നിമിഷങ്ങളെ കുറിച്ചുമൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആരോ കുളിര്‍മ്മ കോരിയിടുന്നത് പോലെ.ഒരു തിരിച്ചുപോക്ക് അസാധ്യമാണ് എന്നത് കരളിനെ കരിയിപ്പിക്കുന്ന ഒരു സത്യമായി മുമ്പില്‍ നില്‍ക്കുമ്പോള്‍ .അടങ്ങാത്ത മനസ്സിനെ കമ്പ്ലിപ്പിക്കാനുള ചെറിയൊരു ശ്രമമാണ് ഈ കുറിപ്പ്‌. .  .......

ഒരു നാട്ടിന്‍പുറത്തിന്‍റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയിരുന്നു അന്ന് മേല്‍പ്പറമ്പിന് .അന്നത്തെ മേല്‍പ്പറമ്പിലെ സായന്തനങ്ങള്‍ക്ക് വല്ലാത്തൊരു വശ്യതയായിരുന്നു.വീട്ടുക്കാരെ വെട്ടിച്ച് സിനിമ കാണാന്‍ പോക്ക്,വൈകുന്നേരങ്ങളിലെ കളി,പ്രകൃതി മേല്‍പ്പറമ്പിന് മേലെ കരിമ്പടം പുതപ്പിച്ചു കഴിഞ്ഞാലുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്ക് വേണ്ടിയുള്ള കൂടിച്ചേരലുകള്‍ !!!.ഇതൊക്കെയായിരുന്നു അന്നത്തെ വലിയ വേലത്തരങ്ങള്‍ .
അന്ന് എനിക്ക്  സൗഹൃദബന്ധങ്ങള്‍ കുറവായിരുന്നെങ്കിലും,ഉണ്ടായിരുന്നതിന് ബലം കൂടുതലായിരുന്നു.ഷെരിഫ് ചന്ദ്രഗിരി,മന്‍സൂര്‍ (ചെര്‍ച്ച) പിന്നെ ഞാനും.അന്ന് ഞങ്ങള്‍ നല്ല കൂട്ടായിരുന്നു.ത്രീ മൂത്രികള്‍ ......സോറി,മൂര്‍ത്തികള്‍ എന്ന് അന്ന് അസൂയാക്കല്‍ കളിയാക്കി വിളിച്ചിരുന്നു.പകല്‍ ഏതെങ്കിലും തിരക്കുകളില്‍പെട്ട്  പരസ്പരം കാണാന്‍ പറ്റിയില്ലെങ്കിലും വൈകുന്നേരം കളിക്കാന്‍ പോയില്ലെങ്കിലും രാത്രിയിലുള്ള കൂടിക്കാഴ്ച ഞങ്ങള്‍ ഒഴിവാക്കിയിരുന്നില്ല.നേരമിരുട്ടിക്കഴിഞ്ഞാല്‍ അടച്ചിട്ടിരിക്കുന്ന ഏതെങ്കിലും പീടികത്തിണയുടെ ഇരുട്ടിന്‍റെ മറവിലേക്ക് ഞങ്ങള്‍ ചേക്കേറും.പിന്നെയവിടെ സൊറ പറച്ചലുകടെയും മഹഫിലാണ്.തമാശ,സിനിമ,മതം,പ്രണയം,സംഗീതം.സ്പോര്‍ട്സ്‌,രാഷ്ട്രീയ,സൗഹൃദം അങ്ങനെ എന്തും കടന്നു വരും വര്‍ത്തമാനത്തില്‍ .രാത്രിയിലെ ആ ഒത്തുകൂടല്‍ ഒരു ദിവസ്സം പോലും ഒഴിവാക്കാന്‍ മനസ്സ് വന്നിരുന്നില്ല.സംസാരിക്കാന്‍ മടുപ്പും,വിശേഷങ്ങള്‍ക്ക് അന്ത്യവും ഇല്ലാതിരുന്ന ഒരുക്കാലം. പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര വശ്യ സുന്ദരവും ആദ്രവുമായ ആ രാവുകളെ ഞാനിപ്പോള്‍ പ്രണയിച്ചു പോകുന്നു.

ഇരുള്‍ മൂടിയ പീടികത്തിണയിലെ മെഹഫില്‍ ഭംഗിയായി തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കയാണ് ,ഒരു ദിവസ്സം പുതിയൊരു പരാക്രമാവുമായി   ഇരുട്ടിന്‍റെ പടികള്‍ ചവിട്ടി പീടിക  തിണയിലേക്ക് മന്‍സൂര്‍  കയറി വന്നത്.ഒരു  ദിവസ്സം ഒരു  ഹിന്ദി സിനിമ ഗാനത്തിനെ മലയാളത്തിലേക്ക് തര്‍ജമ ചെയ്തു കൊണ്ട് വന്നു ഞങ്ങളുടെ സമ്മതത്തിനു കാത്തു നില്‍ക്കാതെ തന്നെ മന്‍സൂര്‍ പാടിതുടങ്ങിയപ്പോള്‍ അങ്ങകലെയെവിടെയോ കുറുക്കന്‍ ഓരിയിട്ടു,പീടികയുടെ മച്ചിലെവിടെയോ ഊഞ്ഞാലാടിക്കളിച്ചിരുന്ന വവ്വാല്‍ ദയനീയ ശബ്ദം പുറപെടിപ്പിച്ചു അതിവേഗത്തില്‍ എങ്ങോട്ടോ പറന്നകന്നു.പാലമാരകൊമ്പിലിരുന്നിരുന്ന മൂങ്ങയുടെ പൂച്ചക്കണ് ഭയത്താല്‍ വെട്ടിത്തിളങ്ങി.എങ്കിലും ഞാനും ഷെരീഫുംമന്‍സൂറിന്റെ "പാട്ട് " തീരുവോളം  സഹിച്ചും പിടിച്ചും  നിന്നു.ഇരുട്ടില്‍ ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഈ അടി ഏതാനും മിനുറ്റുകള്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ എന്ന ഞങ്ങളുടെ സമാധാനത്തിന് ആയുസ്  കഷ്ടി ഇരുപ്പതിനാല് മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീടുള്ള രാത്രികളില്‍   മന്‍സൂര്‍ പുതിയ പുതിയ  തര്‍ജുമയുമായി വന്നപ്പോള്‍ ,ഹിന്ദി എന്നാല്‍ അയലില്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന കുറെ  അക്ഷരങ്ങള്‍ എന്നതിനപ്പുറം അന്ന്   ഹിന്ദിയെ കുറിച്ച്  ഒന്നുമറിയാത്ത ഞങ്ങള്‍ നിശബ്ദമായി കീഴടങ്ങി.പിന്നീടങ്ങോട്ടുള്ള കുറെ രാവുകള്‍ ഇരുട്ടുക്കയറിയ പീടിക തിണയെ  മന്‍സൂറിന്റെ ഹിന്ദി തര്‍ജുമ കൊണ്ട് സംഗീത സാന്ദ്രമാക്കി.മന്‍സൂര്‍ ഹിന്ദിയില്‍ ചെല്ലുന്നതും മലയാളത്തില്‍ പറയുന്നതുമായി കാര്യങ്ങള്‍ക്ക് തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാന്‍ ഒരു നിര്‍വ്വാഹവും ഇല്ലാതിരുന്നത് കൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് മന്‍സൂറിന് വേണ്ടി ഞങ്ങള്‍ എല്ലാം സഹിച്ചു,ക്ഷമിച്ചു.എങ്കിലും മന്‍സൂര്‍ ഹിന്ദി ഭാഷ അനായാസമായി കയ്യിലിട്ട് അമ്മാനമാടി ഞങ്ങള്‍ക്കിടയില്‍ ആളായി വിലസുന്നത് കണ്ടു സഹിക്കാന്‍ കഴിയാതെ, മന്‍സൂറിന് ഒരു മറുപടി കൊടുക്കാന്‍ വേണ്ടി തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു അപ്പോള്‍ ഒരാള്‍ .
ദിവസങ്ങളങ്ങനെ സുന്ദരമായി നീങ്ങികൊണ്ടിരിക്കെ  "തര്‍ജുമ"യുടെ അസുഖം മന്‍സൂറിന് കൂടി കൂടി വന്നു.പീടികത്തിണ്ണയിലെ മന്‍സൂറിന്റെ ഹിന്ദി പണ്ഡിറ്റ്ജിയുടെ വേഷമൊന്നും ഷെരീഫിന് അത്ര പിടിക്കുന്നുണ്ടായിരുന്നില്ല.ഒരു ദിവസം വൈകുന്നേരം ചന്ദ്രഗിരി സ്കൂള്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ ഷെട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഷെരിഫ് അങ്ങനെയാണ് ,ക്രിക്കറ്റ്‌ കളിച്ച് മടുക്കുമ്പോള്‍ ഷെരിഫ് തുടങ്ങും "ഷെട്ടില്‍ കോര്‍ട്ടിടാം" "ഷെട്ടില്‍ കോര്‍ട്ടിടാം" എന്ന് പുലമ്പാന്‍ .അവസാനം ,അവന്‍റെ നിര്‍ബന്ധത്തിന് ഞങ്ങള്‍ വഴങ്ങുന്നില്ല എന്നറിയുമ്പോള്‍ ഷെരിഫ് തന്നെ ഒറ്റയ്ക്ക് പോയി കോര്‍ട്ടിടും.ഒറ്റയ്ക്ക് പോസ്റ്റും കോര്‍ട്ടും ഇടാന്‍ കഴിയുമെങ്കിലും മൂന്നുനാലുപേര്‍ ഇല്ലാതെ കളിക്കാന്‍ പറ്റില്ലല്ലോ പാവത്തിന്,  എന്നോര്‍ത്ത് ഞങ്ങള്‍ പോയി കളിച്ച് കൊടുത്തു സഹായിക്കുമായിരുന്നു.

മന്‍സൂര്‍ നന്നായിട്ട് കളിക്കാമായിരുന്നു.പക്ഷെ ഷെരിഫ് സമ്മതിച്ചു തരില്ലായിരുന്നു.പാവം വിഷമിക്കേണ്ട,ശെരിഫും നന്നായി കളിക്കുമായിരുന്നു.ഞാന്‍ അവര്‍ക്കിടയില്‍ നിലനില്‍പ്പിന് വേണ്ടി കഷ്ടപെടുകയായിരുന്നു. ശേരിഫോ മറ്റുള്ളവരോ എത്താന്‍ താമസിക്കുന്ന ചില ദിവസങ്ങളില്‍ ഞാനും മന്‍സൂറും നേരത്തെ ഗ്രൗണ്ടില്‍ എത്തും.വീട്ടിലെ എമിഗ്രഷനും,കസ്റ്റംസും,സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് ഷെരിഫ് എത്താന്‍ ഒരുപാടു സമയം കഴിയുമായിരുന്നു.അത്തരം ദിവസങ്ങളില്‍ ഞാനും മന്‍സൂറും സിംഗ്ല്‍സ് കളിക്കുമായിരുന്നു.ആദ്യമാദ്യം മന്‍സൂറിനോടൊപ്പം ഒറ്റയ്ക്ക് കളിക്കാന്‍ എനിക്ക് നല്ല താല്‍പര്യമായിരുന്നു.പക്ഷെ മന്‍സൂര്‍ എന്നെ നിലത്ത് നിര്‍ത്താതെ കോര്‍ട്ടിനു ചുറ്റും വട്ടം കറക്കാന്‍ തുടങ്ങിയപ്പോള്‍ സിന്ഗ്ല്‍സ് പരിപാടി പടിപടിയായി ഞാന്‍ നിര്‍ത്തി.മന്‍സൂറും ഞാന്‍ ഷേട്ടില്‍ കോര്‍ട്ടില്‍ ഒറ്റയ്ക്ക് ആവുന്ന അവസരങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതും ഞാന്‍ മനപ്പൂര്‍വ്വം ഞാന്‍ ശ്രദ്ധിച്ചു.

ചന്ദ്രഗിരി സ്കൂള്‍ ഗ്രൗണ്ടിലെ അതിമാനോഹരമായൊരു സായാഹ്നം.ക്രിക്കറ്റും,ഫുട്ബോള്‍ മറ്റുക്കളികളുമാല്‍ ഗ്രൗണ്ട് സജീവമായിരിക്കുന്നു.മനസിനകത്ത്‌ വല്ലാത്തൊരു ഫീലിംഗ്സ് നല്‍കുന്ന അന്തരീക്ഷം.കുട്ടിക്കാലത്തെ ആ സയാഹ്നങ്ങള്‍ക്ക് എന്തൊരു മനോഹരതയായിരുന്നു.പതിവ് പോലെ ഷേട്ടില്‍ കളിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ ഷെരിഫ് സ്വകാര്യമായി എന്നോട് പറഞ്ഞു."ഇവനെ അങ്ങനെ വിട്ടാല്‍ ശരിയാവില്ലല്ലോ?"
"ആരെ?"
"മന്‍സൂറിനെ"
"അവനെന്തു പറ്റി?"
"അവനെത്ര ദിവസമായി പാട്ടുപാടി കളിച്ച് നമ്മളെ ഒരുമാതിരി ആക്കികൊണ്ട് ഷൈന്‍ ചെയ്യുന്നു.നമ്മുക്കും തിരിച്ചു എന്തെങ്കിലും നമ്പര്‍ ഇറക്കെണ്ടേ?"
വേണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നെങ്കിലും അത് എങ്ങനെ വേണമെന്നതിനു ഒരു രൂപ്പവും ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ മിണ്ടാതിരുന്നു.

പിറ്റേന്ന് രാവിലെ ഷെരീഫിനെ മേല്‍പ്പറമ്പില്‍ വെച്ച് കണ്ടപ്പോള്‍ അതീവ ഗൗരവത്തോടെ അവന്‍ പറഞ്ഞു."സംഭവം റെഡി ആയിട്ടുണ്ട്‌." "
ഈ പൊട്ടന്‍ എന്ത് പണിയാണ് ഒപ്പിച്ചിരിക്കുന്നതെന്നോര്‍ത്ത് ഞാന്‍ ചോദിച്ചു"എന്താണ് ,കേള്‍ക്കട്ടെ?"
"അതൊക്കെ രാത്രി,അപ്പൊ രാത്രി കാണാം "എന്നും പറഞ്ഞു അവന്‍ തിടുക്കത്തില്‍ നടന്നകന്നു.
എനിക്കെത്ര ആലോചിച്ചിട്ടും ഒന്നും പിടുത്തം കിട്ടിയില്ല.ഇവന്‍ ഇത്ര പെട്ടെന്ന് ഹിന്ദി പഠിച്ചോ?എന്നിട്ട് തര്‍ജുമ ചെയ്യാനും പറ്റിയോ?ഇവന്‍ ഒരു സംഭവം തന്നെയാണല്ലോ?എന്നാലും എവിടെയോ.........എങ്ങനെ ഇവന്‍ ഇത് ഒപ്പിച്ചു?ഒന്നും മനസിലാകുന്നില്ല,നേരമിരുട്ടാന്‍ കാത്തിരുന്നേ മതിയാകൂ.....

ചന്ദ്രഗിരി സ്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരത്തെ കളികള്‍ അവസാനിച്ചു.തെങ്ങിന്‍ തോപ്പുകള്‍ക്കപ്പുറം അറബിക്കടലില്‍ ചുട്ടുപഴുത്തു ചുവന്ന സൂര്യന്‍ അസ്തമിച്ചു കൊണ്ടേയിരിക്കുന്നു.കളിക്കഴിഞ്ഞു ഗ്രൗണ്ടില്‍ നിന്നും ഓരോരുത്തരായി പോയിക്കൊണ്ടിരിക്കുന്നു.ഗ്രൗണ്ട് വിജനമായി കൊണ്ടിരിക്കെ പക്ഷികള്‍ മരച്ചില്ലകളില്‍ കൂടണഞ്ഞു കൊണ്ടിരിക്കുന്നു.മഗരിബ് നിസ്ക്കാരവും നിര്‍വഹിച്ച് ,ഞങ്ങളും പതിവ് പോലെ ഞങ്ങളും പീടികത്തിണ്ണയിലെ ഇരുട്ടിലേക്ക് മറഞ്ഞു.

എന്‍റെ മനസ്സില്‍ സന്തോഷം അലത്തല്ലുകയായിരുന്നു.ഇന്നത്തോടെ മന്‍സൂറിന്റെ വണ്‍മാന്‍ ഷോ അവസാനിക്കുമല്ലോ.പക്ഷെ അതിനെക്കാളും വലിയൊരു ആശങ്കയും മനസിലുണ്ടായിരുന്നു.ഇന്ന് മുതല്‍ രണ്ടെണ്ണത്തിനെ ഞാന്‍ ഒറ്റയ്ക്ക് സഹിക്കേണ്ടി വരുമോ എന്ന ഭീതിയും ആധിയും.കുറച്ചു  കഴിഞ്ഞപ്പോള്‍ മന്‍സൂര്‍ തുടങ്ങി.നല്ലൊരു പ്രണയഗാനം മലയാളത്തില്‍ കേട്ടപ്പോള്‍ മനസ്സില്‍ നാനാ വര്‍ണ്ണങ്ങളിലുള്ള പുഷ്പ്പങ്ങള്‍ പൂത്തുവിടര്‍ന്നു.അങ്ങനെ മന്‍സൂറിന്റെ പ്രണയഗാനം പുരോഗിമിക്കവേ ഷെരീഫ്‌ ചാടിയെണീറ്റ്    പറഞ്ഞു."ഞാനും ഒരു പാട്ട് തര്‍ജുമ ചെയ്തിട്ടുണ്ട്".അത് കേട്ടപ്പോ തന്നെ മന്‍സൂര്‍ ചിരിക്കാന്‍ തുടങ്ങി.നീയാ...ഒയ്ക്കോ പോപ്പാ......എന്ന മട്ടില്‍ എന്നെ നോക്കി പൊട്ടിച്ചിരിച്ചു.എന്‍റെ മനസ് ശേരീഫിനോടോപ്പമായിരുന്നു.മന്‍സൂറിനെ തറപറ്റിക്കാന്‍ വന്ന ഷെരീഫില്‍ എനിക്ക് അഭിമാനം തോന്നി.ഇവന്‍ ഇപ്പോള്‍ എന്തെങ്കിലും ചെയ്യും,അങ്ങനെ മന്‍സൂറിന്റെ പണിക്കഴിഞ്ഞു കിട്ടും.ഇവിടെയെങ്കിലും മന്‍സൂര്‍ ഒന്ന് തോറ്റു കാണാമല്ലോ.ശേരീഫെ,നീ ആളു പുലിയാണ്,ഇത്രപെട്ടെന്നു ഇതൊക്കെ ഒപ്പിചെടുത്തല്ലോ,നീ ധൈര്യമായി മുന്നോട്ടു പോയിക്കൊള്ളൂ .....ഞാന്‍ മനസ്സില്‍ ഷെരീഫിന് ആശംസകള്‍ നേര്‍ന്നു.ആകാംഷയുടെ നിമിഷങ്ങള്‍ കഴിഞ്ഞു.ഷെരീഫ്‌ ഗാനം തര്‍ജുമ ചെയ്തു ഞങ്ങളെ പാടി കേള്‍പ്പിച്ചു.പാടിക്കഴിഞ്ഞതും പൊട്ടി,പൊട്ടി ചിരിക്കാന്‍ തുടങ്ങി.പൊട്ടിച്ചിരിച്ചു കൊണ്ട് മന്‍സൂറിനോടൊപ്പം ചേരണോ,കൈയടിച്ചു കൊണ്ട് ശേരീഫിനോടൊപ്പം ചേരണോ എന്നറിയാതെ ഞാന്‍ ത്രിശങ്കുവില്‍ നിന്നു.എന്നാലും എന്‍റെ ശേരീഫെ,നീ എന്‍റെ പ്രതീക്ഷിക്കും ഒരുപാട് അപുറം പോയിരിക്കുന്നു.മനസൂരിനെയും കടത്തിവെട്ടി ഉന്നതങ്ങളിലേക്ക് പോയിരിക്കുന്നു.മന്‍സൂര്‍ ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജുമ ചെയ്തിരുന്നപ്പോള്‍ നീ മലയാളത്തില്‍ നിന്നും കന്നടയിലെക്ക് തര്‍ജുമ ചെയ്തു ഞങ്ങളെ ഞെട്ടിചിരിക്കുന്നു.ഷെരീഫ്‌ തര്‍ജുമ ചെയ്ത ഗാനവും യഥാര്‍ത്ഥ ഗാനവും താഴെ കൊടുക്കുന്നു.

"യാരു നീ ,ഏനുടുഗി,
യെസറൂ ഹേളിതനു,
യെസറില്ല,ഊരില്ല,
നീ നമ്മെ നോടുബേടാ"

"ആര് നീ എന്‍ മകളെ 
പേര് ചെല്ലാമോ........





3 comments:

  1. ഹഹ കന്നഡ തര്‍ജമ ചെയ്യാന്‍ ഓണ്‍ എളുപ്പം പറ്റി അല്ലെ ...

    ReplyDelete
  2. നന്നായിട്ടുണ്ട്. നല്ല എഴുത്ത്. അഭിനന്ദനങ്ങൾ !

    ReplyDelete
  3. സൌഹൃദത്തിന് ഒരു കരുതല്‍ ആവട്ടെ ഈ പോസ്റ്റ് ..ആശംസകള്‍

    ReplyDelete

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....