Friday, December 18, 2015

ഇവള്‍ അഫ്രാഹ് .
ഇവള്‍ അഫ്രാഹ് .ഇവളോടുള്ള പ്രകടിപ്പിച്ചു മതിയാകാതെ വരുമ്പോള്‍ അപ്പുടു ,ജംബുടു ,അംബുടു എന്നൊക്കെ ഞാന്‍ വിളിക്കും.ഇത് എന്റെ പ്രിയപ്പെട്ട മകള്‍ അഫ്രാഹ് .കല്യാണം കഴിഞ്ഞ നാള്‍ മുതലേ എന്റെ വലിയൊരു ആഗ്രഹമായിരുന്നു ഒരു മകള്‍ വേണം എന്നത്.പെണ്‍കുട്ടികള്‍ക്കാണ് ഉപ്പാനോട് ഏറ്റവും സ്നേഹം എന്ന് പലരില്‍നിന്നും കേട്ടറിഞ്ഞതായിരുന്നു അതിനു കാരണം.കുടുംബത്തില്‍ പെണ്‍കുട്ടികള്‍ പൊതുവേ കുറവായിരുന്നതിനാല്‍ ആദ്യത്തെ രണ്ടും ആണ്‍കുട്ടികളായപ്പോള്‍ മനസ്സില്‍ നേരിയൊരു ആശങ്ക ഉണ്ടായെങ്കിലും അടുത്ത പ്രാവിശ്യം ഒരു പെണ്‍കുട്ടിയെ തന്നു അള്ളാഹു അനുഗ്രഹിച്ചു .അല്‍ഹംദുലില്ലാഹ്....
കേട്ടറിഞ്ഞ കാര്യങ്ങളെല്ലാം നേരായിരുന്നു .ഒരു മകളില്‍ നിന്നുമുള്ള സ്നേഹം ഞാന്‍ വേണ്ടുവോളം അനുഭവിക്കുന്നു.ഞാന്‍ കൊഞ്ചിച്ച് വഷളാക്കിയത് (ഭാര്യയുടെ കമ്മന്റ്) കാരണം ഞാന്‍ പറഞ്ഞാല്‍ അവള്‍ ഒന്നും അനുസരിക്കില്ല.ഞങ്ങള്‍ തമ്മില്‍ ഒരു ദിവസം തുടങ്ങുന്നത് തന്നെ ''കട്ടി'' യോടെ ആയിരിക്കും.ഇണക്കവും പിണക്കവും അവള്‍ക്ക് ദോസ്തിയും കട്ടിയുമാണ് .ഉറക്കമുണര്‍ന്ന് എന്നെ ആദ്യം കാണുമ്പോള്‍ തന്നെ അവള്‍ പറയുക "കട്ടി വിത്ത്‌ യു " എന്നായിരിക്കും.ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള തല്ലുകൂടലും ഞങ്ങള്‍ക്ക്‌ ഒരിക്കലും ഒഴിവാക്കാന്‍ പറ്റില്ല.
പലപ്പോഴും ഞാന്‍ ആലോചിച്ചു നോക്കും നമ്മള്‍ മക്കളെ ഇങ്ങനെ സ്നേഹിച്ചിട്ട് എന്നെങ്കിലും ഈ സ്നേഹമൊക്കെ തിരിച്ചറിഞ്ഞ് അതിന്റെ നന്ദി , സംരക്ഷണത്തിന്റെ കരുതല്‍ ഇതൊക്കെ ഇവര്‍ നമ്മുക്ക് തിരിച്ചു നല്‍കുമോ എന്ന്.അപ്പോള്‍ മുമ്പില്‍ തെളിഞ്ഞു വരുന്നത് എന്റെ മാതാപിതാക്കളുടെ മുഖമായിരിക്കും .ഇവരെ ഞാന്‍ എത്രമാത്രം ''കെയര്‍ '' ചെയ്യുന്നുണ്ട് .ഇല്ല ,അവര്‍ അര്‍ഹിക്കുന്നതിന്റെ ചെറിയൊരു അംശംപോലും നല്‍കാന്‍ എനിക്കാവുന്നില്ല .അവരുടെ അരികത്തിരുന്നു അവരുടെ വിശേഷങ്ങള്‍ അറിയാന്‍ മെനക്കെടാറില്ല .ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ അവരുടെ ആവിശ്യങ്ങള്‍ ചോദിച്ചറിയാനോ കണ്ടറിഞ്ഞു ചെയ്യാനോ നമ്മുക്കാവുന്നില്ല.അപ്പോള്‍ എന്റെ മക്കളില്‍ നിന്നും ഞാന്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് നീതിക്കേടല്ലേ .സല്‍സ്വഭാവികളായ മക്കള്‍ ഉണ്ടാവുക എന്നത് തന്നെ വലിയൊരു സൗഭാഗ്യമാണ് .നാടിനും വീടിനും ദീനിനും നല്ലത് ചെയ്യുന്നവരായിരിക്കണമെന്നതാണ് പ്രാര്‍ത്ഥന

പാവം പ്രവാസി.....


--------------------------
വീട് കാക്കെണ്ടവന്‍ പ്രവാസി
നാട് നോക്കെണ്ടവന്‍ പ്രവാസി ,
ദുരിതത്തിലും , ദുരന്തത്തിലും സഹായങ്ങളുമായി ഓടി എത്തേണ്ടവന്‍ പ്രവാസി ,
അവന്‍ ഒരു പെപ്സി കൂടുതല്‍ കുടിച്ചു പോയാല്‍ ധൂര്‍ത്ത്,
ഒരല്പ സമയം ഒന്നിച്ചു കൂടിയിരുന്നുപ്പോയാല്‍ പാഴാക്കി കളയുന്ന സമയത്തിന്റെ കണക്കെടുപ്പ്
കൂട്ടുക്കാരെയൊക്കെ ഒന്നിച്ചു കണ്ട സന്തോഷത്തില്‍ ഒന്നുറക്കെ സംസാരിച്ചു പോയാല്‍ ,ചിരിച്ചു പോയാല്‍ അഹങ്കാരം , അല്ലാഹുവിനെ മറന്ന കളി.

പുറമേ ഉള്ളവരല്ല ,

മടുത്തു ,ഇനിയെങ്കിലും മതിയാക്കൂ ......

നാട്ടില്‍ കവലയില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്ന്.മത നേതാക്കളുടെ സ്റ്റേജ് കെട്ടിയുള്ള കലാപരിപാടികള്‍ പൊടിപൊടിക്കുന്നു.ഇന്ന് ഒരു വിഭാഗം സ്റ്റേജ് പ്രോഗ്രാം നടത്തിയാല്‍ അതിനു മറുപടി കൊടുക്കുവാന്‍ പിറ്റേന്ന് മറുഭാഗം സ്റ്റേജ് കെട്ടും.അതിന്റെ പിറ്റേന്ന് മറ്റൊരു വിഭാഗം.സഭ്യതയുടെയും മര്യാദയുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ചു നേതാക്കള്‍ സ്റ്റേജുകളില്‍ നിറഞ്ഞാടുമ്പോള്‍ മനുഷ്യ കുലത്തിനാകമാനം മാര്‍ഗദര്‍ശനവുമായി വന്ന ഒരു ആദര്‍ശത്തിന്റെ  അനുയായികളാണോ  ഇവരെന്ന് ഒരു അവിശ്വാസി പോലും ചിന്തിച്ചു മൂക്കത്ത്‌ വിരല്‍ വെച്ചാല്‍ നമ്മള്‍ ലജ്ജിച്ചു തലത്താഴ്ത്തുകയെ നിര്‍വ്വാഹമുള്ളൂ.അഞ്ച് നേരവും നിസ്കരിക്കുകയും റംസാനില്‍ കൃത്യമായി നോമ്പനുഷ്ടിക്കുകയും പ്രസക്തവും അപ്രസക്തവുമായ ഒരു സാധാരണ വിശ്വാസി ചെയ്യാത്ത ഇബാദത്തുകള്‍ മുടക്കമില്ലാതെ നിര്‍വ്വഹിക്കുന്ന ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പാണ്ഡിത്യം ഉള്ളവര്‍ തന്നെയാണ് ഇതിനൊക്കെ നേതൃത്വം നല്‍കുന്നത് എന്നതാണ് ഖേദകരമായിട്ടുള്ളത്.ഇനി സോഷ്യല്‍ മീഡിയകള്‍ തുറന്നാലോ ,ഭരണിപ്പാട്ടിനെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റര്‍ യുദ്ധമാണ് എങ്ങും.ശത്രുവിനോട് പോലും മാന്യമായി പെരുമാറാന്‍ പഠിപ്പിച്ച ഒരു പ്രവാചകന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് ഇത്രമാത്രം അധപതിച്ചു പോകാന്‍ കഴിയുന്നു എന്നോര്‍ത്ത് അന്താളിച്ചു പോകുന്നു.മനസിനെ മുറിവേല്‍പ്പിക്കുന്നതും വിദ്വേഷം വളര്‍ത്തുന്നതുമായ  ഇത്തരം പോസ്റ്ററുകള്‍ ഉണ്ടാക്കുന്ന സമയം  വേറെ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

സമീറിന്റെ വിസ്മയ ലോകത്തേക്ക് സ്വാഗതം


                                                     ============================

മേല്‍പ്പറമ്പ് നയാ ബാസറിലെ അനാര്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സിയാ പെറ്റ് വേള്‍ഡിലേക്ക് സ്വാഗതം.വര്‍ണ്ണ മത്സ്യങ്ങളുടെയും കൗതുകം തോന്നിക്കുന്ന വളര്‍ത്തു മൃഗങ്ങളുടെയും ഈ വിസ്മയ ലോകത്ത് നിങ്ങള്‍ എത്തിപ്പെട്ടാല്‍ അവയില്‍ ചിലതൊക്കെ സ്വന്തമാക്കാന്‍ കൊതിക്കാതിരിക്കില്ല.ഒരു പെറ്റ് ഷോപ്പ് ,അതും നമ്മുടെ നാട്ടില്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്.പക്ഷെ കൈനോത്ത് മുഹമ്മദിന്റെ മകന്‍ സമീറിന്റെ ഈ വിസ്മയ ലോകത്ത്‌ എത്തിയാല്‍ നമ്മുടെ സംശയങ്ങളെല്ലാം മാറി കിട്ടും.ഇത് വെറും തട്ടിക്കൂട്ടലല്ല .ലോകത്ത്‌ പറയപ്പെട്ട പല അലങ്കാര മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്.പ്രത്യേകതകള്‍ ഏറെയുള്ള മുയലുകളും പ്രാവുകളും കോഴികളുമൊക്കെ നമ്മുക്ക് കൗതുകം നല്‍കുന്നു.