Friday, December 18, 2015

ഇവള്‍ അഫ്രാഹ് .




ഇവള്‍ അഫ്രാഹ് .ഇവളോടുള്ള പ്രകടിപ്പിച്ചു മതിയാകാതെ വരുമ്പോള്‍ അപ്പുടു ,ജംബുടു ,അംബുടു എന്നൊക്കെ ഞാന്‍ വിളിക്കും.ഇത് എന്റെ പ്രിയപ്പെട്ട മകള്‍ അഫ്രാഹ് .കല്യാണം കഴിഞ്ഞ നാള്‍ മുതലേ എന്റെ വലിയൊരു ആഗ്രഹമായിരുന്നു ഒരു മകള്‍ വേണം എന്നത്.പെണ്‍കുട്ടികള്‍ക്കാണ് ഉപ്പാനോട് ഏറ്റവും സ്നേഹം എന്ന് പലരില്‍നിന്നും കേട്ടറിഞ്ഞതായിരുന്നു അതിനു കാരണം.കുടുംബത്തില്‍ പെണ്‍കുട്ടികള്‍ പൊതുവേ കുറവായിരുന്നതിനാല്‍ ആദ്യത്തെ രണ്ടും ആണ്‍കുട്ടികളായപ്പോള്‍ മനസ്സില്‍ നേരിയൊരു ആശങ്ക ഉണ്ടായെങ്കിലും അടുത്ത പ്രാവിശ്യം ഒരു പെണ്‍കുട്ടിയെ തന്നു അള്ളാഹു അനുഗ്രഹിച്ചു .അല്‍ഹംദുലില്ലാഹ്....
കേട്ടറിഞ്ഞ കാര്യങ്ങളെല്ലാം നേരായിരുന്നു .ഒരു മകളില്‍ നിന്നുമുള്ള സ്നേഹം ഞാന്‍ വേണ്ടുവോളം അനുഭവിക്കുന്നു.ഞാന്‍ കൊഞ്ചിച്ച് വഷളാക്കിയത് (ഭാര്യയുടെ കമ്മന്റ്) കാരണം ഞാന്‍ പറഞ്ഞാല്‍ അവള്‍ ഒന്നും അനുസരിക്കില്ല.ഞങ്ങള്‍ തമ്മില്‍ ഒരു ദിവസം തുടങ്ങുന്നത് തന്നെ ''കട്ടി'' യോടെ ആയിരിക്കും.ഇണക്കവും പിണക്കവും അവള്‍ക്ക് ദോസ്തിയും കട്ടിയുമാണ് .ഉറക്കമുണര്‍ന്ന് എന്നെ ആദ്യം കാണുമ്പോള്‍ തന്നെ അവള്‍ പറയുക "കട്ടി വിത്ത്‌ യു " എന്നായിരിക്കും.ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള തല്ലുകൂടലും ഞങ്ങള്‍ക്ക്‌ ഒരിക്കലും ഒഴിവാക്കാന്‍ പറ്റില്ല.
പലപ്പോഴും ഞാന്‍ ആലോചിച്ചു നോക്കും നമ്മള്‍ മക്കളെ ഇങ്ങനെ സ്നേഹിച്ചിട്ട് എന്നെങ്കിലും ഈ സ്നേഹമൊക്കെ തിരിച്ചറിഞ്ഞ് അതിന്റെ നന്ദി , സംരക്ഷണത്തിന്റെ കരുതല്‍ ഇതൊക്കെ ഇവര്‍ നമ്മുക്ക് തിരിച്ചു നല്‍കുമോ എന്ന്.അപ്പോള്‍ മുമ്പില്‍ തെളിഞ്ഞു വരുന്നത് എന്റെ മാതാപിതാക്കളുടെ മുഖമായിരിക്കും .ഇവരെ ഞാന്‍ എത്രമാത്രം ''കെയര്‍ '' ചെയ്യുന്നുണ്ട് .ഇല്ല ,അവര്‍ അര്‍ഹിക്കുന്നതിന്റെ ചെറിയൊരു അംശംപോലും നല്‍കാന്‍ എനിക്കാവുന്നില്ല .അവരുടെ അരികത്തിരുന്നു അവരുടെ വിശേഷങ്ങള്‍ അറിയാന്‍ മെനക്കെടാറില്ല .ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ അവരുടെ ആവിശ്യങ്ങള്‍ ചോദിച്ചറിയാനോ കണ്ടറിഞ്ഞു ചെയ്യാനോ നമ്മുക്കാവുന്നില്ല.അപ്പോള്‍ എന്റെ മക്കളില്‍ നിന്നും ഞാന്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് നീതിക്കേടല്ലേ .സല്‍സ്വഭാവികളായ മക്കള്‍ ഉണ്ടാവുക എന്നത് തന്നെ വലിയൊരു സൗഭാഗ്യമാണ് .നാടിനും വീടിനും ദീനിനും നല്ലത് ചെയ്യുന്നവരായിരിക്കണമെന്നതാണ് പ്രാര്‍ത്ഥന

No comments:

Post a Comment

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....