Friday, December 18, 2015

മടുത്തു ,ഇനിയെങ്കിലും മതിയാക്കൂ ......

നാട്ടില്‍ കവലയില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്ന്.മത നേതാക്കളുടെ സ്റ്റേജ് കെട്ടിയുള്ള കലാപരിപാടികള്‍ പൊടിപൊടിക്കുന്നു.ഇന്ന് ഒരു വിഭാഗം സ്റ്റേജ് പ്രോഗ്രാം നടത്തിയാല്‍ അതിനു മറുപടി കൊടുക്കുവാന്‍ പിറ്റേന്ന് മറുഭാഗം സ്റ്റേജ് കെട്ടും.അതിന്റെ പിറ്റേന്ന് മറ്റൊരു വിഭാഗം.സഭ്യതയുടെയും മര്യാദയുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ചു നേതാക്കള്‍ സ്റ്റേജുകളില്‍ നിറഞ്ഞാടുമ്പോള്‍ മനുഷ്യ കുലത്തിനാകമാനം മാര്‍ഗദര്‍ശനവുമായി വന്ന ഒരു ആദര്‍ശത്തിന്റെ  അനുയായികളാണോ  ഇവരെന്ന് ഒരു അവിശ്വാസി പോലും ചിന്തിച്ചു മൂക്കത്ത്‌ വിരല്‍ വെച്ചാല്‍ നമ്മള്‍ ലജ്ജിച്ചു തലത്താഴ്ത്തുകയെ നിര്‍വ്വാഹമുള്ളൂ.അഞ്ച് നേരവും നിസ്കരിക്കുകയും റംസാനില്‍ കൃത്യമായി നോമ്പനുഷ്ടിക്കുകയും പ്രസക്തവും അപ്രസക്തവുമായ ഒരു സാധാരണ വിശ്വാസി ചെയ്യാത്ത ഇബാദത്തുകള്‍ മുടക്കമില്ലാതെ നിര്‍വ്വഹിക്കുന്ന ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പാണ്ഡിത്യം ഉള്ളവര്‍ തന്നെയാണ് ഇതിനൊക്കെ നേതൃത്വം നല്‍കുന്നത് എന്നതാണ് ഖേദകരമായിട്ടുള്ളത്.ഇനി സോഷ്യല്‍ മീഡിയകള്‍ തുറന്നാലോ ,ഭരണിപ്പാട്ടിനെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റര്‍ യുദ്ധമാണ് എങ്ങും.ശത്രുവിനോട് പോലും മാന്യമായി പെരുമാറാന്‍ പഠിപ്പിച്ച ഒരു പ്രവാചകന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് ഇത്രമാത്രം അധപതിച്ചു പോകാന്‍ കഴിയുന്നു എന്നോര്‍ത്ത് അന്താളിച്ചു പോകുന്നു.മനസിനെ മുറിവേല്‍പ്പിക്കുന്നതും വിദ്വേഷം വളര്‍ത്തുന്നതുമായ  ഇത്തരം പോസ്റ്ററുകള്‍ ഉണ്ടാക്കുന്ന സമയം  വേറെ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.
ഈ പോര്‍ വിളികളെ കുറിച്ചും കവല പ്രസംഗത്തെ കുറിച്ചും ഇവരോട്‌ ചോദിച്ചാല്‍ ഇവര്‍ പറയും ,തെറ്റ് കണ്ടാല്‍ തിരുത്തി കൊടുക്കാതിരിക്കാന്‍ കഴിയില്ല എന്ന്.എന്നിട്ട് ഇവിടെ ആരെങ്കിലും തെറ്റ് തിരുത്തിയതായി ആര്‍ക്കും ഒരറിവുമില്ല.ഇവര്‍ സ്വയം തെറ്റിന്റെ പുതിയ പുതിയ പടുക്കുഴികളിലെക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയാനാവുന്നില്ല.എങ്ങോ കിടന്ന മുടി ഇവിടെ കൊണ്ട് വന്നു വെള്ളത്തിലിട്ട് കുടിച്ചില്ല എന്ന കാരണത്താലോ ,അത് സൂക്ഷിച്ചു വെക്കാന്‍ വേണ്ടി പള്ളി പണിതില്ല എന്ന കാരണത്താലോ  ആരും അന്ത്യനാളില്‍ വിചാരണ ചെയ്യപ്പെടാനോ ,ആ കുറ്റത്തിന് നരക ശിക്ഷയ്ക്ക് പാത്രമാകാനോ പോകുന്നില്ല.പിന്നെയെന്തിന് ഈ കോലാഹലം?.അത് വ്യജമുടിയാണെന്ന് വിശ്വസിക്കുന്നവര്‍ ഒന്നോ രണ്ടോ പ്രാവിശ്യംകാര്യം  പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിക്കാം എന്നല്ലാതെ ,എതിരാളികളെ സത്യാവസ്ഥ ബോധ്യപ്പെടുത്തുക എന്നതിലുപ്പരി അവരെ അപമാനിക്കാന്‍ വീണു കിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നത് ഇസ്ലാമിന്റെ ധാര്‍മികതയ്ക്ക് യോജിച്ചതല്ല.എല്ലാവരെയും എല്ലാ കാര്യവും പറഞ്ഞു ബോധ്യപ്പെടുത്തി കൊടുക്കാന്‍ കഴിയില്ല.എത്ര തെളിവുകള്‍ നല്‍കിയാലും സത്യം മനസിലാക്കാന്‍ കൂട്ടാക്കത്തവരോട്  അല്ലെങ്കില്‍ തെറ്റുകളില്‍ നിന്നും പരമാവധി മാറിനില്‍ക്കാന്‍ തയ്യാറാകാവത്തവരെ വിടാതെ പിന്തുടരുന്നതില്‍ വേറെ എന്തെക്കൊയോ ദുരുദ്ദേശമാണ് ഉള്ളത്.അപമാനിക്കലും കുത്തി നോവിക്കലും ഏറ്റവും വെറുക്കപ്പെട്ട സംഭവമാണ്.നിങ്ങള്‍ നല്ലതെന്നു കരുതി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ഒരുപ്പാട് തിന്മകള്‍ ഉണ്ടെന്നു മനസിലാക്കുക.വാദങ്ങളില്‍ ജയിക്കാനല്ല ഹൃദയങ്ങളെ ജയിക്കാനാണ് റസൂല്‍ (സ അ)ശ്രദ്ധിച്ചത്.

സംവാദങ്ങളിലും എതിരഭിപ്രായങ്ങളിലും നമ്മുക്ക് ഇമാം ഷാഫിഇയെ മാതൃകയാക്കാം.ഇമാം ഷാഫിഇ യുടെ ശിഷ്യന്‍ മുസനി ഓര്‍ക്കുന്നു.''ഹദീസിന്റെ റാവിമാരില്‍ ഒരാളെ കുറിച്ച് 'കള്ളനാണയങ്ങള്‍ ' എന്ന് ഞാന്‍ പറഞ്ഞത്‌ ഷാഫിഇ കേള്‍ക്കാനിടയായി.ശഫീഇ എന്നെ തിരുത്തി കൊണ്ട് പറഞ്ഞു:അബു ഇബ്രാഹിം !നിങ്ങളുടെ വാക്കുകളെ വസ്ത്രം ധരിപ്പിക്കൂ.മനോഹരമായി അവതരിപ്പിക്കൂ.അയാള്‍ കള്ളനാണ് എന്നല്ല നിങ്ങള്‍ പറയേണ്ടത്‌ ,അയാളുടെ ഹദീസ്‌ ശരിയല്ല,അത് കൊള്ളില്ല എന്നേ പറയേണ്ടൂ.ഫലം ഒന്ന് തന്നയല്ലേ.''

പ്രസംഗങ്ങളിലും പോസ്റ്ററുകളിലും എതിരാളികളെ മാന്യമായും മാതൃകാപരമായും നമ്മള്‍ സമീപ്പിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.ആദര്‍ശ സമൂഹം എന്ന വിശേഷണം വാക്കുകളില്‍ മാത്രം പോര.പ്രവര്‍ത്തികളിലും വേണം.സംഘടനാപ്പരമായ ചെറിയ ചെറിയ വിയോജിപ്പുകള്‍ക്കുമപ്പുറം സമുദായത്തില്‍ നീറുന്ന ഒരുപ്പാട് പ്രശ്നങ്ങള്‍ ഉണ്ട്.അതൊക്കെ പരിഹരിക്കാന്‍ വേണ്ടി  ഭിന്നമായ അഭിപ്രായങ്ങള്‍ മാറ്റി വെച്ച്  ഒരു ഐക്യപ്പെടലിന്റെ സാധ്യതയെ കുറിച്ച് നമ്മള്‍ ആലോചിക്കണം.