Monday, February 07, 2011

അബ്ബന്‍റെ അബദ്ധങ്ങള്‍......


              ഴുപ്പതുകളിലെ മേല്‍പ്പറമ്പ് .സുന്ദരമായൊരു കൊച്ചു ഗ്രാമം.വികസനം എത്തി നോക്കിയിട്ടില്ലാത്ത മേല്‍പ്പറമ്പില്‍ ഒരു കൊച്ചു പള്ളിയും പള്ളിയോടു അനുബന്ധിച്ച് രണ്ടു നില കൊണ്ഗ്രീറ്റ്‌ കെട്ടിടവും പിന്നെയൊരു മദ്രസാ കെട്ടിടവും പള്ളിക്ക് നേരെ മുമ്പിലായി ഒരു എല്‍ പി സ്കൂളുമുണ്ട്.സ്കൂളിനും പള്ളിക്കും ഇടയിലൂടെ ടാറിട്ട റോഡ്‌ പോകുന്നു.പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ ബി എച്ച് അദ്ദച്ച ,ബേര്‍ക്ക് ഉമ്പൂച്ച മുതലായവര്‍ കച്ചവടം നടത്തുന്നു.ബി എച്ച് അദ്ദച്ചാന്റെ  കടയില്‍ കിട്ടാത്ത മിട്ടായി  ഉണ്ടാവില്ല.ഓരോ മിട്ടായിക്കും അദ്ദച്ചാന്റെ  വക ഇരട്ട പേര്‍ ഉണ്ടാവും.കടിച്ചാല്‍ പൊട്ടാത്ത മിട്ടായി,ചിരിക്കുന്ന മിട്ടായി,പത്തു പൈസക്ക്‌ പത്തു മിട്ടായി ഇങ്ങനെ പോന്നു ആ പേരുകള്‍....കുറച്ചപ്പുറമായിട്ടു ചിതലരിക്കുന്ന നോട്ടു പുസ്തകങ്ങളുമായി കെട്ടിയാരന്റെ സ്റ്റേഷണറി കട കാണാം.അതിനടുത്ത്‌  മറ്റൊരു കെട്ടിടത്തില്‍ ഫാക്ടം പോസ് വളം ഡിപ്പോ.
പിന്നെ ജമീല അദ്ദിന്‍ച്ചാന്റെ  ടക്ഷ്ടൈല് കട.അതിന്‍റെ മുമ്പിലായി മമ്മന്ച്ചാന്റെ  കഫ്റ്റെരിയ.കഫ്റ്റെരിയിലെ ബെന്ച്ചിലിരുന്നാല്‍ ബെഞ്ച് മൂളിപ്പാട്ട് പാടാന്‍ തുടങ്ങും.ആ മൂളിപ്പാട്ടിന്‍റെ താളത്തില്‍ നാട്ടുക്കാര്‍ ചായ കുടിച്ചു പോന്നിരുന്നു.അവിടത്തെ ബോണ്ട അക്കാലത്ത് റൊമ്പ പ്രമാദമായിരുന്നു.അതിന്റെയപ്പുറം സി. ബി അംബാച്ചാന്റെ  അനാദി കടയുണ്ട്.സി. ബി അംബാച്ചാനെ പറ്റി ഒരു കഥയുണ്ട്.പറഞ്ഞു കേട്ടതാണ്.എങ്കിലും പറയാം.
            മേല്‍പ്പറമ്പില്‍ ആദ്യമായി ഫോണ്‍ കണക്ഷന്‍ കിട്ടിയത് സി. ബി അംബാച്ചാന്റെ  കടയിലേക്കാണ്.നാട്ടുക്കാരെല്ലാം സി ബി അംബാച്ചാന്റെ  കടയില്‍ ഫോണിനു ചുറ്റും കൂടി ആ അപൂര്‍വ്വ വസ്തുവിനെ  വിസ്മയത്തോടെ  കണ്ണുകള്‍ പുറത്തേക്കു കഴിയുന്നത്ര തളിച്ചു നോക്കി കണ്ടു.ഫോണ്‍ എന്ന അപൂര്‍വ്വ വസ്തുവിനെ നാട്ടിലാദ്യമായി സ്വന്തമാക്കിയ ഗമയില്‍ അംബാച്ച,നാട്ടുക്കാരുടെ മുമ്പില്‍ വെച്ച് റിസീവര്‍ എടുത്തു ഒരു കറക്കം കറക്കി,മൊത്ത വ്യാപാര കേന്ദ്രത്തിലേക്ക്.എന്നിട്ട് ഒരു കഷ്ണം ബെല്ലം(ശര്‍ക്കര) കൈലെടുത്തു പൊക്കി കാണിച്ചു കൊണ്ട് ഒരൊറ്റ ചോദ്യം "ഹലോ ,ഈ ജ്യാതി ബെല്ലോണ്ടാ?."അതിനു ശേഷം അംബാച്ചാന്റെ അനാദിക്കടയുടെ ടാഗ് ലൈന്‍ ആയി മാറി "ഈ ജ്യാതി ബെല്ലോണ്ടാ?".
            സി.ബി  അംബാച്ചാന്റെ കടയുടെ  തൊട്ടടുത്ത്‌ ബിസ്മില്ല റെസ്റ്റോറന്റ്.പിന്നെ പോസ്റ്റ്‌ ഓഫീസ്‌,ധാന്യ മണികള്‍ പൊടിച്ചു തരുന്ന മില്‍,മുതലായവ.......തോക്കോട്ട് പോയാല്‍ വാസുവിന്റെ മുറുക്കാന്‍ കടയും സ്വാമിയുടെ (താടിയും മുടിയും വളര്‍ത്തിയ ഒര്‍ജിനല്‍ സ്വാമി അല്ല.നാട്ടുക്കാര്‍ സ്നേഹത്തോടെ വിളിക്കുന്ന സ്വാമി.യഥാര്‍ത്ഥ പേര് ഓര്‍മ്മയില്ല.)ചെറിയൊരു ചായ കടയും ഉണ്ട്.പിന്നെ കുന്നരിയത്ത് മംമ്മരിഞ്ഞിച്ചാന്റെ റേഷന്‍ കടയും ഇത്രയുമായാല്‍ മേല്‍പറമ്പ് എന്ന സുന്ദരമായ കൊച്ചു ഗ്രാമത്തിന്റെ ഏകദേശ രൂപമായി.ഇതാണോ വികസനം പൊടിക്ക് പോലും എത്തി നോക്കിയിട്ടില്ലാത്ത കുഗ്രാമെന്നു തിരിച്ചു ചോദിച്ചാല്‍,ചോദ്യങ്ങള്‍ എടുക്കുന്നതല്ല.ആദ്യമേ പറഞ്ഞേക്കാം കഥയില്‍ ചോദ്യം നോട്ട് അലൌട്.(അല്ലെങ്കില്‍ ഈ കഥ പറഞ്ഞു  തീരുമ്പോഴേക്കും നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനേ എനിക്ക്  നേരം കാണൂ.)
        മേല്‍പറമ്പിലെ അന്തേവാസികളെല്ലാം മാന്യമ്മാരും നല്ലവരും സമാധാന പ്രിയരുമായിരുന്നു.മേല്‍പറമ്പിലെ നിറ സാന്നിധ്യമായിരുന്നു അബ്ബന്‍!.എന്തിനും ഏതിനും മേല്‍പറമ്പുക്കാര്‍ക്ക് അബ്ബനെ വേണം.പ്രത്യേകിച്ച് കല്യാണ വീടുകളില്‍.കല്യാണം നിശ്ചയിച്ച അന്ന് മുതല്‍ അബ്ബന്‍ ആ വീട്ടില്‍ സജീവമായിരിക്കും .കുറ്റി മുടിയും ഉണ്ടക്കണ്ണുകളും ഉരുണ്ട മൂക്കും വലിയ വായും കറ പിടിച്ച  പല്ലുകളും സാമാന്യം വലിയ കുട വയറും നീളത്തിനൊത്ത തടിയും ഇരുണ്ട നിറവുമോക്കെ കൂടി അബ്ബനെ ശരിക്കുമൊരു അബ്ബനാക്കുന്നു.അബ്ബന്റെ പ്രധാന വിനോദമായിരുന്നു തീറ്റ.ചോറ് കുറച്ചും കൂടി ഇടട്ടെയെന്നു ചോദിച്ചാല്‍ "കുറച്ചും കൂടി പോരട്ടെ "എന്നല്ലാതെ "മതി" എന്നൊരു വാക്ക് അബ്ബാന്റെ വായില്‍ നിന്ന് വീഴില്ല.
        ന്ന് മേല്‍പറമ്പില്‍ കുരുടന്മാരായ മൂന്നു യാചകര്‍ ഉണ്ടായിരുന്നു.യു .പി സ്കൂളിന്റെ തിണയിലായിരുന്നു അവരുടെ പൊറുതി.രാവിലെ തന്നെ മൂന്നു പേരും മൂന്ന് വഴിക്ക് തെണ്ടാനിറങ്ങും.വൈകുന്നേരമായാല്‍ മൂന്നു പേരും സ്കൂള്‍ തിണയില്‍ ഒത്തു കൂടും.അന്നന്നത്തെ വിശേഷങ്ങള്‍ കൈ മാറി,തെണ്ടി കിട്ടിയ ഭക്ഷണവും കഴിച്ചു സ്കൂള്‍ തിണയില്‍ തന്നെ കിടന്നുറങ്ങും.അതായിരുന്നു പതിവ്.
          തിവ്‌ പോലെ അന്നും  മൂന്നു പേരും രാവിലെ തന്നെ  മൂന്നു വഴിക്ക് തെണ്ടാനിറങ്ങി.കീഴൂര്‍ ഭാഗത്തേക്ക്‌ തെണ്ടാനിറങ്ങിയ കുരടന്റെ കാല്‍ പാറപ്പുറത്തെക്ക് (സ്ഥല പേര്.)എത്തിയപ്പോള്‍ എന്തിലോ തട്ടി താഴെ വീഴുന്നതിനിടയില്‍ ,ളുഹര്‍  നിസ്ക്കരിക്കാന്‍ വേണ്ടി അത് വഴി പള്ളിയിലേക്ക്  വരികയായിരുന്ന  പയോട്ട  ഉമ്പൂച്ച കുരുടനെ താങ്ങി നിര്‍ത്തി.പയോട്ടയിലെ ഉമ്പൂച്ചാക്ക് അന്ന് ഒരു ആമ കാര്‍ ഉണ്ടായിരുന്നു.സി .ബി അബ്ബാചാന്റെ ഫോണ്‍ പോലെ മേല്‍പ്പറമ്പിലെ ചില മഹാ  അത്ഭുതങ്ങളില്‍ ഒന്നായിരുന്നു ആ ആമ കാര്‍.അപൂര്‍വ്വമായിട്ടേ അത് റോഡില്‍ ഇറങ്ങാറുള്ളുവെങ്കിലും റോഡില്‍ കണ്ടാല്‍ നാട്ടുക്കാര്‍ക്ക് അതൊരു കൌതുക കാഴ്ച്ച തന്നെയായിരുന്നു.
    "ആരാണ് ഈ കല്ല്‌ വഴിയില്‍ കൊണ്ടിട്ടത്?."കുരുടന്‍ ദേഷ്യത്തോടെ പിറുപിറുത്തു.ഉമ്പൂച്ച താഴേക്ക്‌ നോക്കിയപ്പോള്‍ കണ്ടത് കല്ലിനു പകരം ഒരു സ്വര്‍ണക്കട്ടിയാണ്.ഉമ്പൂച്ച ആശ്ചര്യത്തോടെ അത് കൈലെടുത്തു.വെയിലേറ്റ് സ്വര്‍ണക്കട്ടിയും സ്വര്‍ണക്കട്ടി കണ്ടു ഉമ്പൂച്ചാന്റെ കണ്ണുകളും മഞ്ഞളിച്ചു.പെട്ടെന്ന് മനസിലേക്ക് ഓടി വന്ന അതിമോഹങ്ങലെയെല്ലാം നിയന്ത്രിച്ചു കൊണ്ട് സത്യസന്ധനായ ഉമ്പൂച്ച കുരുടനോട് പറഞ്ഞു."കുരുടാ, നീ  വീഴാന്‍ പോയത് കല്ലില്‍ തട്ടിയല്ല,ഈ സ്വര്‍ണക്കട്ടിയില്‍ തട്ടിയാണ് .കണ്ണ് കൊണ്ട് ഞാനാണ് ഇത് ആദ്യം കണ്ടെതെങ്കിലും ഇതില്‍ നിനക്കും അവകാശമുണ്ട്.അത് കൊണ്ട് നമ്മുക്കിത് പകുതിയായി വീതിചെടുക്കാം."കുറച്ചു നേരം ആലോചിച്ചതിനു ശേഷം കുരുടന്‍ പറഞ്ഞു. "ശരി,സമ്മതിച്ചിരിക്കുന്നു.പക്ഷെ,ഞാന്‍ ഇതുവരെ ഒരു സ്വര്‍ണക്കട്ടിയും കൈ കൊണ്ട് തൊട്ടു നോക്കിയിട്ടില്ല.അത് ഞാനൊന്നു തൊട്ടു നോക്കിയിട്ട് നിങ്ങള്‍ക്ക്‌ ഉടനെ തന്നെ   തിരിച്ചു തരാം".മനസ്സില്‍ കളങ്കമില്ലാത്ത ഉമ്പൂച്ച സ്വര്‍ണക്കട്ടി കുരുടനെ ഏല്‍പ്പിച്ചു.സ്വര്‍ണക്കട്ടി കയ്യില്‍ കിട്ടിയതും കുരുടന്റെ ഭാവം മാറി.കുരുടന്‍ ഉറക്കെ നിലവിളിച്ചു."അയ്യോ ഓടി വരണേ...,ഇയാള്‍ എന്റെ സ്വര്‍ണക്കട്ടി പിടിച്ചു പറിക്കുന്നെ."
          ളുകള്‍ അവിടെന്നും ഇവിടെന്നുമോക്കെയായി അവര്‍ക്ക്‌ ചുറ്റും കൂടി.അപ്രതിക്ഷിതമായ കുരുടന്റെ ഭാവ  മാറ്റം കണ്ടു പയോട്ട ഉമ്പൂച്ച അമ്പരന്നു.ആള്‍ക്കാര്‍ക്ക് നടുവില്‍ വിഷമവൃത്തത്തിലായ ഉമ്പൂച്ചാനോട് ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരെക്കെയോ വിളിച്ചു പറഞ്ഞു."എന്തിനാ ഉമ്പൂച്ച ആ പാവത്തിന്റെ സ്വര്‍ണക്കട്ടി പിടിച്ചു പറിക്കുന്നെ.അത് ഹറാമല്ലേ...?"എന്ത് പറയണമെന്നറിയാതെ പരുങ്ങിയ ഉമ്പൂച്ച നാട്ടുക്കാരുടെ മുമ്പില്‍ കള്ളനായതിന്റെയും താന്‍ സത്യന്ധത കാട്ടിയിട്ടും കുരുടന്‍ തന്നോട്  ചതി ചെയ്തതിന്റെയും വിഷമത്തോടെ  നേരെ പള്ളിയിലേക്ക് നടന്നു.
            വൈകുന്നേരമായി.കുരുടന്മാര്‍ പതിവ് പോലെ സ്കൂള്‍ തിണയില്‍ ഒത്തു കൂടി.അന്നത്തെ വിശേങ്ങള്‍ പങ്കു വെയ്ക്കുന്നതിനിടയില്‍ സ്വര്‍ണക്കട്ടി കിട്ടിയ കുരുടന്‍ പറഞ്ഞു."ഇന്ന് നല്ലൊരു വിശേഷം ഉള്ള ദിവസമാണ്.വഴിയില്‍ വെച്ച് എനിക്ക് ഒരു സ്വര്‍ണക്കട്ടി കിട്ടി."
        "സ്വര്‍ണക്കട്ടിയോ?എവിടെ,ഞാനതൊന്നു തൊട്ടു നോക്കട്ടെ......"രണ്ടാമന്‍ പറഞ്ഞു.ആദ്യത്തെ കുരുടന്‍ സ്വര്‍ണക്കട്ടി രണ്ടാമനെ ഏല്‍പ്പിച്ചു.അവന്‍ അതിനെ ഒരുപ്പാട് നേരം തടവിയും തലോടിയും കൊണ്ടിരുന്നു.
        "മതി, ഇനി ഞാനൊന്നു നോക്കട്ടെ......"മൂന്നമന്‍ പറഞ്ഞു.രണ്ടാമന്‍ മൂന്നാമനെ സ്വര്‍ണക്കട്ടി ഏല്‍പ്പിച്ചു.മൂന്നാമനും അതിനെ കുറച്ചു സമയം  തലോടി നോക്കിയതിനു ശേഷം ആദ്യത്തെ കുരുടന് നേരെ നീട്ടി.ഈ സമയം മൂന്നു കുരുടന്മാരെയും നിരീക്ഷിച്ചു കൊണ്ട് ഒരാള്‍ പള്ളിയുടെ അടുത്ത് നില്‍പ്പുണ്ടായിരുന്നു.മഗരിബ് നിസ്ക്കരിക്കാന്‍ വേണ്ടി വരുമ്പോഴാണ് ,തന്നെ ചതിച്ചു കൈക്കലാക്കിയ സ്വര്‍ണക്കട്ടി കുരുടന്മാര്‍ പരസ്പരം കൈമാറി കൊണ്ടിരിക്കുന്നത് പയോട്ട  ഉമ്പൂച്ച കണ്ടത്.ഉമ്പൂച്ച അവരുടെ അടുത്തേക്ക് എത്തിയത് മൂന്നാമത്തെ കുരുടന്‍ ആദ്യത്തെ കുരുടന് സ്വര്‍ണക്കട്ടി നീട്ടുന്ന സമയത്താണ്.മൂന്നാമത്തെ കുരുടനില്‍ നിന്ന് സ്വര്‍ണക്കട്ടിയും വാങ്ങി ഉമ്പൂച്ച പള്ളിയിലേക്ക് നടന്നു.
          ഗരിബ് നമസ്ക്കാരം കഴിഞ്ഞു.പ്രപഞ്ചം മെല്ലെ ഇരുട്ടിന്റെ മൂട് പടം എടുത്തണിയാന്‍ തുടങ്ങിയിരിക്കുന്നു.സമയം ഒരുപാട് കഴിഞ്ഞിട്ടും മൂന്നാമത്തെ കുരുടന്‍ തന്റെ സ്വര്‍ണക്കട്ടി തിരിച്ചു നല്‍കാത്തതില്‍ ആദ്യത്തെ കുരുടന്‍ അസ്വസ്ഥനായി.
        "എന്റെ സ്വര്‍ണക്കട്ടി എവിടെ?നിങ്ങള്‍ എന്താണ് എനിക്കത് തിരിച്ചു നല്‍കാത്തത്.....?"
താന്‍ അത് മൂന്നാമന് കൊടുത്തിരുന്നു എന്ന് രണ്ടാമന്‍ പറഞ്ഞു.മൂന്നാമന്‍,താന്‍ അത് ഒന്നാമന് തിരിച്ചു കൊടുത്ത കാര്യം ഓര്‍മ്മിപ്പിച്ചു.ഇവരുടെ മറുപടികള്‍ കേട്ടപ്പോള്‍ ഒന്നാമന് ദേഷ്യം വന്നു.ഇവര്‍ രണ്ടു പേരും കൂടി തന്നെ ചതിക്കാന്‍ നോക്കുകയാണെന്ന് കരുതിയ ഒന്നാമന്‍ മറ്റുള്ളവരുമായി വഴക്ക് കൂടി."എനിക്കോ....?ഇത് നല്ല കഥ.എനിക്കാരും സ്വര്‍ണക്കട്ടി തിരിച്ചു തന്നിട്ടില്ല.എന്റെ സ്വര്‍ണക്കട്ടി സ്വന്തമാക്കാന്‍ വേണ്ടി നിങ്ങള്‍ കള്ളം പറയുകയാണ്‌."
          മൂവരും പരസ്പരം വാക്കേറ്റമായി.വാക്കേറ്റം മൂര്‍ചിച്ചു അതൊരു മുട്ടനടിയായി മാറി .പരസ്പരം ഉന്തുംതള്ളുമായി .ഉന്തും തള്ളിനുമിടയില്‍ ചുമരിലും പരസ്പരം തലയിടിച്ചും ചോര വാര്‍ന്ന് മൂന്നു കുരുടന്മാരും സ്കൂള്‍ വരാന്തയില്‍ മരിച്ചു വീണു.ഇരുട്ടിന്റെ മറവില്‍ ലോകം ഇതൊന്നും അറിഞ്ഞില്ല.മേല്‍പറമ്പ എന്ന കൊച്ചു ഗ്രാമം മെല്ലെ മെല്ലെ  ഉറക്കത്തിലേക്ക് വഴുതി വീണു. 
                                                                                            നേരം പാതിരായോടടുതിരിക്കുന്നു.സ്കൂളിനെ ലക്ഷ്യമാക്കി ഹെഡ് മാസ്റ്റര്‍ പീതാംബരന്‍ മാഷ്‌ വേഗത്തില്‍  നടന്നു വരികയാണ്.അമാവാശി രാത്രിയില്‍ സ്വന്തം നിഴല്‍ പോലും മാഷിനു കൂട്ടില്ല.ഉറക്കത്തിനു ഭംഗം നേരിട്ടതിന്റെ നീരിസം ആ മുഖത്തുണ്ട്.അയാള്‍ എന്തൊക്കെയോ സ്വയം പിറുപിറുക്കുന്നുമുണ്ട്.സ്കൂളിന്റെ പടവുകള്‍ ധൃതിയില്‍ നടന്നു കയറുന്നതിനിടയില്‍ പീതാബരന്‍ മാഷിന്റെ കാലില്‍ എന്തോ നനവ്‌ തട്ടി.താഴോട്ട് നോക്കിയപ്പോള്‍ കണ്ട കാഴ്ച്ചയില്‍  കഴുത്തിനെ അച്ചുതണ്ടാക്കി മാഷിന്റെ തല വട്ടത്തില്‍ കറങ്ങാന്‍ തുടങ്ങി!.അയാള്‍ വളരെ വിഷമത്തോടെ കറങ്ങുന്ന തലയില്‍ കൈ വെച്ചു.ദൈവമേ ഇതെങ്ങനെ സംഭവിച്ചു?.ഈ കൊടുംചതി ആര് ചെയ്തു?.ചോദ്യങ്ങള്‍ ഓരോന്നായി മാഷിന്റെ മനസ്സില്‍ ഫ്ലാഷായി മിന്നി മറിഞ്ഞു കൊണ്ടിരുന്നു.തളര്‍ച്ചയോടെ മാഷ്‌ ഓഫീസ്‌ റൂമിന്റെ കസേരയില്‍ അമര്‍ന്നിരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇരിക്ക പൊറുതിയില്ലാതെ അയാള്‍ എണീറ്റ് ഓഫീസ്‌ റൂമിനു ചുറ്റും ഉലാത്തുവാന്‍ തുടങ്ങി.
             രാവിലെ D O G പരിശോദനയ്ക്കായി സ്കൂളില്‍  വരുന്ന വിവരം മാഷിനു കിട്ടിയത് വളരെ വൈകിയാണ്.ചില ഫയലുകള്‍ ശരിയാക്കാന്‍ വേണ്ടിയാണ് മാഷ്‌ ഈ പാതിരാത്രിക്ക് ഓടി കിതച്ചു സ്കൂളില്‍ എത്തിയത്.സ്കൂളില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച അയാളെ ആകെ തളര്‍ത്തി കളഞ്ഞു .സ്കൂള്‍ വരാന്തയില്‍ മയ്യത്തായി കിടക്കുന്ന മൂന്നു കുരുടന്മാര്‍ മാഷിനെ വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലാക്കി.രാവിലെ D.O.G വരുമ്പോള്‍ ഈ കാഴ്ചയെങ്ങാനും കണ്ടാല്‍ തന്റെ തലയും പണിയും ഒന്നിച്ചു പോകും.എന്താണിപ്പോള്‍ ഒരു വഴി.ഇരിപ്പുറക്കാത്ത ചന്തിയെ ബലമായി കസേരയില്‍ പിടിച്ചിരുത്തി മേശയുക്ക് മേല്‍ താടിക്ക് കയ്യും കൊടുത്തു മാഷ് ആലോചിച്ചു.ആലോചനയുക്ക്‌ ചൂട് പിടിച്ചപ്പോള്‍ മാഷിന്റെ തല മണ്ടയ് ക്കകത്ത്   ബുദ്ധിമണ്ഡലത്തില്‍ എവിടെയോ ഒരു കോണില്‍ ഒരു വന്‍ സ്ഫോടനമുണ്ടായി.ആ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ രണ്ടു ബക്കറ്റ് വെള്ളവുമായി മാഷ്‌ തെറിച്ചു വീണത്‌ സ്കൂള്‍ വരാന്തയില്‍.മൂന്നു മൃതദേഹങ്ങളെയും വേഗം വൃത്തിയാക്കി ഓഫീസ്‌ റൂമില്‍ കൊണ്ടുപോയി കിടത്തി.എന്നിട്ട് സ്കൂള്‍ വരാന്ത വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കിയതിന് ശേഷം ഓഫീസ്‌ റൂമില്‍ കിടത്തിയിരിക്കുന്ന മൂന്നു മൃതദേഹങ്ങളെയും  ബാനര്‍ എഴുതാന്‍ വെച്ചിരുന്ന വെള്ളത്തുണി കൊണ്ട് നന്നായി പൊതിഞ്ഞു കെട്ടി..എന്നിട്ട് അതിലൊന്നിനെ സ്കൂള്‍ വരാന്തയില്‍ കൊണ്ട് പോയി കിടത്തിയതിന് ശേഷം പീതാബരന്‍ മാഷ് സ്കൂള്‍ പൂട്ടി പുറത്തേക്കു ഇറങ്ങി. 
     ബ്ബനെ കണ്ടെത്താന്‍ മാഷിനു ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല.ഒരു മാതിരി സ്പീഡിലും താളത്തിലും കൂര്‍ക്കം വലിച്ചു പീടിക തിണയില്‍ കിടന്നുറങ്ങുന്ന അബ്ബനെ മാഷ്‌ തള്ളി വിളിച്ചു.മാഷ്‌ കരുതിയ പോലെ അതൊരു എളുപ്പ പണിയായിരുന്നില്ല.കുറച്ചധികം നേരത്തെ പ്രയത്നത്തിനു ശേഷം അബ്ബന്റെ ഉണ്ട കണ്ണുകള്‍ ചെറുതായൊന്ന് തുറന്നു.മുമ്പില്‍ ഒരു കറുത്ത രൂപം.പാതി തുറന്ന അബ്ബന്റെ കണ്ണുകള്‍ ഭയപാടോടെ പുറത്തേക്കു മുഴുവനും തള്ളി വരാന്‍ ഏറെ നേരം വേണ്ടി വന്നില്ല.അബ്ബന്‍ നിലവിളിയോടെ ചാടി എണീറ്റു."അയ്യോ...ആരാ...?"
           "അബ്ബാ......പേടിക്കേണ്ട....ഇത് സ്കൂളിലെ ഹെഡ് മാസ്റ്ററാ"
മാഷ്‌ അബ്ബനോട് കാര്യം പറഞ്ഞു."അബ്ബാ....സ്കൂളില്‍ന്റെ വരാന്തയില്‍ ഒരു മൃതദേഹം കിടപ്പുണ്ട്.നാളെ സ്കൂളിലേക്ക് D. O.G വരുന്ന ദിവസമാണ്.അദ്ദേഹം വരുമ്പോള്‍ അതെങ്ങാനും കണ്ടാല്‍ എന്റെ പണി പോകും.നീ ആരുമറിയാതെ അതിനെ എവിടെയെങ്കിലും കുഴിച്ചിട്ട് വരണം.കൂലിയായി നിനക്ക് ഞാന്‍ ഏട്ടണ തരും."
മാഷിന്റെ കദന കഥ കേള്‍ക്കുന്നതിനിടയില്‍ വീണ്ടും പാതി ഉറക്കത്തിലായ അബ്ബന്‍ എട്ടണ എന്ന് കേട്ടപ്പോള്‍ ചാടി എണീറ്റ് മാഷിന്റെ പിന്നാലെ സ്കൂളിലേക്ക് നടന്നു.
        സ്കൂള്‍ തിണയില്‍ കിടത്തിയിരിക്കുന്ന കുരുടന്റെ മയ്യത്തിനെ മാഷ്‌ അബ്ബനു കാണിച്ചു കൊടുത്തു.തുണി കൊണ്ട് മുഖമടക്കം മൂടി കെട്ടിയിരിക്കുന്നത് കൊണ്ട് അബ്ബനു ആളെ മനസിലായില്ല .അബ്ബന്‍ കുരുടന്റെ മയ്യതിനെയും തോളിലിട്ട്‌ പള്ളി വളപ്പിലേക്ക് നടന്നു.അബ്ബന്‍ ഇരുട്ടില്‍ മറഞ്ഞതും പീതാബരന്‍ മാഷ്‌ രണ്ടാമത്തെ മയ്യത്തിനെ എടുത്തു കൊണ്ട് വന്നു സ്കൂള്‍ വരാന്തയില്‍ കിടത്തി.കുറച്ചു സമയത്തിന് ശേഷം എട്ടണ എന്ന മോഹവുമായി അബ്ബന്‍ കിതച്ച് കൊണ്ട്  സ്കൂളിലേക്ക് തിരിച്ചു വരുമ്പോള്‍ മാഷ്‌  അബ്ബനെയും കാത്തു പുറത്തു തന്നെ നില്‍പ്പുണ്ടായിരുന്നു.
         "മാഷെ ഇനി ഒന്നും പേടിക്കാനില്ല. ഞാനതിനെ പള്ളി വളപ്പില്‍ കുഴിച്ചിട്ടു.എന്റെ എട്ടണ താ....എനിക്കുറക്കം വരുന്നു."എട്ടണ സ്വന്തമാക്കാന്‍ അബ്ബനു ധൃതിയായി.പിശുക്കനായ ഹെഡ് മാസ്റ്റര്‍ പറഞ്ഞു ."അബ്ബാ പൈസയൊക്കെ തരാം.പക്ഷെ ഒരു പ്രശനമുണ്ട്."ഈ പാതിരാത്രിയില്‍ മാഷിന്  ഇനിയെന്തു പ്രശ്നമെന്നോര്‍ത്തു അബ്ബന്‍ തന്റെ വലിയ വാ പൊളിച്ചു.ഏതായാലും വാ പൊളിചതല്ലേ പാഴാക്കി കളയെണ്ടെന്നു കരുതി ഒന്നൊന്നര മീറ്റര്‍ നീളത്തില്‍ കൊട്ട് വായും ഇട്ടു കൊണ്ട് അബ്ബന്‍ ചോദിച്ചു."മാഷെ....ഇനിയെന്തു പ്രശനം മാഷെ.എന്തായാലും നമ്മുക്കത് ശരിയാക്കാം മാഷേ."
           " നീ അതിനെ എവിടെയാ  കുഴിച്ചിട്ടത്?.അത് അവിടെന്ന് എണീറ്റ് വന്നു സ്കൂള്‍ വരാന്തയില്‍ കിടപ്പുണ്ട്."മാഷ്‌ രണ്ടാമത്തെ കുരുടന്റെ മയ്യത്തിലേക്ക് വിരല്‍ ചൂണ്ടി.അബ്ബന്‍ നോക്കിയപ്പോള്‍ കണ്ടത് താന്‍ പള്ളി വളപ്പില്‍ കുഴിച്ചിട്ട മയ്യത്ത് സ്കൂള്‍ തിണയില്‍ വന്നു കിടക്കുന്നതാണ്.എന്തൊക്കെയോ ആലോച്ചനയോടെ അബ്ബന്‍ തന്റെ കുറ്റി മുടിയില്‍ തോലോടി.
       "സാരമില്ല മാഷെ,ഞാനിവനെ ഇപ്പൊ ശരിയാക്കി തരാം."എന്നും പറഞ്ഞു രണ്ടാമത്തെ കുരുടന്റെ മയ്യത്തിനെയും തോളിലെടുത്തിട്ട് അബ്ബന്‍ നടന്നു.അബ്ബന്‍ നേരെ പോയത് കുറച്ചും കൂടി ദൂരെയുള്ള  ദേളിയിലെ പള്ളി വളപ്പിലെക്കാണ്.മുമ്പത്തിനെക്കാളും വലിയൊരു കുഴിയെടുത്ത് കുരുടന്റെ മയ്യത്തിനെ അതിലിട്ട് മൂടിയത്തിനു ശേഷം അതിന്റെ മുകളില്‍ രണ്ടു മൂന്നു വലിയ ഉരുളന്‍ കല്ലുകള്‍ എടുത്തു വെച്ചു.അബ്ബന്‍ തിരിച്ചു എത്തുമ്പോഴേക്കും മൂന്നാമത്തെ കുരുടന്റെ മയ്യത്തിനെയും സ്കൂള്‍ വരാന്തയില്‍ എടുത്തു വെച്ചു അബ്ബനെയും കാത്തു മാഷ് പുറത്തു തന്നെ നില്‍പ്പുണ്ടായിരുന്നു.എട്ടണയുടെ മധുരിക്കുന്ന ഓര്‍മ്മകളുമായി തിടുക്കത്തില്‍ നടന്നു വന്ന അബ്ബന്‍ പറഞ്ഞു.
              "അവനെ നമ്മള് ശരിയാക്കി മാഷെ.ഇനിയവന്‍ അവിടെന്ന് എണീറ്റ് വരില്ല.എന്റെ എട്ടണ....."അബ്ബന്‍ തല ചൊറിഞ്ഞു.പക്ഷെ മാഷിന്റെ മുഖത്തു ഒട്ടും സന്തോഷമില്ല."നീ എന്താ അബ്ബാ പറയുന്നത്.അവന്‍ വീണ്ടും വന്നു അവിടെ തന്നെ കിടപ്പുണ്ട്." സ്കൂള്‍ വരാന്തയില്‍ വന്നു കിടക്കുന്ന മയ്യത്തിനെ കണ്ടു ഇപ്രാവിശ്യം അബ്ബന്‍ ശരിക്കുമൊന്നു ഞെട്ടി.അബ്ബനു ഒരു എത്തും പിടിയും കിട്ടിയില്ല.
       "മാഷെ ഇതെങ്ങനെ സംഭവിച്ചു.ഞാനിവനെ വലിയൊരു കുഴിയെടുത്ത് അതിലിട്ട് മൂടി,അതിന്റെ മേലെ വലിയ കല്ലും വെച്ചിട്ടാ വന്നത്".കോപമഭിനയിച്ചു നില്‍ക്കുന്ന മാഷിനോട് അബ്ബന്‍ പറഞ്ഞു.
           "അബ്ബാ  ഇതിനെ എന്തെങ്കിലും ചെയ്തെ പറ്റൂ.നേരം വെളുക്കാറായി."ഇപ്രവിശ്യം മാഷിന്റെ ശബ്ദമൊന്നു ഇടറി."മാഷെ , മാഷ്‌ പേടിക്കേണ്ട.ഒരിക്കലും എണീറ്റ് വരാത്ത വിധത്തില്‍ ഇവനെ ഞാന്‍ ശരിയാക്കി തരാം.മാഷ് എട്ടണ എടുത്തു വെച്ചോ.....അബ്ബനോടാണോ ഇവന്റെ കളി."അബ്ബന്‍ പറഞ്ഞു.ഇതാകെ ഹലാക്കിന്റെ അബുലും കഞ്ഞിയുമായല്ലോ റബ്ബേ  എന്ന് പിറുപിറുത്തു കൊണ്ട് മൂന്നാമത്തെ കുരുടന്റെ മയ്യത്തിനെയും തൂക്കിയെടുത്തു അബ്ബന്‍ സ്കൂളിന്റെ പടിയിറങ്ങി.
              ടക്കുന്നതിനിടയില്‍ അബ്ബന്‍ അഗാതമായ  ചിന്തയില്‍ ഏര്‍പ്പെട്ടു.എത്തും പിടിയും തരാത്ത ചിന്തകളിലൂടെ സഞ്ചരിച്ചു അബ്ബന്‍ എത്തിയത് ഒരുവങ്കര ഭാഗത്തേക്കാണ്.ഒരുവങ്കരയിലെ സ്രാണ്ടി പള്ളിയുടെ കുളത്തിന്റെ അടുത്ത് എത്തിയപ്പോള്‍ അബ്ബന്‍ നിന്നു .കുളവും വെള്ളവും കണ്ടപ്പോള്‍ താന്‍ കുളിച്ചിട്ടു ഒരുപ്പാട് നാളായല്ലോ എന്ന് അബ്ബന്‍ വെറുതെ ഓര്‍ത്തു.മയ്യത്തിനെയും കുളക്കരയില്‍ വെച്ചിട്ട് അബ്ബന്‍ വീണ്ടും ആലോചനയില്‍ മുഴുകി.ആലോചനയ്ക്ക് ചൂട് പിടിച്ചപ്പോള്‍ നേരത്തെ പീതാംബരന്‍ മാഷിന് ഉണ്ടായ പോലെ അബ്ബന്റെ തല മണ്ടയിലെ ബുദ്ധിമണ്ഡലത്തിലെവിടെയോ ഒരുഗ്രന്‍ സ്ഫോടനം ഉണ്ടായി.ഒരു ചടക്കം(ചെറിയൊരു പടക്കം.)പൊട്ടുന്നത്ര ഉഗ്ര ശേഷിയുണ്ടായിരുന്ന ആ സ്ഫോടനത്തിന്റെ ഫലമായി കേരളത്തില്‍ ലോഡ്‌ ഷെഡിംഗ് സമയത്ത് മിന്നി മിന്നി കത്തുന്ന പോലെത്തൊരു ബള്‍ബ്‌ അബ്ബന്റെ ബുദ്ധി മണ്ഡലത്തിലെ ഏതോ ഒരു കോണില്‍ മിന്നി കത്തുകയും ചെയ്തു.അബ്ബന്‍ വേഗം പോയി രണ്ടു വലിയ കല്ലുകള്‍ എടുത്തു കൊണ്ട് വന്നു മയ്യത്തിന്റെ മുകളില്‍ വരിഞ്ഞു കെട്ടി.
            " ഇനി നീ എണീറ്റ് വരുന്നതൊന്നു കാണണമല്ലോടാ മയ്യത്തെ"എന്നും പറഞ്ഞു അബ്ബന്‍ മയ്യത്തിനെയും എടുത്തു കുളത്തിലെക്കിട്ടു.ബ്ലും........
          സമയം നേരം വെളുക്കാറായിരിക്കുന്നു.സുബഹി ബാങ്ക് വിളിക്കുന്നതിനു വേണ്ടി  വുളു(അംഗശുദ്ധി)എടുക്കാനായി സ്രാണ്ടി പള്ളിയിലെ മുക്രി കുളത്തിലിറങ്ങിയ സമയമായിരുന്നു അത്.വലിയൊരു ശബ്ദത്തോടെ എന്തോ ഒന്ന് കുളത്തില്‍ വന്നു വീഴുന്നത് കണ്ട മുക്രി മൊയ്തീന്‍ ഷേഖിനെയും വിളിച്ചു അലറി വിളിച്ചു കൊണ്ട് മുകളിലേക്ക് ഓടി.വെള്ള ഷര്‍ട്ടും തുണിയും ധരിച്ചു വല്ലാത്തൊരു അലര്‍ച്ചയോടെ മുകളിലേക്ക് ഓടി വരുന്ന മുക്രിയെ കണ്ടപ്പോള്‍, താന്‍ കുളത്തില്‍ കൊണ്ടിട്ട മയ്യത്ത് തന്നെ മയ്യത്താക്കാന്‍ വേണ്ടി വരികയാണെന്ന് കരുതി തന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വലിയ വായില്‍ നിലവിളിയുമായി അബ്ബന്‍ മറ്റൊരു ഭാഗത്തേക്കും ഓടി.അന്ന് മുക്രിയും അബ്ബനും ഓടിയ ഒരുവങ്കരയിലെ വയല്‍ വരമ്പുകളില്‍  പിന്നീട് ഒരിക്കലും പുല്ലു പോലും മുളചിട്ടില്ലെന്നാണ് പഴമ്മക്കാര്‍ പറയുന്നത്.മേല്‍പ്പറമ്പിന്റെ ചരിത്ര താളുകളിലും ഇക്കാര്യം രേഖപെടുത്തി വെച്ചിട്ടള്ളതായി കാണാം. .
കഥാവശേഷം:
  • സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപതനായ  D O G ഹെഡ് മാസ്റ്റര്‍ പീതാംബരന്‍ മാഷിന് പ്രൊമോഷന്‍ നല്‍കി തിരിച്ചു പോയി.
  • ബ്ബനു കൊടുക്കാനുള്ള എട്ടണ ലാഭിച്ചതിനാലും,പ്രൊമോഷന്‍ ലഭിച്ചതിനാലും പീതാംബരന്‍ മാഷ് അതീവ സന്തുഷ്ടന്‍ , സംതൃപ്തന്‍.
  • സ്രാണ്ടി  പള്ളിയിലെ മുക്രി  പേടി പനിയും വിറയലും ബാധിച്ചു ഒരു  മാസം കിടന്നു.ജിന്നു കൂടിയെന്നും പറഞ്ഞു ചിലര്‍ മന്ത്രിച്ചു ഊതിക്കാനും വന്നിരുന്നതായി പറഞ്ഞു കേട്ടിരുന്നു.
  • ബ്ബന്റെയും മൂന്നു കുരുടന്മാരുടെയും തിരോധാനതിന്റെ പിന്നിലെ ദുരൂഹതകളെ കുറിച്ച് മേല്‍പറമ്പുക്കാര്‍ കുറച്ചു കാലം കാര്യമായി തന്നെ ചര്‍ച്ച ചെയ്തുവെങ്കിലും പതിയെ എല്ലാവരും എല്ലാം മറന്നു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോയി.  
                                                                                                                                      ശുഭം 


ഒരറിയിപ്പ്:
           കഥയും ഈ കഥയിലെ കഥാപാത്രങ്ങളായ  അബ്ബന്‍, മൂന്നു കുരുടന്മാര്‍ ,ഹെഡ്‌ മാസ്റ്റര്‍       പീതാംബരന്‍ മാഷ്‌,മുക്രി എല്ലാം സാങ്കല്‍പ്പികമാണ്.കഥയുടെ സ്വഭാവികതയുക്ക് വേണ്ടി അക്കാലത്തു മേല്‍പ്പറമ്പില്‍ ജീവിച്ചിരുന്ന ചില വ്യക്തികളെയും അവരുടെ സാഹചര്യത്തെയും ഉപയോഗിച്ചിട്ടുണ്ട്.


                                        ഒരു ഒന്നൊന്നര അറിയിപ്പ്‌:
          രോടും പറയില്ലെങ്കില്‍ ഞാന്‍ ഒരു സത്യം പറയാം.ഇത് എന്റെ സ്വന്തം കഥയല്ല.ഇത് ഞാന്‍ അടിച്ചു മാറ്റിയ കഥയാണ്.ചെറുപ്പത്തില്‍ എന്റെ ഉപ്പ ഞങ്ങള്‍ക്ക് പറഞ്ഞു തന്നിരുന്ന ഈ ഞാന്‍ ഇവിടെ അപ്പടി പകര്‍ത്തുകയായിരുന്നു.