Thursday, March 03, 2011

ഒരു കൊച്ചു ഒളിച്ചോട്ടം.

പ്രാര്‍ത്ഥന:പടച്ചോനെ എഴുതി തീരുമ്പോഴേക്കും ഇതൊരു നീണ്ടകഥയാകാതെയിരിക്കണേ .അല്ലെങ്കില്‍ ലക്ഷോപല .......,പത്തമ്പത് പേര്‍ വരുന്ന എന്റെ വായനക്കാര്‍ എന്റെ കഥ മിനിക്കഥയാക്കി ചുരുക്കി കളയുമോ എന്ന് ഞാന്‍ ഭയക്കുന്നു!.


അപ്പോ തുടങ്ങാം അല്ലെ.....


                         ഏറെ പ്രശസ്തമായിരുന്നു സ്കൂളില്‍ പോവാനുള്ള എന്റെ മടി.സ്കൂളില്‍ പോവാതിരിക്കാന്‍ വേണ്ടി  ഞാന്‍ സഹിച്ച ത്യാഗങ്ങളും എന്തോ വാശിയെന്ന വണ്ണം എന്നെ സ്കൂളില്‍ പറഞ്ഞയക്കാന്‍ വേണ്ടി ബന്ധുക്കളും, സ്കൂളില്‍ നേരാംവണ്ണം ക്ലാസ്സില്‍ ഹാജരാവാത്തത് കൊണ്ട് സ്കൂള്‍ അധികൃതരും എന്നോട് കാട്ടിക്കൂട്ടിയ പരാക്രമണങ്ങളുടെയും കദന കഥകള്‍ കേട്ടാല്‍ ഏതു കഠിന ഹൃദയവും ഒരു നിമിഷം നിലച്ചു പോവുകയും കണ്ണുകള്‍ നിറഞ്ഞു പോവുകയും ചെയ്യും.


                        ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ അധികാര വര്‍ഗ്ഗത്തിന്റെ അനീതിക്ക് ഇരയാകേണ്ടി വന്ന ഹതഭാഗ്യനാണ് ഞാന്‍.ക്ലാസ്സില്‍ സ്ഥരമായി എത്തുന്നില്ല എന്ന കാരണത്താല്‍ ഒന്നാം ക്ലാസ്സില്‍ നിന്ന് നിഷ്കരുണം എന്റെ പേര് വെട്ടി മാറ്റി(രക്ഷപ്പെട്ടു എന്നാണു ഞാന്‍ കരുതിയത്‌.എവിടെ) എന്റെ ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷം മുടിപ്പിച്ചു കളഞ്ഞു.ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ പറമ്പില്‍ കുടി ഇരുന്നിരുന്ന ബീരാന്ചാന്റെ മകളും എന്റെ സഹപാഠിയുമായിരുന്ന മിസ്‌രിയയെ, സ്കൂള്‍ ഇലക്ഷനില്‍ മത്സരിച്ചു ഒരൊറ്റ വോട്ടിനു
പരാജയപെടുത്തി ഞാന്‍ കഷ്ടപ്പെട്ട്  ഒപ്പിച്ചെടുത്ത ക്ലാസ്സ്‌  ലീഡര്‍ കസേര വെറും പതിനഞ്ച് ദിവസം തുടര്‍ച്ചയായി ക്ലാസ്സില്‍ എത്തിയില്ല എന്ന നിസാരമായ കാരണത്താല്‍ ക്ലാസ്സ്‌ ടീച്ചര്‍ തെറിപിച്ചു കളഞ്ഞപ്പോള്‍ എന്റെ കുഞ്ഞു ഹൃദയം ഒരുപാട് നോമ്പരപെട്ടു.ഒടുവില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍(ഒരുവിധം അവിടം വരെയെത്തി.)SSLC പരീക്ഷയ്ക്ക് ഏതാണ്ട് ഒരു മാസം മുമ്പ് ഞങ്ങള്‍ ഒരുപ്പാട് കളിയാക്കുകയും വേദനിപ്പിക്കുകയും ചെയ്ത എന്നാല്‍ ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങളെല്ലാം നന്നായി കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്ത അറബി മാഷ്‌ ആമുച്ച(അറബിയില്‍ ABCD പോലും അറിയാത്ത എനിക്ക്  ചോദ്യത്തിന് ഉത്തരം ചോദ്യം തന്നെ എഴുതി വെച്ചാലും ജയിക്കാനുള്ള മാര്‍ക്ക് കിട്ടുമെന്ന് ബോധ്യപെടുത്തി തന്നത് ആമുച്ച ഉസ്താദ്‌  ആയിരുന്നു.)ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ ആ വര്‍ത്തമാനം  എന്നോട് പറഞ്ഞു."മോനെ യാസറെ ,നിന്റെ ഹാജര്‍ നില വളരെ വീക്കാണ്. ഇങ്ങനെ പോയാല്‍ നിനക്ക് SSLC പരീക്ഷ എഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല."കേട്ടപ്പോള്‍ ആദ്യം സന്തോഷം തോന്നിയെങ്കിലും (പരീക്ഷ,മത്സരം തുടങ്ങിയവ ഞാന്‍ വെറുക്കുന്നതും ഭയക്കുന്നതുമായ സംഗതികളാണ്.)പത്തു പതിനൊന്നു വര്‍ഷം മനമില്ല മനസോടെ ഇതിനകത്ത് തളചിട്ടത്  ആ ഒടുക്കത്തെ പരീക്ഷ എഴുതാന്‍ വേണ്ടിയായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമമായി.പിന്നീട് ക്ലാസ്സ്‌ ടീച്ചറും പരീക്ഷ എഴുതാന്‍ പറ്റില്ല എന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ഞാന്‍ ഒരു ഉറച്ച തീരുമാനമെടുത്തു.(ഇനിയേതായാലും ക്ലാസ്സിലിരുന്നിട്ടു കാര്യമില്ലാത്തത് കൊണ്ട് ദിവസവും സിനിമയ്ക്ക് പോകാം എന്നായിരുന്നില്ല ആ തീരുമാനം.)തുടര്‍ച്ചയായി ഒരു മാസം ഒരു ദിവസവും മുടങ്ങാതെ  ക്ലാസ്സില്‍ ഹാജരായി ഞാന്‍ ഇരിക്കുന്ന ബെഞ്ചിനെ വിശ്മയിപ്പിച്ചു കളഞ്ഞു.ഇങ്ങനെ എന്തല്ലാം ത്യാഗങ്ങലാണ് സ്കൂള്‍ ജീവിത കാലത്ത് ഞാന്‍ സഹിച്ചത്.എന്നിട്ടും സ്കൂള്‍ ജീവിത എനിക്കെന്താണ് സമ്മാനിച്ചത്?.
ജീവതത്തില്‍ ഒരിക്കലും ഉപകാരപ്പെട്ടിട്ടില്ലാത്ത ലസാഗും ഉസാഗും,
പിന്നെ രസതന്ത്രത്തിന്റെ കുതന്ത്രങ്ങള്‍,
പണിപെട്ടു പഠിച്ച  പാനിപ്പട്ട് യുദ്ധങ്ങളും കുറെ ദര്‍ബാര്‍ കഥകളും,
എല്ലാത്തിനുമോടുവില്‍,പത്തു പതിനൊന്നു വര്‍ഷം ഇവരുടെ അടിയും തൊഴിയും കൊണ്ട് അവിടെ ഇരുന്നതിന് (?)ഉള്ള അംഗീകാരമായി നല്‍കിയത് ഫൈലെട്  എന്ന്  വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയ സര്‍ട്ടിഫിക്കറ്റും.മുറിവേറ്റ മനസ്സുമായി അന്ന് ഞാന്‍ സ്കൂളിന്റെ പടിയിറങ്ങിയതാണ്,ഇനി അങ്ങോട്ടേക്ക് ഇല്ല എന്ന ശഫഥവുമെടുത്ത്.......
                    അതൊക്കെ പോട്ടെ,ഇതൊന്നും പറയാന്‍ വേണ്ടിയല്ല ഇന്ന് ഞാന്‍ എഴുതാനിരുന്നത്.ചെറുപ്പത്തില്‍  അതി വിദഗ്തമായി ഞാന്‍  സ്കൂളില്‍ നിന്ന്  മുങ്ങിയ കഥ നിങ്ങളുമായി പങ്കു വെയ്ക്കാം എന്ന് കരുതി വന്നതാണ് .വഴി തെറ്റി കാട് കയറി.ലക്ഷണം കണ്ടിട്ട് ഇത് ഒരു നീണ്ടകഥയാവുന്നത് പോലെയുണ്ട് .ഇന്ന് എന്റെ കാര്യം കട്ടപൊക ആയത് തന്നെ.
                    ഞാന്‍ ഒന്നാം ക്ലാസ്സില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് സംഭവമെന്ന് തോന്നുന്നു.മദ്രസ വിട്ടു വന്നയുടനെ സ്ലേറ്റും ബുക്കുമെടുത്തു  ഞാന്‍ സ്കൂളില്‍ പോവുന്നത് കണ്ടു ഉമ്മ അതിശയപെട്ടോ എന്തോ....
     "എടാ അപ്പം തുന്നിട്ട് പോടാ..."ഉമ്മ വിളിച്ചു കൂവി.
      "എന്‍ക്ക് ബാണ്ട"എന്നും പറഞ്ഞു ഞാന്‍ അവിടെ നിന്ന് ഒരു ഓട്ടം വെച്ച് കൊടുത്തു.സര്‍ക്കാര്‍ കിണറ്റിന്റെ അരികത്തൂടെ തങ്ങളുടെ വളപ്പില്‍ എന്റര്‍ ചെയ്തു.വള്ളിയോടും അപ്രത്തെ വളപ്പും(അപ്രത്തെ വളപ്പ് എന്റെ കുഞ്ഞുമ്മാന്റെ (ഉപ്പയുടെ സഹോദരി)പറമ്പാണ്.ഇവിടെ വീടോ താമസമോ ഇല്ല.ഞങ്ങളുടെ തറവാട്‌ സ്ഥിതി ചെയ്യുന്ന പറമ്പിന്റെ അടുത്ത പറമ്പായതു കൊണ്ട് ഞങ്ങള്‍ ഇതിനെ അപ്രത്തെ വളപ്പ് എന്നാണു വിളിച്ചിരുന്നത്‌.)താണ്ടി മൂത്താന്റെ (ഉപ്പയുടെ ജേഷ്ടന്‍ )വീട്ടില്‍ ലാന്റ് ചെയ്തു.ഇതിനിടയില്‍ ഉരുളന്‍ കല്ലുകളും മണ്ണും കൊണ്ടുണ്ടാക്കിയ മതിലിന്റെ പൊത്തിനുള്ളില്‍ സ്ലേറ്റും ബുക്കും ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു.മൂത്തുമ്മ അടുക്കളയില്‍ തിരക്കിലാണ്.എന്റെ നിഴല്‍ കണ്ടു മൂത്തുമ്മ തിരിഞ്ഞു നോക്കി.
          "എന്താടാ, നീ സ്കൂളില്‍ പോന്നില്ലേ?."
           "ഇല്ല,എനിക്ക് തല നെമ്പല(വേദന)മായത് കൊണ്ട് ഇന്ന് സ്കൂളില്‍ പോണ്ടാന്നു ഉമ്മ പറഞ്ഞിന്."കഴിയുന്നത്ര നിഷ്കളങ്കതയും തലവേദനയുടെ ഫീലിംങ്ങുസും മുഖത്ത് ആവാഹിചെടുക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ മൂത്തുമ്മാക്ക് ഞാന്‍ മറുപടി കൊടുത്തു.ഞാനല്ലേ മോന്‍.മൂത്തുമ്മ വിശ്വസിച്ചത് തന്നെ.ഇനി അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്നു കണ്ടു പെട്ടെന്ന് തന്നെ വരാന്തയിലേക്ക് മുങ്ങി.സ്കൂളില്‍ പോകാതെ ഒളിച്ചിരിക്കുന്നതിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ എനിക്ക് അഭിമാനം തോന്നി.ഇനി വൈകുന്നേരം നാലര  വരെയുള്ള  സമയത്തെ എങ്ങനെ കൊന്നു തീര്‍ക്കാം എന്നാലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് അപ്പുറത്ത് എന്തോ ശബ്ദം കേട്ടത്.അത് വെറും എന്തോ ശബ്ദമായിരുന്നില്ല ,പരിചിതമായ ആ ശബ്ദം എന്റെ നെഞ്ചില്‍ ഇടി മുഴുക്കം പോലെയാണ് വന്നു വീണത്‌.ഉപ്പ!.ഉപ്പ എങ്ങനെ ഇത്രയും പെട്ടെന്ന് മണത്തറിഞ്ഞു?.ഇനി രക്ഷയില്ല.ഞാന്‍ വരാന്ത ചാടിയിറങ്ങി ഒരു ഓട്ടം വെച്ച് കൊടുത്തു.പിന്നാലെ ഉപ്പയും വിട്ടു."ഓനെ പിടിയെടാ....."ഉപ്പ ആരോടോ ആജ്ഞാപ്പിക്കുന്നു..തിരിഞ്ഞു നോക്കിയപ്പോള്‍ കബീച്ച!.(കബീര്‍ച്ച)
 മാവിന്‍ കൊമ്പുകളില്‍ തൂങ്ങി നില്‍ക്കുന്ന പഴുത്തതും അല്ലാത്തതുമായ മാങ്ങകള്‍ക്ക് വേണ്ടി ഞങ്ങള്‍ നൂറുക്കണക്കിന് കല്ലുകള്‍ എറിഞ്ഞു എനര്‍ജി  പാഴാക്കി കളയുമ്പോള്‍ ഒരു കല്ലില്‍ രണ്ടു മാങ്ങകള്‍ എറിഞ്ഞിടുന്ന കബീച്ച!.
വന്മര കൊമ്പുകള്‍ നിമിഷങ്ങള്‍ക്കകം കീഴടക്കുന്ന കബീച്ച!.
ഓട്ടത്തിലും കായികാഭ്യാസത്തിലും എന്നും മുന്നില്‍ നില്‍ക്കുന്ന കബീച്ച!.
         അങ്ങനെയുള്ള കബീച്ച ,ഇരയെ മുന്നില്‍ കണ്ട ഡിസ്ക്കവറി ചാനലിലെ പുലിയെ പോലെ   എന്റെ നേരെ ചാടി.എന്നെക്കാളും മൂന്നു നാല് വയസിനു മൂത്താണ് കബീച്ച.(കണ്ടാല്‍ പറയില്ല കേട്ടോ.കബീച്ചാനെക്കാലും പത്തു വയസ്സെങ്കിലും കുറവ്‌  എനിക്ക്  ഉണ്ടെന്നേ പറയൂ.)കബീച്ച എന്നിലേക്ക് ഓടി വരികയാണ്.ഓടിയിട്ടും വലിയ കാര്യമില്ലാതിരിന്നിട്ടും ഞാനും  ഓടി.അപ്പറത്തെ വളപ്പിലൂടെ വള്ളിയോട്ടെക്ക് പ്രവേശിച്ചു.(ഇതും എന്റെ മറ്റൊരു കുഞ്ഞുമ്മാന്റെ പറമ്പാണ്)വള്ളിയോട്ടെ പാറക്കെട്ടുകള്‍ ചാടിയിറങ്ങി ഓടുന്നതിനിടയില്‍ പുറത്തു പിടി വീണു.ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് കുതറി നോക്കി.കബീചാന്റെ ബലിഷ്ടമായ കരങ്ങളില്‍ കിടന്നു പിടയ്ക്കാനെ എനിക്കായിയുള്ളൂ.എന്നെയുമെടുത്തു കബീച്ച ഉപ്പാന്റെ അടുത്തേക്ക് നടന്നു.ഉപ്പ ദൂരെ നിന്ന് നടന്നു വരുന്നുണ്ട്.കൈയ്യില്‍ വടിയുമുണ്ട്.എനിക്ക് മൂത്രശങ്ക  തോന്നിയോ എന്നൊരു ശങ്ക.അതിനിടയിലും ഞാന്‍ ഓര്‍ത്തു ശങ്കടപ്പെട്ടത്  എന്റെ ചന്തിയുടെ കാര്യമോര്‍ത്തായിരുന്നു.പാവം ചന്തി.എന്റെ കൈയ്യിലിരിപ്പ് ഒന്ന് കൊണ്ട് മാത്രം ദിവസ്സവും അത്  എത്ര മാത്രം അടികളാണ് വാങ്ങിച്ചു കൂട്ടുന്നത്‌.എന്റെ ചന്തിയായി ജനിച്ചത്‌ കൊണ്ടല്ലേ അതിനു ഇത്ര മാത്രം വേദനകള്‍ സഹിക്കേണ്ടി വരുന്നത്.വേറെ ആരുടെയെങ്കിലും ചന്തിയായി ജനിചിരുന്നുവെങ്കില്‍ എന്നവന്‍ ആഗ്രഹിക്കുന്നുണ്ടാവുമോ?
                       ഉപ്പ അടുത്തെത്തി.ഇപ്പോള്‍ ചന്തിയില്‍ ആട്ടക്കലാശം തുടങ്ങുമെന്നുറപ്പ്.ഇത്തരം സന്ദര്‍ഭങ്ങളില്‍ ചന്തിയെ രക്ഷിക്കാന്‍ വേണ്ടി   ഞാന്‍ സ്ഥിരമായി പുറത്തെടുക്കുന്ന ഒരടവ്‌ (ഈ അടവ്‌ കൊണ്ട് എപ്പോഴെങ്കിലും കാര്യമായി ഗുണമൊന്നും കിട്ടിയിട്ടില്ല.എന്നാലും രക്ഷപെടാനുള്ള എന്റെ അവസാനത്തെ പിടിവള്ളി അതാണ്‌.)ഇവിടെയും പരീക്ഷിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു."ഞാന്‍ സ്കൂളില്‍ പോന്നില്ല...."എന്ന മുദ്രാവാക്യത്തോടെ ഞാന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.എന്റെ കരച്ചലിന്റെ ഫലമോ,ചന്തിയുടെ പ്രാര്‍ത്ഥനയുടെ ഫലമോ എന്നറിയില്ല.ഇപ്രാവിശ്യം ഉപ്പ അടിച്ചില്ല.പകരം അടുത്ത് എത്തിയതോടെ ഉപ്പ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി പേടിപ്പിച്ചു.അതോടെ നേരത്തെ ഉണ്ടായ ശങ്ക ഇല്ലാതായി.എന്നെയും തൂക്കിയെടുത്തു കൊണ്ട് ഉപ്പ സ്കൂളിലേക്ക് നടന്നു.മേല്‍പ്പറമ്പ് എന്ന മഹാ നഗരത്തിന്റെ വിരിമാറിലൂടെ,ബസ്സ്‌ സ്ടാന്റിനു മുന്നില്‍ കൂടി മീന്‍ മാര്‍ക്കെറ്റും കടന്നു അത്യുച്ചത്തില്‍ അലമുറയിട്ടു  കരയുന്ന എന്നെയും എടുത്തു ഉപ്പ സ്കൂളിലേക്ക് നടക്കുകയാണ്.ഒപ്പം കബീച്ചായും വേറെ ഒന്ന് രണ്ടു ചെറ്റകളും ഉണ്ട്.പലരും  ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.ഞാന്‍ ആരെയും ഗൌനിക്കാന്‍ പോയില്ല.കഴിയുന്നത്ര ഉച്ചത്തില്‍ കരഞ്ഞു ഉപ്പാനെ നാണം കെടുത്തുക എന്നായിരുന്നു എന്റെ പ്ലാന്‍.എന്റെ അല്ലെ ഉപ്പ.ഉപ്പാക്ക് ഒരു കൂസലുമില്ല.
                       അങ്ങനെ സ്കൂളില്‍ എത്തി. വരാന്തയില്‍ ഉപ്പ എന്നെ വെച്ചു.ഇന്ന് തീര്‍ച്ചയായും ക്ലാസ്സില്‍ ഇരിക്കേണ്ടി വരുമെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ പാട്ടിന്റെ ട്യൂണ്‍ ഒന്ന് മാറ്റി പിടിച്ചു അവസാനമായൊരു  പാഴ്ശ്രമം നടത്തി നോക്കി."എന്റെയില് ബുക്കില്ല.....സ്ലെട്ടില്ലാ.....ഞാന്‍ സ്കൂളില്‍ പോയിലാ..."ജാസ്സി ഗിഫ്റ്റിന്റെ അടിപൊളി പാട്ടിന്റെ അത്രയും ആയുസ്സുണ്ടായില്ല ഇതിനു.നിമിഷങ്ങള്‍ക്കകം കബീച്ച സ്ലേറ്റുമായി  ഹാജരായി.സ്ലേറ്റും തന്നിട്ട് ഉപ്പ എന്നോട് ക്ലാസ്സില്‍ പോയി ഇരിക്കാന്‍  പറഞ്ഞു.ശൂന്യമായ ആവനാഴിയുമായി ഞാന്‍ അടിയറവ്‌ പറഞ്ഞു.ഇനി എന്റെ വേലത്തരമൊന്നും ഇവിടെ ചെലവാവില്ലെന്നു മനസിലായപ്പോള്‍ പാട്ടിന്റെ ട്യൂണ്‍ ശാസ്ത്രീയ സംഗീതമാക്കിമാറ്റി  വോല്യം പരമാവധി കുറച്ച് ഏങ്ങലടിച്ചു ഞാന്‍  കൊണ്ട് ക്ലാസ്സില്‍ പോയി ഇരുന്നു.കുറച്ച് കരഞ്ഞു കഴിഞ്ഞപ്പോള്‍ ഏങ്ങലടിയും  താനേ നിന്നു.ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ ക്ലാസ്സില്‍ ആരുമില്ല.കുട്ടികെളെല്ലാം സ്കൂളിന് പുറത്തും അകത്തുമായി കളിക്കുകയാണ്.രണ്ടാം ബെല്ല് അടിച്ചിട്ടില്ലെന്നു എനിക്ക്  മനസിലായി.ഞാന്‍  സ്ലേറ്റുമെടുത്തു മല്ലേ പുറത്തിറങ്ങി.ചില കുട്ടികള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ട്.വേറെ ചിലര്‍ കളിക്കാന്‍ ക്ഷണിച്ചു.ഞാന്‍ ആരെയും ശ്രദ്ധിക്കാന്‍ പോയില്ല.ചുറ്റും കണ്ണോടിച്ചു.പുറത്തു കുട്ടികളല്ലാതെ വേറെ ആരുമില്ല.ഉപ്പയും കബീച്ചയും സ്ഥലം വിട്ടിരിക്കുന്നു.കരഞ്ഞു തളര്‍ന്ന എന്റെ മുഖത്ത് പൂര്‍ണ്ണ ചന്ദ്രന്റെ പുഞ്ചിരി വിടര്‍ന്നു.
"എന്നോടാണോ മോനെ ഉപ്പ കളി "
എന്നും മനസ്സില്‍ പറഞ്ഞു ഞാന്‍ അവിടെന്ന് വേഗം തടി തപ്പി.അടുത്ത ഒളിത്താവളവും തേടി.  
        



                                                                                                     

16 comments:

  1. ദാ .....എനിക്ക് പറയാനുള്ളത് ഇത് തന്നെ .........
    ചെറുപ്പത്തില്‍ ഇത്ര തരികിടയായ നിങ്ങള്‍ പിന്നെ എങ്ങിനെ നേരെയായി ??? നന്നായിട്ടുണ്ട് യാച്ചു ഭായ്‌ ഈ അനുഭകഥ .... തിരക്കിനിടയിലും എഴുതാനുള്ള സമയം കണ്ടെത്തുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ....

    ReplyDelete
  2. സത്യം പറയാലോ....ഞാന്‍ ഈ കഥയിലെ ഓരോ വാക്കും വായിച്ചിട്ട് ചിരിച്ചു പോയി...ഈ കബീച്ച എന്നെ ഒക്കെ എത്ര ഓടിച്ചതാണ്....നര്‍മ രസതിലുള്ള യാസ്ര്ചാന്റെ കഥ അവതരണത്തിന് കഴിവ് മികവുറ്റതാണ്...ഓരോ വരികളില് നര്‍മം ഉണ്ടെങ്കിലും എനിക്ക് ഇഷ്ടപെട്ട നര്‍മ ഇതാണ്...അപ്പറത്തെ വളപ്പിലൂടെ വള്ളിയോട്ടെക്ക് പ്രവേശിച്ചു.അപ്പറത്തെ വളപ്പിലൂടെ വള്ളിയോട്ടെക്ക് പ്രവേശിച്ചു.(ഇതും എന്റെ മറ്റൊരു കുഞ്ഞുമ്മാന്റെ പറമ്പാണ്.ബദര്‍ കുന്നരിയത്,ഷംസീര്‍ഷാഫി എന്നീ പ്രഗല്‍ഭര്‍ കുട്ടിക്കാലം ചിലവഴിച്ചതും മഹാനായ അഫ്സല്‍ ഇപ്പോള്‍ താമസിക്കുന്നതുമായ വീട് ഇവിടെയാണ്‌.)

    ReplyDelete
  3. ഹ..ഹ..ഹ... :) :) :)

    പിന്നെ, ഇടയ്ക്ക് കുറച്ചും കൂടെ സ്പെയിസ് ഇട്ടു എഴുതിയാല്‍, കുറച്ചും കൂടെ ഈസി വായന ആയാനെ.

    ReplyDelete
  4. നന്നായി...അപ്പോള്‍ പണ്ടേ തരികിട ആണ് അല്ലെ...എന്തായാലും ഇത്രയും എഴുതുന്നതില്‍ സമ്മതിക്കണം...

    ReplyDelete
  5. കൊള്ളാംട്ടോ ...മാഷെ
    ആശംസകള്‍

    ReplyDelete
  6. നന്നായിട്ടുണ്ട്...

    ReplyDelete
  7. എന്താ ചെയാ, ഒക്കെ ഓരോ തരികിട.
    നന്നയിണ്ട്.

    ReplyDelete
  8. :) രസകരമായി അവതരിപ്പിച്ചു..:)

    ReplyDelete
  9. കാഞ്ഞങ്ങാടന്‍:" ചെറുപ്പത്തില്‍ ഇത്ര തരികിടയായ നിങ്ങള്‍ പിന്നെ എങ്ങിനെ നേരെയായി ??"
    ജീവിതാനുഭവങ്ങള്‍ ഒരുപരുവത്തിലാക്കി എടുത്തു കഞ്ഞങ്ങാടാ....

    ആചാര്യന്‍"എന്തായാലും ഇത്രയും എഴുതുന്നതില്‍ സമ്മതിക്കണം.

    മലയാളം ടൈപ്പിംഗ്‌ അത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല.മംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ ശരിയായ അവഗാഹം ഉണ്ടായാല്‍ എളുപ്പമാണ് എന്നാണു എനിക്ക് തോന്നുന്നത്.

    റ്റോംസ് | thattakam.com

    ഷംസീര്‍ melparamba

    Captain Haddock

    ismail chemmad

    ജുവൈരിയ സലാം

    രമേശ്‌അരൂര്‍

    mottamanoj

    Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി

    അത്രയൊന്നും പ്രസക്തമല്ലാത്ത എന്റെ ഈ വരികള്‍ വായിക്കാനും
    അഭിപ്രായങ്ങള്‍ പറയാനും സമയം ചിലവഴിച്ചതില്‍ ഈയുള്ളവന് നിങ്ങളോട് ഒരുപ്പാട് നന്ദിയുണ്ട്.....
    തുടര്‍ന്നും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  10. yaasar nee ethra midukkanaayirunno....?
    ninte thalamura paade nashicha ee kaalath kuttikalk eth oru paadamaakatte....eniyulla kuttikal eth vaayich class cut cheyyatte....nannayitund...

    ReplyDelete
  11. അടിപൊളി എന്ന് പറയാതിരിക്കാന്‍ കഴിയില്ല...
    അത്രക്കും നന്നായിട്ടുണ്ട്...
    അവതരണം സൂപ്പര്‍...
    എപ്പോ പഠിച്ചു ഇങ്ങനെയൊക്കെ എഴുതാന്‍..?
    ഒരു പാട് മാറ്റം വരുത്തിയിട്ടുണ്ട് എഴുത്തിന്...
    വായിക്കാന്‍ നല്ല രസം...
    ഇനിയും ഒരു പാട് '(വി)കൃതികള്‍' പ്രതീക്ഷിക്കുന്നു...

    ReplyDelete
  12. സ്കൂള്‍ ജീവിതത്തിലേക്കുള്ള ഓര്‍മ്മയുടെ തിരിച്ചു പോക്ക് നന്നായി. ഞാനും എന്‍റെ ചില കുസൃതികള്‍ ഓര്‍ത്ത്‌ പോയി. അതിലൊന്ന് ഇവിടെ എഴുതിയിരുന്നു.

    ReplyDelete

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....