Saturday, April 09, 2011

വേണം നമുക്കും ഒരു മാറ്റം.

          
              ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറുമെന്ന് കണക്കുകളെ ഉദ്ദരിച്ച് വിവരമുള്ളവര്‍ പറയുന്നു.മറ്റു രാജ്യക്കാരോട് സ്വന്തം നാടിന്റെ വികസനത്തെ കുറിച്ച് പറയ്മ്പോള്‍ നമ്മള്‍ നൂറു നാവുകള്‍ കൊണ്ട് വാചാലമാവുന്നു.അവര്‍ നമ്മുടെ മുന്നോട്ടുള്ള കുതിപ്പിനെ വിശ്മയത്തോടെയും അസൂയയോടെയും നോക്കി  കാണുമ്പോള്‍ നമ്മുടെ അന്തരംഗം അഭിമാന പൂരിതമാകുന്നു.പക്ഷെ,യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കകത്ത് എന്താണ് നടക്കുന്നത്?.ലോക വന്‍ ശക്തിയായി മാറി കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് നടക്കേണ്ട കാര്യങ്ങളാണോ നമ്മുടെ ആര്‍ഷ ഭാരതത്തില്‍ നടമാടി കൊണ്ടിരിക്കുന്നത്‌?.


             കൊ പ്രേറ്റ്‌ ബിസിനെസ്സിലും സന്താന ഉല്പാദനത്തിലും അഴിമതിയിലും മാത്രമാണ് ഇന്ന് നാം വികസിചു കൊണ്ടിരിക്കുന്നത്.അഴിമതിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് നമ്മളെന്ന് സമീപ്പക്കാല സംഭവങ്ങളെ വിശകലനം ചെയ്യുമ്പോള്‍  തോന്നി പോകും.വികസന പട്ടികയുടെ അടിത്തട്ടില്‍ കിടക്കുന്ന ആഫ്രിക്കന്‍ നാടുകളെ പോലും നാണിപ്പിക്കുന്ന വിധത്തിലായിരിക്കുന്നു അഴിമതിയില്‍ കുളിച്ചു കിടക്കുന്ന നമ്മുടെ നാടിന്റെ അവസ്ഥ.

           രു ലോക വന്‍ ശക്തി ആകാനുള്ള യോഗ്യത ഇന്ത്യയ്ക്ക്‌ ഉണ്ടോ?.അതിനു വേണ്ടിയുള്ള തയ്യാറെടുപ്പ്‌ വല്ലതും നമ്മള്‍ നടത്തുന്നുണ്ടോ?ഒരു വികസിത രാജ്യത്തിനു വേണ്ട വിധത്തിലുള്ള അടിസ്ഥാന സൌകര്യങ്ങളോ,ജനങ്ങളുടെ ജീവിത നിലവാരമോ ഇവിടെ വികസിച്ചിട്ടില്ല.ലോക വന്‍ ശക്തി സ്ഥാനത്തിന് വേണ്ടി നമ്മളോട് മത്സരിക്കുന്ന ചൈനയിലെ റോഡുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ റോഡുകളോട് കിടപിടിക്കുന്നതാണ്.ഒരു വന്‍ ശക്തിക്ക് ഉണ്ടായിരിക്കേണ്ട എല്ലാ മേന്മകളും നേടിയെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ നടപ്പില്‍ വരുത്തി കഴിഞ്ഞിരിക്കുന്നു.ഒളിപ്ക്സും ഏഷ്യന്‍ ഗൈമ്സ്സും വളരെ വിജയകരമായി നടത്തി കാണിച്ചു കൊണ്ട് അവര്‍ തെളിയിച്ചിരിക്കുന്നു ഭാവിയില്‍ ലോകത്തെ നിയന്ത്രിക്കാന്‍  എന്ത് കൊണ്ടും    തങ്ങളാണ് യോഗ്യരെന്നു.നേരെ മറിച്ച് നമ്മുടെ നാടിന്റെ അവസ്ഥയെന്താണ് ?.പണിത് കൊണ്ടിരിക്കുമ്പോഴും പണിത് കഴിഞ്ഞു ആള്‍ക്കാര്‍ കയറി നില്‍ക്കുമ്പോഴും തകര്‍ന്നു വീഴുന്ന പാലങ്ങളും നടപാതകളും.പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍,സ്വജന പക്ഷപാതം കൊണ്ടും അഴിമതി കൊണ്ടും  ആകെ അലങ്കോലമായി കിടക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍,പട്ടിണി മരണങ്ങളുടെ കണക്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും നമ്മുക്ക് പിന്നില്‍.

           ലോകത്ത് ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ ഉള്ളതും ഇന്ത്യയില്‍ തന്നെ.പണമെല്ലാം ഒരു ഭാഗത്ത്‌ കുമിഞ്ഞു കൂടുമ്പോള്‍ മറുഭാഗത്ത്‌ പട്ടിണി മരണങ്ങള്‍ ഏറി ഏറി വരുന്നു.ഏതു അവിഹിത മാര്‍ഗത്തിലൂടെയും ജനങ്ങളുടെ സമ്പത്ത് കവര്‍ന്നു എടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ലോബികളെയും കൊപ്രേറ്റ്‌ ഭീമമ്മാരെയും (ഭീകരന്മാര്‍)തൊടുവാന്‍ പോലും നമ്മുടെ ഭരണ സിരാകേന്ദ്രങ്ങള്‍ ഭയക്കുന്നത് കാണുമ്പോള്‍ തന്നെ നമ്മുക്ക് മനസിലാക്കാം അഴിമതിയുടെ അട്ടകള്‍ എവിടെയൊക്കെ അള്ളി പിടിച്ചിട്ടുണ്ടെന്ന് .സുപ്രീം കോടതിയുടെ നിരന്തരമായ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രമാണ് ലക്ഷക്കണക്കിന് കോടി രൂപയുടെ വെട്ടിപ്പ്‌ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ വൈകിയെങ്കിലും മുതിര്‍ന്നത്.

        ത്തരമൊരു സാഹചര്യത്തിലാണ് അണ്ണാ ഹസാരെ 121 കോടി ജനങ്ങളുടെ പ്രതീക്ഷയായി മാറുന്നത്.എത്ര കോടികളുടെ അഴിമതികളും പകല്‍ പോലെ വെളിച്ചത്ത് വന്നാലും അപകടകരമായ ഒരുതരം നിസ്സംഗതയായിരുന്നു ഇത്രയും കാലം നമ്മള്‍ക്ക്.സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രമുള്ള പ്രതിഷേധങ്ങളില്‍ മനം മടുത്തു ഒന്നിലും പ്രതികരിക്കാതെ സാധാരണ ജനങ്ങള്‍ മാറി നില്‍ക്കുകയായിരുന്നു ഇത്രയും കാലം.അനീതിക്കും അഴിമതിക്കുമെതിരെ ഉള്ള പ്രതിഷേധങ്ങള്‍ എല്ലാം ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുടെ ലേബലിന് കീഴില്‍ മാത്രം ഒതുങ്ങി നിന്നപ്പോള്‍ ജനങ്ങള്‍ പല വിഭാഗങ്ങളായി ചിതറി പോവുകയായിരുന്നു.അപ്പോഴും ജനങ്ങള്‍ ഒരു മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടായിരുന്നു.പക്ഷെ ആ മാറ്റം ആര് കൊണ്ട് വരും, എങ്ങനെ കൊണ്ട് വരും എന്നത് വലിയൊരു ചോദ്യ ചിഹ്നമായി നിലകൊണ്ടു ഇത്രയും കാലം.നിഷ്പക്ഷമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു നേതൃത്വത്തിന്റെ  അഭാവം നിഷ്പക്ഷമതികളായ ജനങ്ങള്‍ക്ക്‌ മുമ്പില്‍ ഒരു സമസ്യയായി നിലകൊണ്ടു.

           തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ,നാടിന്റെ ഭാവി നിര്‍ണ്ണയത്തില്‍ ഭാഗവാക്കാവാനുള്ള ആഗ്രഹത്തില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും നല്ല സ്ഥാനാര്‍ഥിക്ക്  വേണ്ടി തങ്ങളുടെ സമ്മതിനാവകാശം വിനിയോഗിക്കുന്ന നിഷ്പക്ഷമതികളായ ഭൂരിപക്ഷം വരുന്ന പൗരന്മാര്‍ ഇവിടെ ഉണ്ട്.ഇന്നത്തെ ചീഞ്ഞു നാറുന്ന വ്യവസ്ഥിതിയില്‍ നിന്നും ഒരു മാറ്റം അവര്‍ ആഗ്രഹിക്കുന്നുണ്ട്.അവര്‍ക്ക് മുന്നില്‍ നിന്ന് പോരാടാന്‍ തയ്യാറായി ഒരു വയോ വൃദ്ധന്‍ മുന്നോട്ടു വന്നിരിക്കുന്നു.അതാണ്‌ അണ്ണാ ഹസാരെ.ഹസാരെയുടെ പിന്നില്‍ ആയിരങ്ങള്‍ അണിനിരക്കാന്‍ തുടങ്ങിയിരിക്കുന്നു.ടുനീഷ്യയിലും ഈജ്യപ്തിലുമൊക്കെ നടന്നതു പോലുള്ള ഒരു മുല്ലപൂ വിപ്ലവം ഇവിടെയും നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഒരു മാറ്റം നമ്മുക്കും ആവിശ്യമായി വന്നിരിക്കുന്നു.അണ്ണാ ഹസാരയുക്ക് പിന്നില്‍ നമ്മുക്കും അണിനിരക്കാം.നാടിന്റെ സമ്പത്ത് കവര്‍ന്നെടുത്തു കൊണ്ട് പോകുന്ന കൊപ്രേറ്റ്‌ കൊള്ളക്കാരെ അകത്താക്കാന്‍ വേണ്ടി.....