Tuesday, December 18, 2012

മഅദനി എന്നില്‍ അന്നും ഇന്നും

ചെറുപ്പത്തില്‍ മഅദനിയുടെ പ്രസംഗങ്ങള്‍ ഏറെയൊന്നും ഞാന്‍ കേട്ടിട്ടില്ല.എന്നാല്‍ അപൂര്‍വ്വമായെങ്കിലും കേള്‍ക്കുമ്പോള്‍ സിരകളില്‍ ചോരയോട്ടം വര്‍ധിക്കുകയും മാനസികാവസ്ഥ വല്ലാത്തൊരു തലത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.കേട്ടുക്കഴിഞ്ഞു കുറച്ചു കഴിഞ്ഞാല്‍ പൂര്‍വ്വ സ്ഥിതിയില്‍ ആവുകയും അവയിലെ പൊള്ളത്തരവും അപകടാവസ്ഥയെയും കുറിച്ചുള്ള വിചാരങ്ങളല്ലാതെ അതിനപ്പുറം ഒരു വികാരം എന്നിലുണ്ടാക്കാന്‍ അതിനു കഴിഞ്ഞിരുന്നില്ല.കാരണം ,ആക്രമണ സ്വഭാവമുള്ള ആശയങ്ങളോടും നിലപാടുകളോടും എനിക്കന്നെ യോജിപ്പുണ്ടായിരുന്നില്ല.

ഞാന്‍ കേട്ട മഅദനിയുടെ പ്രസംഗങ്ങളില്‍ ഏറെയും മഅദനി ലക്‌ഷ്യം വെച്ചിരുന്നത് കേരള പോളിസുക്കാരെയായിരുന്നു.അത്എന്തിനു വേണ്ടിയായിരുന്നു എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന പോലെ വര്‍ഗീയ വാത്കരിക്കപ്പെട്ടിട്ടില്ല കേരള പോലിസ്‌ അന്നും ഇന്നും .മഅദനിയുടെ ആക്രോശങ്ങളും ആക്ഷേപ്പങ്ങളും കേട്ട് കൊണ്ട് മഅദനിയുടെ പരിപ്പാടിക്ക് പോലിസുക്കാര്‍ കാവല്‍ നിന്നു.


ഇന്ന് കാലവും കഥയും മാറി. പത്തു വര്‍ഷത്തെ കാരാഗൃഹ വാസത്തിനു ശേഷം നിരപാധിയാണെന്ന് വിധി വന്നപ്പോള്‍ ആ വലിയൊരു നീതി നിഷേധത്തെ കുറിച്ച് എല്ലാവരും വാ തോരാതെ സംസാരിച്ചു.പ്രതിയോഗികള്‍ തയ്യാറാക്കിയ തിരകഥയ്ക്ക് അനുസൃതമായി അദ്ദേഹം വീണ്ടും ജയിലലടക്കപ്പെട്ടു.അതും ആദ്യത്തെ പോലത്തെ തന്നെ വിചാരണ തടവുക്കാരനായി.മാറിയ ജീവിത സാഹചര്യത്തില്‍ അമ്പതോ അറുപ്പതോ വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ഒരു പുരുഷായുസിന്റെ നല്ലൊരു ഭാഗം തെളിയിക്കപ്പെടാത്ത കുറ്റത്തിന്റെ മേല്‍ തടവറയില്‍ ഇടുക എന്ന് പറഞ്ഞാല്‍ അതൊരു ഭരണകൂട ഭീകരത തന്നെ.സാധാരണ ജനങ്ങള്‍ക്ക്‌ ആശ്വസിക്കാന്‍ വക നല്‍കുന്ന ഒരുപ്പാട് വിധികള്‍ ഇന്ത്യന്‍ കോടതികളില്‍ നിന്നും വന്നിട്ടുണ്ട്.പ്രത്യേകിച്ചും സുപ്രീം കോടതിയില്‍ നിന്നും.പക്ഷെ ,രോഗം കൊണ്ട് വലയുന്ന,കുറ്റം ഇനിയും തെളിയിക്കപ്പെടാതെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന മഅദനിയുടെ നേരെ സുപ്രീംകോടതി പോലും കണ്ണടച്ച് കളയുന്നത് എന്ത് കൊണ്ടാണ് എന്ന് മനസിലാവുന്നില്ല.

മഅദനിക്ക് നീതി ലഭ്യമാക്കാന്‍ ജന പിന്തുണ കുറഞ്ഞ സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.അവരുടെ പ്രവര്‍ത്തങ്ങള്‍ മൂലം കാര്യമായിട്ട് എന്തെങ്കിലും ഫലമുള്ളതായിട്ട് അറിവില്ലെങ്കിലും മഅദനി പ്രശ്നം ജനമധ്യത്തില്‍ സജീവമായി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.ഇപ്പോഴത്തെ പുതിയ സംഭവ വികാസം എന്ന് പറയുന്നത് അഥവാ ആശ്വാസം നല്‍കുന്ന കാര്യം മുസ്ലീം ലീഗ് അഭിപ്രായ ഭിന്നതകളെല്ലാം മാറ്റി വെച്ച് കൊണ്ട് മഅദനിക്ക് വേണ്ടി ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്.തികച്ചും മനുഷ്യത്തപരമായ (ഇതിനു മുമ്പ്‌ ലീഗിന് മനുഷ്യത്വം ഉണ്ടായിരുന്നില്ലേ എന്ന് ചോദിക്കരുത്.) ഇങ്ങനെയൊരു നീക്കത്തിന് പിന്നിലെ അപകടം മണത്തറിഞ്ഞ മാര്‍കിസ്റ്റ്ക്കാരും മറ്റുള്ളവരും മഅദനിക്ക് വേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങിയിരിക്കുന്നു.ഇതൊക്കെ ആത്മാര്‍ഥതയോടെ ആണെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഒന്നിച്ചു നിന്നു മഅദനിയുടെ മോചനത്തിന് ശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.ഒരാള്‍ എന്തെങ്കിലും നേട്ടമുണ്ടാക്കുന്നത് കാണുമ്പോള്‍ അതിനു തടയിടാനുള്ള കോപ്രായമായി ഇപ്പോഴത്തെ നെഞ്ചത്തടി മാറരുത്.

No comments:

Post a Comment

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....