Wednesday, August 26, 2015

സ്നേഹമുള്ള സിംഹം . (അതാണ്‌ പിതാവ് )


സര്‍ക്കസ് തുടങ്ങി കുറച്ചു നേരമായാതെയുള്ളൂ.റിംഗില്‍ വിവിധ വര്‍ണ്ണങ്ങള്‍ കൊണ്ടലങ്കരിച്ച വസ്ത്രങ്ങളണിഞ്ഞ കലാകാരന്മാരും കാരികളും ഓരോന്നായി സര്‍ക്കസഭ്യാസങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.വളയങ്ങളും തീപന്തങ്ങളും ചാട്ടങ്ങളുമൊക്കെയായി പ്രകടനങ്ങള്‍ക്ക് കൊഴുപ്പ് കൂടി കൊണ്ടിരിക്കെ കൂടാരത്തിന്റെ കവാടത്തിനു പുറത്ത് ഏതോ കശപിശയുടെ കലപില ശബ്ദം.റിംഗിലെ പ്രകടനം കണ്ടു അത്ഭുതമൂറി നിന്ന മനസിന്റെ ശ്രദ്ധ പുറത്തെ കശപിശയില്‍ പതിഞ്ഞത്,അതിലേതോ ഒരു ശബ്ദ തരംഗം തലച്ചോറിലെ ശബ്ദ സെല്‍ അതിവിദഗ്ദമായി പിടിച്ചെടുത്തു സ്കാന്‍ ചെയ്തു തിരിച്ചറിഞ്ഞു അപായ സൂചന മനസിലേക്ക് കൈമാറിയപ്പോഴാണ്.ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചയുടനെ മനസില്‍ ത്വരിതഗതിയില്‍ ചില രാസ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ ന്യൂനമര്‍ദ്ദത്താല്‍ ഉത്ഭവിച്ച ഒരു മിന്നല്‍പിണര്‍ മനസ്സില്‍ നിന്നും അതിവേഗം ഹൃദയത്തിലേക്ക് പ്രവഹിച്ചു നെഞ്ചുംകൂട് തകര്‍ത്തു പുറത്തേക്കെവിടെയോ ചീറിപഞ്ഞു പോയി,ശൂന്യതയില്‍ അപ്രത്യക്ഷമായി ....


റിംഗില്‍ കുള്ളന്മാരായ കോമാളികള്‍ വന്നതും കാണികള്‍ പൊട്ടിച്ചിരിച്ചു വശംക്കെട്ടതൊന്നും ഞാനറിഞ്ഞില്ല.സര്‍ക്കസ് കൂടാരത്തിന്റെ ഉയരങ്ങളില്‍ ഊഞ്ഞാലാടുന്ന പെണ്‍കൊടികളില്‍ നിന്നും ശ്രദ്ധ തിരിഞ്ഞു ആലോചനകള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഊടുവഴികളിലൂടെ കാടുക്കയറി പോയി.തലച്ചോറിന്റ നിഗമനങ്ങളൊന്നും സത്യമാകരുതേ എന്ന പ്രാര്‍ത്ഥനകളൊന്നും , അപായ സൂചന കിട്ടിയതു മുതല്‍ അപകട സൈറന്‍ മുഴക്കി കൊണ്ട് ചടപടാ ഇടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തിനു തീരെ ആശ്വാസം നല്‍കിയില്ല.തലമണ്ടയും മനസും നിരന്തരമായി ബന്ധപ്പെട്ടു കൊണ്ട് സ്ഥിതിവിവരങ്ങള്‍ വിലയിരുത്തി കൊണ്ടിരിക്കെ സാഹചര്യ സമ്മര്‍ദ്ദത്താല്‍ ശരീരത്തിന് വിറയലും പനിയും പിടിക്കപ്പെടുകയും വിയര്‍പ്പുത്തുള്ളികള്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു. ഹൃദയത്തിന്റെ പെരുമ്പറ തുടര്‍ന്ന് കൊണ്ടിരിക്കെ മനസ്സില്‍ ആറാട്ടുമേളം തുടങ്ങി കഴിഞ്ഞിരിക്കുന്നു.ഇനിയങ്ങോട്ട് എന്താണ് നടക്കാന്‍ പോകുന്നത് എന്നോര്‍ത്ത് ഭയന്ന് വിറച്ചു കൈയും കാലും മോഹോനിയാട്ടവും കുച്ചുപ്പുടിയും ഒന്നിച്ചാടുന്നു.
നിമിഷങ്ങള്‍ക്കകം കൈയ്യില്‍ വെളിച്ചവുമായി നീണ്ടു മെലിഞ്ഞ ഒരു രൂപ്പം കൂടാരത്തിനകത്ത് പ്രവേശിച്ചു. പിന്നാലെ വേറെയും രണ്ടു പേര് കൂടി.കൈയില്‍ ടോര്‍ച്ച് ഉണ്ടായിരുന്നയാല്‍ ഗാലറിയില്‍ ഇരിന്നിരുന്ന കാണികളുടെ മുഖത്തേക്കടിച്ചു ആരെയോ തിരയാന്‍ തുടങ്ങി. അതുവരെ കഥയൊന്നും അറിയാതെ സര്‍ക്കസ് ആസ്വദിച്ചിരുന്ന കൂട്ടുക്കാര്‍ക്ക്‌ അപ്പോഴാണ്‌ അപകടം മണത്തത്.അവരുടെ മുഖം എന്നിലേക്ക് തിരിയുന്നത് ഞാനറിഞ്ഞു.ഭയവും സങ്കടവും കാരണം നിറഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ അവരുടെ മുഖഭാവം തിരിച്ചറിയാന്‍ എനിക്കായില്ല.ഇറുക്കിപ്പിടിച്ച കണ്‍പ്പോളകളുടെ ശുശിരങ്ങള്‍ക്കിടയിലൂടെ മുഖത്ത് വെളിച്ചം വന്നു വീഴുന്നത് ഞാനറിഞ്ഞു.''ഇതാ ,ഇവിടെയുണ്ട് " എന്ന് അയാള്‍ വിളിച്ചു പറയുന്നു.പിടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.ഇനി രക്ഷയില്ല എന്ന് ബോധ്യമായതോടെ ആഞ്ജ ലഭിക്കുന്നതിനു മുമ്പേ ഗാലറിയുടെ മരപ്പടികള്‍ ഞാന്‍ ഇറങ്ങി കഴിഞ്ഞിരുന്നു,പിന്നാലെ സുഹൃത്തുകളും.....
അന്നത്തെ സിനിമകളിലെ പ്രധാന വില്ലന്മാരില്‍ ഒരാളായ ഒമ്നി വാന്‍ ഞങ്ങളെയും കാത്തു പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു.അനുസരണയുള്ള കുഞ്ഞാടുകളെ പോലെ പിന്നില്‍ നിന്നും തുറന്നു തന്ന വാതിലിലൂടെ ഞങ്ങള്‍ അതിനുള്ളില്‍ കയറി ഇരുന്നു.ഞങ്ങളെയു വഹിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി തുടങ്ങിയിരിക്കുന്നു.അവര്‍ മൂന്നു പേരും മുന്‍ഭാഗത്താണ് ഇരിക്കുന്നത്. പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പരസ്പരം എന്തൊക്കയോ സംസാരിക്കുന്നുണ്ട്. ഞങ്ങളെ എവിടെയാണ് ഇവര്‍ കൊണ്ട് പോകുന്നത്?.ഇവര്‍ ഞങ്ങളെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?.ഏതായാലും എനിക്ക് കൊടിയ പീഡനം നേരിടേണ്ടി വരുമെന്നുള്ള കാര്യം ഉറപ്പാണ്.അതോര്‍ത്തപ്പോള്‍ തന്നെ എന്റെ കൈയും കാലും വീണ്ടും വിറക്കാന്‍ തുടങ്ങി.മറ്റുള്ളവര്‍ക്ക് അങ്ങനെയുള്ള ദുരിതങ്ങളൊന്നും നേരിടേണ്ടി വരുമെന്ന് തോന്നുന്നില്ല.എന്നാലും ഈ ദുഷ്ടന്മാര്‍ എന്തെങ്കിലുമൊക്കെ ചെയ്യാതിരിക്കോ?.ഉത്തരം കിട്ടാത്ത ഇത്തിരി ചോദ്യങ്ങളുമായി ആ മൂവര്‍ സംഘത്തെ ഞാന്‍ ഒരിക്കല്‍ കൂടി നിരീക്ഷിച്ചു.
ഇടതു ഭാഗത്ത്‌ വിന്‍ഡോക്ക് അരികിലായി ഇരിക്കുന്ന കഷണ്ടിക്കയറിയ ആളെ നിങ്ങള്‍ ശ്രദ്ധിച്ചോ ?.അയാളുടെ വട്ടമുഖത്തിനു എന്റെ അതേ ചായയാണ്.അതാണ്‌ നാട്ടുക്കാര്‍ക്കിടയില്‍ പട്ടം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എന്റെ ഉപ്പ.വണ്ടി ഓടിക്കുന്നത് ഉപ്പാന്റെ സുഹൃത്ത് പുതിയാപ്ല (ഹസ്സന്‍ച്ചാന്റ അമ്മോശന്‍ ) നടുവില്‍ ഇരിക്കുന്ന ഇരുണ്ട നിറമുള്ള ഇയാളാണ് ടോര്‍ച്ചുമായി കൂടാരത്തില്‍ ആദ്യം കയറി വന്നു ലൈറ്റ്ടിച്ചു ഞങ്ങളെ പിടിക്കൂടിയത്.ഞങ്ങളുടെ പറമ്പില്‍ കുടിയിരിക്കുന്ന ഈ ബീരാന്ച്ചയാണ് ഇവരുടെ ശിങ്കിടി.
ഇരുട്ടിനെ ഭയപ്പെടുതാനാണോ എന്ന് തോന്നിപ്പിക്കുമാറു ഒരു പ്രത്യേക താളത്തില്‍ മുരണ്ടുകൊണ്ടു ഓംനി വാന്‍ എനിക്ക് അജ്ഞാതമായ വഴികളിലൂടെ മുന്നോട്ടു പോയി കൊണ്ടിരിക്കെയാണ് എന്റെ ഓര്‍മ്മകള്‍ റിവേര്സ് ഗിയര്‍ ഇട്ടു ഇന്നത്തെ മധ്യാഹ്നത്തിലേക്ക് പിന്നോട്ട് പാഞ്ഞത്.
ഫ്ലാഷ്ബാക്ക്.......
സ്കൂള്‍ അവധിക്കാലം കളിച്ചും കറങ്ങിയും മടുത്തു വിരസമായി മാറിയപ്പോഴാണ് കൂട്ടുക്കാരില്‍ ആരോ ''തിരുവോകൊളി''യില്‍ വന്നിരിക്കുന്ന സര്‍ക്കസിന്റെ കാര്യം പറഞ്ഞത്.തിരുവോകൊളി കുറച്ചു ദൂരെയുള്ള ഒരു സ്ഥലമായിരുന്നെങ്കിലും കേട്ടപ്പോള്‍ എല്ലാവര്‍ക്കും സര്‍ക്കസ് കാണാന്‍ പോകാന്‍ ആശയായി.തീരുമാനമൊക്കെ വളരെ പെട്ടെന്നായിരുന്നു.എല്ലാവരും അവരവരുടെ വീട്ടിലേക്കു ഓടി.എന്റെ എ ടി എം മെഷിന്‍(ഒരു സോഷ്യല്‍ മിഡിയ പ്രയോഗം ) ആയ ഉമ്മയുടെ പാട്ടയില്‍ കൈയിട്ടു വാരുന്നതിനിടയില്‍ ഉമ്മാനോട് കാര്യം പറഞ്ഞു.
''ഉപ്പാനോട് പറഞ്ഞിറ്റ് പോയാ മതി അബെ .''
ഒരുതരി എതിര്‍പ്പ് പോലും ഉമ്മാന്റെ ഭാഗത്ത്‌ പ്രതീക്ഷിക്കാത്ത എന്നില്‍ ഉമ്മാന്റെ ഈ പ്രതികരണം സര്‍ക്കസ് എന്റെ മോഹത്തിന് മേല്‍ കരിനിഴലാണ് വീഴ്ത്തി.ഉപ്പാനോട് ചോദിക്കാന്‍ പോകുന്നതിനേക്കാള്‍ നല്ലത് സര്‍ക്കസ് എന്ന വര്‍ണ്ണാഭമായ സ്വപനം ഉപേക്ഷിക്കുന്നതാണ്.ഏതോ വഴിക്ക് പോകുന്ന വഴക്കിനെ ചോദിച്ചു വാങ്ങേണ്ടല്ലോ!! .
''ഉമ്മാന്നെ പറഞ്ഞിറ് ''
എന്നും പറഞ്ഞു പൈസയും എടുത്തു ഞാനോടി ,കട്ടക്കാലിന്റെ ഇറക്കതിലേക്ക്.അപ്പോഴും ഉപ്പാനോട് പറയാതെ പോകേണ്ട എന്ന് ഉമ്മ പിന്നില്‍ നിന്നും വിളിച്ചു കൂവുന്നുണ്ടായിരുന്നു.
മുന്‍നിശ്ചയിച്ചത് പ്രകാരം കട്ടക്കാലിലെ പാറക്കല്ലില്‍ ഓരോരുത്തരായി എത്തി കൊണ്ടിരിരുന്നു.ഹംസ ,അഷ്‌റഫ്‌ ,മുനീര്‍ ,അക്കു .....അങ്ങനെ ആറേഴുപ്പേര്‍ .രണ്ടു ബസ്സുകള്‍ കയറിയിറങ്ങി തിരുവകൊളി എത്തി.നാലുമണിക്കുള്ള ഷോ തുടങ്ങി കഴിഞ്ഞിരുന്നു.ഏഴു മണിക്കുള്ള അടുത്ത ഷോ ക്ക് കയറാമെന്ന് തീരുമാനമായി .അതുവരെ കൂട്ടിലടച്ച മൃഗങ്ങളെ കൌതകത്തോടെ നോക്കി ആശ്ചര്യപ്പെട്ടും സര്‍ക്കസ് കൂടാരത്തിന്റെ പുറമെടിയില്‍ മനംമയങ്ങിയും അവിടെയുള്ള തട്ടുക്കടയിലെ ഓംലറ്റ്ന്റെയും മറ്റ് സ്പെഷ്യല്‍ വിഭവങ്ങളുടെയും രുചി നുണഞ്ഞും സമയം പോക്കി.സര്‍ക്കസ് കൂടാരത്തിന്റെ പുറത്തു സ്ഥാപ്പിചിരിക്കുന്ന പരസ്യ ബോര്‍ഡിലെ സര്‍ക്കസ് അഭ്യാസങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ നോക്കി മതിമറന്നു ഏറെനേരം നിന്നു.അവിടം നിറയെ കൌതുകങ്ങളും അത്ഭുതങ്ങളുമായിരുന്നു.ആലീസിന്റെ വണ്ടര്‍ ലാ പോലെ..........
''ജോറ് ഏട്ത്തെ ധൈര്യത്തില് ഈ രാത്രിയില്‍ ഇത്ര ദൂരതൊക്കെ പോന്നത്.എട്ടു മണി കയിഞ്ഞെങ്കില്‍ ബസ്സില്ല .പിന്നെ എങ്ങനെ മടങ്ങീറ്റ് ബെര്ന്നത് ''
ഉപ്പാന്റെ ശബ്ദം.ഉപ്പാനെ ശരി വെച്ച് കൊണ്ട് മറ്റു രണ്ടു പേരും എന്തൊക്കെയോ പറയുന്നു.ഞാന്‍ തലയുയര്‍ത്തി കൂട്ടുക്കാരുടെ മുഖത്തേക്ക് നോക്കി.വളരെ ആശ വെച്ച് കാണാന്‍ പോയ സര്‍ക്കസ് പൂര്‍ത്തിയക്കാന്‍ കഴിയാതെ പാതിവഴിയില്‍ എന്തോ കളഞ്ഞ ആരുടെയോ മുഖഭാവമായിരുന്നു അവര്‍ക്ക്.എനിക്ക് ദേഷ്യവും സങ്കടവും ആയിരുന്നെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ എന്നെ ബോധ്യപ്പെടുത്തുകയയിരുന്നു മനസ്‌ .തിരിച്ചു വരുന്നതിനെ കുറിച്ച് ഈ യാത്രയ്ക്ക് പ്ലാന്‍ ഇട്ടതു മുതല്‍ ഇതുവരെ ഞങ്ങള്‍ ആലോചിരുന്നില്ല.എട്ടു മണിക്ക് ശേഷം ബസ്സില്ലാത്ത കാര്യവും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു .തട്ടുക്കടയില്‍ നിന്നും തട്ടിവിട്ട പുഴുങ്ങിയ മുട്ടയും ഓംലെറ്റും സര്‍ബത്തും ഓക്കേ തിരിച്ചു വരാന്‍ ബസ്സ് ടിക്കറ്റുനുള്ള ബാലന്‍സ് പോലും ബാക്കി വെച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
ക്ലാവ് പിടിച്ച ഒരു കൊമ്പോണ്ടിനകത്തു ഓംനി വാന്‍ പ്രവേശിക്കുമ്പോള്‍ മതിലിനു മുകളില്‍ സ്ഥാപ്പിചിരിക്കുന്ന ബോര്‍ഡിന്റെ മുകളിലുള്ള ബള്‍ബിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഞാനത് വ്യക്തമായി വായിച്ചു.
''ബേക്കല്‍ പോലിസ് സ്റ്റേഷന്‍.''
സാധാരണ നിലയിലേക്ക് തിരിച്ചു വന്നുകൊണ്ടിരുന്ന ഹൃദയമിടിപ്പ്‌ പെടുന്നനെ ഉയര്‍ന്നു പൊങ്ങി.കൈ കാലുകള്‍ വിറക്കാന്‍ പോലും ശേഷിയില്ലാതെ നിശ്ചലമായി.ആവിശ്യമായ പ്രവര്‍ത്തനോര്‍ജ്വം ലഭ്യമാകാതെ വന്നപ്പോള്‍ മസ്തിഷ്കം ആലോചനയും മതിയാക്കി.മുമ്പിലിരിക്കുന്ന മൂന്നു വില്ലന്മാരും പുറത്തിറങ്ങി.അവരെ കണ്ടപ്പോള്‍ ഒരു പുറത്തിറങ്ങി വന്ന പോലിസ്ക്കാരനോട് പുതിയാപ്ല എന്തോ കുശുകുശുക്കുന്നു.എല്ലാം കേട്ടുക്കഴിഞ്ഞു തലയാട്ടി പോളിസ്ക്കാരന്‍ നേരെ വന്നത് ഞങ്ങളുടെ അടുത്തേക്കാണ്.പിന്നിലെ ഡോര്‍ തുറന്നു ആ പോലിസ്ക്കാരന്‍ പറഞ്ഞു.
"എല്ലാവരും ഇറങ്ങിക്കെ,ജയിലിലെ ഗോതമ്പ് ഉണ്ട തിന്നാലെ നിങ്ങളൊക്കെ പടിക്കുകയുള്ളൂ.''
എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ പേടിച്ചു വിറച്ചിരിക്കുന്ന ഞങ്ങള്‍ അറവുമാടുകളെ പോലെ വാനില്‍ നിന്നും പുറത്തിറങ്ങി പോലിസ് സ്റ്റെഷനിലേക്ക് നടന്നു.
പോലിസ് സ്റ്റേഷനകത്ത് ടേബിളിനു മുകളില്‍ കൈയ്യില്‍ ലാത്തിയുമായി എസ് ഐ ഇരിപ്പുണ്ട്.ഒരു മൂല കാണിച്ചു അവിടെ പോയി കുത്തിയിരിക്കാന്‍ ഏമാന്‍ ആജ്ഞാപ്പിച്ചു.ഓരോരുത്തരും എസ് ഐ യെ മറിക്കടന്നു പോകുമ്പോള്‍ എസ് ഐ കൈയിലിരിക്കുന്ന ലാത്തി മേശേമേല്‍ ശക്തിയായി അടിക്കും.അതിന്റെ പ്രകമ്പനത്തില്‍ മനസ്സോന്നും കിടുങ്ങി പോകും.ഹംസാന്റെ ഊഴമെത്തിയപ്പോള്‍ അടിയുടെ ശബ്ദത്തില്‍ വിറച്ചു പോയ ഹംസ "എന്റുമ്മാ '' എന്ന് നിലവിളിച്ചു കൊണ്ട് ഓടിപ്പോയി മൂലയില്‍ കുത്തിയിരുന്നതു കണ്ടപ്പോള്‍,അവന്റെ പിന്നിലായിരുന്ന ഞാന്‍ തിക്കട്ടി വന്ന ചിരി പുറത്ത് വിടണോ വേണ്ടയോ എന്നറിയാതെ പകച്ചു നിന്നു.
പുറത്തു ബാലന്‍ കെ നായരുടെയും ടി ജി രവിയുടെയം ഉമ്മറിന്റെയുമൊക്കെ അട്ടാഹാസങ്ങള്‍ കേള്‍ക്കാം.ഒരുപറ്റം നിരപരാധികളായ കുട്ടികളെ ജയിലില്‍ പിടിച്ചിട്ട് സന്തോഷം പങ്കു വെക്കുന്നതായിരിക്കും.നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ടുനില്‍ക്കുന്ന നിയമപാലകര്‍ വില്ലന്മാരുമായി കഥകള്‍ പറഞ്ഞു രസിക്കുകയാണ് .മൂലയില്‍ കുത്തിയിരുന്നു കഥനകഥയിലെ നായകനെ പോലെ ഞാന്‍ ഓരോന്ന് ആലോചിച്ചു കൂട്ടി . പന്ത്രണ്ട് ,പതിമൂന്നു വയസ് കാലയളവിനുള്ളില്‍ ഇതാദ്യമായിട്ടാണ് പോലിസ് സ്റ്റേഷനില്‍ കയറുന്നത്.ഇത്രയും കാലം മനാഭിമാനത്തോടെ മാത്രമേ ജീവിചിട്ടുള്ളൂ.ഇനി പറഞ്ഞിട്ടെന്തു കാര്യം എല്ലാം പോയില്ലേ.കുറ്റം ചെയ്തിട്ടില്ലെങ്കിലും പോലിസ് സ്റ്റേഷന്‍ കയറേണ്ടി വന്നിലെ.ഇനി ജീവിച്ചിരിന്നിട്ടു എന്ത് കാര്യം.ചിന്തകള്‍ വീണ്ടും ആഫ്രിക്കന്‍ കാടുകളില്‍ തന്നെ...!!!
പുറത്തു വര്‍ത്തമാനം നിലച്ചു.എസ ഐ അകത്തു കയറി വന്നു.ഞങ്ങള്‍ ഓരോരുത്തരെ വിളിച്ചു ചുവന്ന മാഷിയുള്ള പേന തന്നു വെളുത്ത പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞു.എല്ലാവരും ഒപ്പിട്ട് കഴിഞ്ഞപ്പോള്‍ എസ്സ് ഐ പറഞ്ഞു ''നിങ്ങള്‍ ഇപ്പോള്‍ ചുവന്ന മാഷിയിലാണ് ഒപ്പിട്ടിരിക്കുന്നത്.അതായത് ,നിങ്ങള്‍ക്കുള്ള അവസാന വാണിംഗ് ആണിത്.ഇനി വീട്ടില്‍ പറയാതെ സര്‍ക്കസിനോ സിനിമയ്ക്കോ പോയി എന്ന് പരാതി ലഭിച്ചാല്‍ പിന്നെ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ല.കേസെടുക്കും ജ്യാമില്ലാ കേസ്.ജാമ്യം എന്ത് കുന്ത്രാണ്ടമാണെന്ന് മനസിലായില്ലെങ്കിലും ആ പറഞ്ഞതൊക്കെ സത്യമായിരിക്കുമെന്നു വിശ്വസിച്ചു ഞങ്ങള്‍ എല്ലാവരും ഒരേ താളത്തില്‍ തലയാട്ടി.
തിരിച്ചു വരുമ്പോള്‍ ഓംനി വാനിന്റെ അകത്തളം നിശബ്ദമായിരുന്നു.പക്ഷെ ,നേരിടേണ്ടി വന്ന അപമാനത്താലും സങ്കടത്താലും എന്റെ മനസു പ്രക്ഷുബ്ധമായിരുന്നു.കുനിഞ്ഞ ശിരസുമായി മനസ് വീണ്ടു മല ,സോറി കാട് കയറാന്‍ പോയി.ഞാന്‍ കാരണം ,എന്റെ ഉപ്പ കാരണം എന്റെ കൂട്ടുക്കാര്‍ക്ക്‌ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു.സര്‍ക്കസ് കാണാന്‍ കഴിഞ്ഞില്ല.പോരാത്തതിന് പോലിസ് സ്റ്റെഷനിലും കയറേണ്ടി വന്നു.ദേഷ്യവും സങ്കടവും തിക്കട്ടി വന്നു കണ്ണുകള്‍ നിറഞ്ഞു .കൂട്ടുക്കാരുടെ മുഖത്തേക്ക് നോക്കാനാവാതെ ഞാന്‍ തലതാഴ്ത്തി തന്നെയിരുന്നു.
കൂട്ടുക്കാരെയെല്ലാം അവരവരുടെ വീടുകളില്‍ കൊണ്ട് വിട്ടതിനു ശേഷം ഞങ്ങളെ വീട്ടില്‍ കൊണ്ടിറക്കി പുതിയ്പ്ല പോയി.വാതില്‍ തുറന്നു അകത്തു കയറിയപ്പോള്‍ മേശേമേല്‍ ഉമ്മ എനിക്കായി വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണ പാത്രങ്ങള്‍ കണ്ടു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങള്‍ കാരണം ആവിശ്യത്തില്‍കൂടുതലായി ഊര്‍ജ്വം വേണ്ടി വന്നപ്പോള്‍ വയറ്റില്‍ ഉണ്ടായിരുന്നതിനെയെല്ലാം അതിവേഗം ദഹിപ്പിച്ചു ശരീരം കടത്തി കൊണ്ട് പോയിരുനത് കൊണ്ട് നല്ല വിശപ്പ്‌ ഉണ്ടായിരുന്നെങ്കിലും അതിനെയൊന്നും ഗൗനിക്കാതെ മുറിയില്‍ കയറി കട്ടിലില്‍ കമിഴ്ന്നു കിടന്നു.ഉപ്പ അകത്തു കയറി വാതിലടക്കുന്നതിന്റെയും ബാത്രൂമില്‍ പോകുന്നതിന്റെയുമൊക്കെ ശബ്ദം കേള്‍ക്കുന്നുണ്ട്.കുറച്ചു കഴിഞ്ഞപ്പോള്‍ മുറിക്കകത്ത് കാല്‍പ്പെരുമാറ്റം.പിന്നെ കട്ടിലില്‍ ആരോ ഇരിക്കുന്നു.ഒപ്പം തലയിലും പുറത്തും തലോടലിന്റെ കരസ്പര്‍ശം.
''വാടാ,തുന്നിറ്റ് ഉറങ്ങ്‌''
ഉപ്പാന്റെ മൃദുവായ ക്ഷണം .
''നിക്ക് ബാണ്ട''
അപമാനിക്കപ്പെട്ടത്തിന്റെ സങ്കടവും പ്രതിഷേധവും ഉണ്ടായിരുന്നു നിഷേധത്തില്‍ !.
''സാരമില്ലെടാ.....നിങ്ങോ മടങ്ങി ബരാന്‍ കയ്യാതെ എന്തെങ്കിലും ആയിപോകുമെന്നു കരുതിയല്ലേ ഉപ്പ കൂട്ടാന്‍ വന്നത്,ബാടാ അപ്പം തുന്ന്.''
''നിക്ക് ബാണ്ടാന്നല്ലേ പറഞ്ഞത്.''
സര്‍വ്വ സങ്കടവും ദേഷ്യവും ആവാഹിച്ചു ഞാന്‍ ഉച്ചത്തില്‍ അങ്ങനെ പറഞ്ഞതും പൊട്ടിക്കരഞ്ഞതും ഒന്നിച്ചായിരുന്നു.ഉപ്പ എന്നെ കെട്ടിപ്പിടിച്ചു,ഞാന്‍ ഉപ്പാനെയും ഇറുക്കി പിടിച്ചു ഏങ്ങലടിച്ചു.എല്ലാ സങ്കടവും ദേഷ്യവും കണ്ണുനീരില്‍ അലിഞ്ഞു നേര്‍ത്ത് ഇല്ലാതായി.ഉപ്പ എന്നെ പൊക്കിയെടുത്തു ഭക്ഷണത്തിന് മുമ്പില്‍ കൊണ്ട് പോയിരുത്തി.തേങ്ങാപ്പാലില്‍ മുക്കിയെടുത്ത പത്തിരി നല്ല കോയി ചാറില്‍ മുക്കി ഉപ്പ എന്റെ വായില്‍ വെച്ചു തന്നു.അപ്പോള്‍ അതിനു സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും സ്വാദായിരുന്നു......

No comments:

Post a Comment

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....