Saturday, August 08, 2015

കുനിയാത്ത ശിരസ്സ്


==================
ഭാര്യയ്ക്കൊപ്പം കാറുമേടിച്ചു കൊണ്ട് കാസരഗോട് പോകുമ്പോള്‍ പണി നടക്കുന്ന ചളയന്കോട് ബ്രിഡ്ജിനു താഴെയുള്ള കുന്നു കയറി കഴിഞ്ഞയുടനെ ഒരു ഓട്ടോറിക്ഷ നിയമം ലംഘിച്ചു എന്റെ ലൈനില്‍ കയറി വന്നു നിന്നു.ഞാനൊന്ന് ചെറുതായി വെട്ടിച്ചു മുന്നോട്ടു പോയാല്‍ നല്ല വഴിയിലൂടെ ഓട്ടോറിക്ഷയ്ക്ക് താഴോട്ടിങ്ങാം. അപ്പോഴേക്കും ട്രാഫിക് നിയമം ലംഘിച്ചു വന്ന ഓട്ടോറിക്ഷക്കാരനോടുള്ള എന്റെ ധാര്‍മിക രോഷത്തിന്റെ തെര്‍മോമീറ്റര്‍ അപകട മേഖലയിലേക്ക് പൊങ്ങി കഴിഞ്ഞിരുന്നു.ഞാന്‍ ഗ്ലാസ്‌ തുറന്നു ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി കൈ കൊണ്ട് എന്തൊക്കെയോ ആക്ഷന്‍ കാണിച്ചു .അപ്പോഴാണ്‌ ഓട്ടോറിക്ഷക്കാരന്‍ തലപ്പുറത്തിട്ട് സൈഡിലൂടെ പോയിക്കൂടെ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചത്.ഓട്ടോറിക്ഷക്കാരനെ കണ്ടതോടെ ജാള്യതയും ചമ്മലും കാരണം വഴിമാറി വണ്ടിയുമെടുത്ത് ഞാനവിടെന്നു മുങ്ങി.നാലാം ക്ലാസ് വരെ എന്നോടൊപ്പം പഠിച്ച അന്നത്തെ എന്റെ അടുത്ത സുഹൃത്തായിരുന്നു ആ ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.അവനു എന്നെ മനസിലായിട്ടുണ്ടാകുമോ എന്നറിയില്ല.ഉണ്ടെങ്കില്‍ എന്നെ കുറിച്ച് എന്തായിരികും ധരിച്ചിട്ടുണ്ടാകുക.മോശമയതല്ലാതെ നല്ലതായിട്ടൊന്നും ഉണ്ടാകില്ല.''അറബികള്‍ എപ്പോ ആട്ടിയോടിക്കുമെന്നറിയാത്ത ദുബായിയും ഒരു തുക്ക്ട കാറുമൊക്കെ ഉണ്ടെന്ന ബലത്തില്‍ ഇവന്റെയൊക്കെ അഹങ്കാരം കണ്ടില്ലേ'' ,എന്നൊക്കെ ആയിരിക്കും. അവന്‍ പിറുപിറുത്തിട്ടുണ്ടാവുക.


അവിടെ വെച്ച് അങ്ങനെയൊരു സീന്‍ ഉണ്ടാക്കിയതിലും അവനോടു ശബ്ദം സംസാരിച്ചതിലും എനിക്ക് ദേഷ്യവും സങ്കടവും വന്നു.''ഞാന്‍ അത്രത്തോളം സംസ്കാരമില്ലാത്തവനായി പോയല്ലോ '' എന്നോര്‍ത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി.പിന്നീടൊരിക്കല്‍ പള്ളിയില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ അവന്‍ എന്റെ മുന്നില്‍ പെട്ടു. ഞാന്‍ ഒരുപ്പാട്‌ ചെറുതായി പോകുന്നത് പോലെ.ജാള്യത മറയ്ക്കാം കഴിയുന്നില്ല.കാണാത്തത് പോലെ തലയും താഴ്ത്തി നടന്നു.സലാം പറഞ്ഞു കൈയും കൊടുത്തു സൗഹൃദം പുതുക്കി അന്നത്തെ സംഭവത്തിനു ക്ഷമാപ്പണവും നടത്തിയിരുന്നെങ്കില്‍ എത്ര മഹത്തരമായ നടപ്പടിയാകുമായിരുന്നു അത്.
''ഹൃദയത്തില്‍ കടുമണിയോളം അഹങ്കാരമുള്ളവര്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല '' എന്ന് നബി വചനം.അത്രയെങ്കിലും അഹങ്കാരം ഇല്ലാത്തവര്‍ ഇക്കാലത്ത് ഉണ്ടാകുമോ?.നമ്മുടെ ഒരു പ്രവര്‍ത്തി കൊണ്ട് ഒരാള്‍ക്ക് വിഷമം ഉണ്ടായി എന്നറിഞ്ഞാല്‍ പോലും ക്ഷമാപണം നടത്താന്‍ നമ്മുടെ ശിരസ്സിന്റെ ഭാരം നമ്മളെ അനുവദിക്കുന്നില്ല. സുഹൃത്തിന്റെ അശ്രദ്ധ കൊണ്ടോ മറ്റോ വരുന്ന തെറ്റ് മറക്കാനോ പൊറുത്തു കൊടുക്കാനോ ഈ തലക്കനം കൊണ്ട് നമ്മുക്ക് കഴിയുന്നില്ല. വന്നുപ്പോയ തെറ്റിന്റെ വാലില്‍ പിടിച്ചു വട്ടം കറക്കി നിരന്തരമായി ശല്യം ചെയ്യുന്നു,വേട്ടയാടുന്നു.
ഒരു ക്ഷമാപ്പണം കൊണ്ട് നമ്മുക്ക് തിരിച്ചു കിട്ടുമായിരുന്നത് ആ നല്ല സുഹൃത്തിനെയായിരുന്നു.ഇന്നത്തെ പ്രശ്നം നാളെ ഒരു പ്രശ്നമേ അല്ലാതായി മാറുന്നത് പോലെ ,സൌഹൃദങ്ങള്‍ക്കിടയിലെ വാശിയും വൈരാഗ്യവും അലിഞ്ഞില്ലാതാവണം.കുനിയാത്ത ശിരസ്സും കൊണ്ട് നമ്മുക്ക് സ്വര്‍ഗപ്രവേശനനം സാധ്യമല്ല എന്നോര്‍ക്കണം .