Tuesday, September 21, 2010

മഴയില്‍ കുതിര്‍ന്ന ബാല്യക്കാലം......


ബാ ല്യക്കാലം.....!!!
         ന്‍റെ ബാല്യക്കാലത്തെ കുറിച്ച് പറയുമ്പോള്‍ മഴയെ കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ?.ഇവ രണ്ടും,ബാല്യക്കലവും മഴയും എന്‍റെ ജീവിതത്തെ ഒരുപ്പാട്  സ്വാധീനിച്ചിരുന്നു.
മഴ .....!                                                                                                     
       മഴയെ കുറിച്ച് എത്രയെഴുതിയാലും എനിക്ക് മതി വരില്ല.മഴയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരുപ്പാട് തെളിമയാര്‍ന്ന ചിത്രങ്ങള്‍ മനസിലേക്ക് പെയ്തിറങ്ങുകയാണ്.കര്‍ക്കിടകത്തിലെ പേമാരി പോലെ....


        പു തുമഴയില്‍ ഭൂമിയോടൊപ്പം മനസും കുളിര്‍ത്ത ബാല്യക്കാലം .സ്കൂള്‍ നേരത്തെ വിടുവാന്‍ കാര്‍മേഘങ്ങളുടെ അകമ്പടിയോടെ കനത്ത മഴ വരണമേ എന്ന് പ്രാര്‍ത്ഥിച്ചിരുന്ന കുഞ്ഞു മനസ്.മഴയ്ക്കിടയിലൂടെ നടക്കാനായിരുന്നു എനിക്കിഷ്ടം.കുട കഴിയുന്നതും ഒഴിവാക്കുമായിരുന്നു.എപ്പോഴെങ്കിലും കുട കൂടെ കൊണ്ടുപ്പോയാല്‍ തന്നെ തിരിച്ചു വരുമ്പോള്‍ കാണില്ല.എവിടെയെങ്കിലും വെച്ച് മറന്നു പോയി കാണും.അങ്ങനെ മഴ നഷ്ടപ്പെടലിന്‍റെ കൂടി കാലമായിരുന്നു.നിറഞ്ഞു കവിയുന്ന തോട്ടിലും കുളത്തിലും കുളിക്കാന്‍ പോയത്,ഒരിക്കലും കൊത്താത്ത മീനുകളെയും പ്രതീക്ഷിച്ച് കാളമിട്ടു തോട്ടിന്ക്കരയില്‍ കുത്തിയിരുന്നത്.തോര്‍ത്ത്‌ മുണ്ടിനെ  വലയാക്കി കുഞ്ഞു പരലുകളെ വാരിയെടുത്ത് ഭരണിയിലാക്കി അതിനെ കൌതുകത്തോടെ നോക്കി നിന്നത്,മഴവെള്ളത്തില്‍ കടലാസു തോണി കളിച്ചത്,അടുക്കള തോട്ടമുണ്ടാക്കിയത്,പിന്നെ അപ്പറത്തെ വളപ്പില്‍ കെട്ടികിടക്കുന്ന മഴവെള്ളത്തില്‍ മഴ നനഞ്ഞു ക്രിക്കറ്റും ഫുട്‌ബോളും കളിച്ചത്.ഒക്കെ ഓര്‍ക്കുമ്പോള്‍ മനസറിയാതെ കൊതിച്ചു പോകുന്നു ,ആ ബാല്യക്കാലവും മഴക്കാലവും ഒന്നുകൂടി തിരിച്ചു കിട്ടിയിരുന്നുവെങ്കില്‍.....

കവി  പാടിയ പോലെ,
"ഒരുവട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന 
ആ തിരുമുറ്റെ
ത്തെത്തുവാന്‍ മോഹം,
വെറുതെ ഈ മോഹ
മെന്നറിയുമ്പോഴും 
വെറുതെ മോഹിക്കുവാന്‍ മോഹം"

           മ ഴയത്ത് കളിച്ചു ശരീരവും വസ്ത്രങ്ങലുമൊക്കെ ചെളിയില്‍ പുരണ്ടു വൈകുന്നേരം വീട്ടില്‍ എത്തുമ്പോള്‍,എനിക്ക് കുളിക്കാനായി അടുപ്പത്ത് വെള്ളം ചൂടാക്കാനുള്ള പെടാപാടിലായിരിക്കും ഉമ്മ.അഴക്ക്‌ പുരണ്ട വസ്ത്രങ്ങള്‍ ഒരു മൂലയ്ക്ക് വലിച്ചെറിയും.മാറിയിടാനായി ദിവസ്സവും രണ്ടോ മൂന്നോ ജോടികള്‍.പിറ്റേന്ന് വീണ്ടും കുട്ടപ്പനായി വരുന്ന ആ വസ്ത്രങ്ങളുടെ ഗ്ലാമറിന് പിന്നിലെ ഉമ്മാന്‍റെ കഷ്ടപാടിനെ കുറിചോര്‍ക്കാന്‍ അന്നത്തെ കുഞ്ഞു മനസിന്‌ കഴിഞ്ഞിരുന്നില്ല.
പാവം ഉമ്മ,
            ഉ മ്മ ഞങ്ങള്‍ക്ക്‌ വേണ്ടി ഒരുപ്പാട് കഷ്ടപ്പെട്ടിട്ടുണ്ട്.ഉമ്മ ഏറ്റവും സഹിച്ചിട്ടുണ്ടാവുക എന്നെയായിരിക്കും.ഇന്നത്തെപ്പോലെ വെറുമൊരു പാവം പുലിയായിരുന്നില്ല കുട്ടിക്കാലത്തെ ഞാന്‍.ശരിക്കും ഒരു വില്ലന്‍ തന്നെ.എന്നെ പേടിച്ചു എന്നോടൊപ്പം കളിക്കാന്‍ പോലും കുട്ടികള്‍ അന്ന് മടിച്ചിരുന്നു.പിന്നീട് എപ്പോഴോ,വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ ഞാന്‍ പോലുമറിയാതെ തന്നെ എന്നില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു.അതിനു എന്നെ ഏറെ സഹായിച്ചത് എന്‍റെ വായന ശീലമാണെന്ന് തോന്നുന്നു.ആ കഥകളൊക്കെ പിന്നീട് ഒരവസരത്തില്‍ പറയാം.തല്‍ക്കാലം മഴയിലേക്ക് തന്നെ തിരിച്ചു വരട്ടെ.
          മ ഴയെ കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മതി വരില്ല.മഴയെ ഇഷ്ടപെടാത്തവര്‍ ആരാണ്ഉണ്ടാവുക.മഴക്കാര്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശത്തെയും ഇരുള്‍ മൂടിയിരിക്കുന്ന അന്തരീക്ഷത്തെയും ഞാന്‍ ഒരുപ്പാട് ഇഷ്ടപെട്ടിരുന്നു.അ
ങ്ങനെയുള്ള വൈകുന്നേരങ്ങളില്‍ മനസിനോടൊപ്പം ഞാനും തുള്ളിച്ചാടി കളിക്കുമായിരുന്നു.രാത്രികളില്‍ തകര്‍ത്തു പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ചുഞാന്‍ കിടന്നുറങ്ങും.മഴ തോര്‍ന്നു കഴിഞ്ഞാല്‍ ഇലകളിലും തോര്‍ന്നു കഴിഞ്ഞാല്‍ തെങ്ങോലകളിലും തങ്ങി നില്‍ക്കുന്ന മഴത്തുള്ളികള്‍ താഴെ കെട്ടികിടക്കുന്ന മഴവെള്ളത്തില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന ടിക്ക്‌ ടിക്ക്‌ ശബ്ദത്തില്‍ താളം കണ്ടെത്തിയ മനസിന്‍റെ കൗതുകം!.ചീവീടുകളുടെ ചെവി തുളച്ചു കയറുന്ന ശബ്ദത്തെ ശപിച്ച ഉറക്കമില്ലാത്ത രാത്രികള്‍.മഴയത്ത് തണുത് വിറച്ചു നിലവിളിക്കുകയായിരിക്കുമെന്നു കരുതി,ക്രോം ക്രോം എന്ന് കരയുന്ന തവളയോട് സഹതാപം തോന്നി നൊമ്പരപ്പെട്ടു ആ കുഞ്ഞു മനസ്.
ഓ,എത്ര സുന്ദരവും സ്വസ്തവുമായിരുന്നു ആ ബാല്യക്കാലം!!!.
                    എ ന്‍റെ ബാല്യക്കാലത്തിന്‍റെ നല്ലൊരു ഭാഗവും തറവാട്ടിലായിരുന്നു.കൂട്ടുകുടുമ്പത്തിന്‍റെ രസം.എത്ര സുന്ദരമായിരുന്നു ആ നാളുകള്‍.കളിക്കുവാനും മറ്റും ഒരുപ്പാട് കൂട്ടുക്കാര്‍.എത്രയെത്ര വൈവിധ്യങ്ങള്‍ നിറഞ്ഞ കളികള്‍. പല കളികളും ഉണ്ടായിരുന്നു.എങ്കിലും ഗോട്ടിക്കളിയായിരുന്നു കളികളിലെ രാജാവ്.പലതരത്തിലുള്ള ഗോട്ടികള്‍,പല നിറത്തിലും വലുപ്പത്തി


ലും.അവ കാണാന്‍ തന്നെ നല്ല ഭംഗിയുണ്ടായിരുന്നു.പിന്നെയും ഒരുപ്പാട് കളികള്‍ എല്ലാ കളികള്‍ക്കും ഒടുവിലുള്ള  വഴക്ക് കൂടലാണ് ഏറെ രസകരമായി ഇപ്പോള്‍ തോന്നുന്നത്.അലസി ആക്കാ


ന്‍ എന്‍റെ അത്ര മിടുക്കന്‍ അന്ന് വേറെ ആരുമുണ്ടായിരുന്നില്ല.വഴക്കും ബഹളവും, ഉമ്മാമാരുടെ ഇടപെടലും,പിന്നെ ഉമ്മാമാരുടെ വഴക്കായി.അതിനിടയില്‍ ഞങ്ങള്‍ വീണ്ടും കളി തുടങ്ങും.അവരുടെ വഴക്ക് തീര്‍ക്കാന്‍ മാമ ഇടപെടേണ്ടി വരും.

             റവാട്‌ പറമ്പില്‍ ഒരുപ്പാട് മാവുകള്‍ ഉണ്ടായിരുന്നു.അവയില്‍ എനിക്ക്  ഏറെ ഇഷ്ടംതോന്നിയിരുന്നത് ചേരിമാവിനോടായിരുന്നു.ആക്കശത്ത് നക്ഷത്രങ്ങളെന്ന പോലെ ചില്ലകളില്‍ നിറഞ്ഞു നില്‍ക്കുന്ന മാങ്ങകള്‍.എത്ര ഉന്നമില്ലാതവനും കല്ലെടുത്ത്‌ എറിഞ്ഞാല്‍ ഒരു മാങ്ങയെങ്കിലും താഴെ ഉറപ്പ്‌.ഒരു ചെറുക്കാറ്റടിച്ചാല്‍ ഒരായിരം മാങ്ങകള്‍താഴെ  വീഴും.ഇത് പെറുക്കിയെടുക്കാന്‍ കുട്ടികളും ഉമ്മമാരും ചാക്കും കൊണ്ട് ഓടും.മാങ്ങയുടെ കാലത്ത് എന്നും രാവിലെ സുബിഹിക്ക്‌ മൂത്ത ഞങ്ങളെ വിളിച്ചുണര്‍ത്തും.സുബ്ഹി നിസ്കരിക്കാന്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട,ചേരിമാങ്ങകള്‍ പൊറുക്കിയെടുക്കാനാണ്.ഭൂമില്‍ വെളിച്ചം പരന്നാല്‍ നാട്ടുക്കാര്‍ അതൊക്കെ കൊണ്ട് പോകും.അതായിരുന്നു ചേരി മാവ്‌.ആകാശമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന അതിന്‍റെ ചില്ലകള്‍ കീഴടുക്കുക എന്നത് തന്നെ ഞങ്ങള്‍ക്ക്‌ വലിയൊരു വെല്ലുവിളിയായിരുന്നു.

             ചേ രിമാവിനെക്കാളും ഉയരം ഉണ്ടായിരുന്നു ഗോമാവിന്.പക്ഷെ അതിന്‍റെ മാങ്ങകള്‍ക്ക് അത്ര രുചി ഇല്ലാതിരുന്നത് കൊണ്ടായിരിക്കാം അതില്‍ വലിഞ്ഞു കയറാന്‍ ആരും താല്‍പര്യം കാണിച്ചിരുന്നില്ല.പിന്നെ മാങ്ങകളില്‍ തേന്‍ നിറച്ചു വെച്ച് കശുമാവ്‌.നിറയെ കായിക്കുന്ന വേര്‍പ്പഴത്തിന്‍റെ മരം.ആന ,ചില്ല ഒടിച്ചതിനു ശേഷം നിറയെ കായിക്കുന്ന പ്ലാവ്‌.

മൂത്തമ സ്വന്തം മക്കളെ പോലെ നോക്കി വളര്‍ത്തിയിരുന്ന പശുവും കിടാവും......ഒക്കെയും ഇ

ന്ന് ഓര്‍മകളില്‍ മാത്രം അവശേഷിക്കുന്നു.എന്‍റെ കുട്ടിക്കാലത്തിന് സാക്ഷിയായി ഇന്ന് അവിടെ ഒന്നുംഅവശേഷിക്കുന്നില്ല.

               പ ണ്ട്  തറവാട്‌ മുറ്റത്ത്‌ ഒരു പേരക്ക മരം ഉണ്ടായിരുന്നു.എന്‍റെ വികൃതികള്‍ അതിര് വിടുമ്പോള്‍ സഹിക്കാന്‍ വയ്യാതെ ഉമ്മ എന്നെ ആ മരത്തില്‍ കെട്ടിയിട്ട് അടി ,കണ്ണില്‍ മുളക് പുരട്ടല്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തും.ഇന്ന് ഉമ്മാന്‍റെ അന്നത്തെ  അടിയും മുളക് പ്രയോഗവും എന്നില്‍ എന്ത് വികാരമാണ് ഉണ്ടാക്കുന്നത് എന്നറിയില്ല.പക്ഷെ ,മുളകിന്‍റെ പുകചില്‍ സഹിക്കാന്‍ കഴിയാതെയുള്ള ആറു വയസുക്കാരന്‍റെ നിലവിളി ഇപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു.അന്ന് എന്‍റെമനസ്സില്‍ കടന്നു കൂടിയ ഭീതി പിന്നീടുള്ള എന്‍റെ ജീവിതത്തെ ഒരുപ്പാട് സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് സത്യം.എത്ര വേദനയുണ്ടായിരുന്നുവെങ്കിലും ആ വേദനയ്ക്ക് ഒരു സുഖം ഉണ്ടായിരുന്നു.സ്നേഹത്തിന്‍റെ,ലാളനത്തിന്‍റെ,താരാട്ടിന്‍റെ........ഒരു സുഖം!.

            അ ന്ന് തറവാട്ടില്‍ വലിയൊരു പത്തായം ഉണ്ടായിരുന്നു.അതിലായിരുന്നു മൂത്ത(ഉപ്പയുടെ ജേഷ്ഠന്‍) പഴങ്ങള്‍ സൂക്ഷിച്ചിരുന്നത്.അതിന്‍റെ അരികത്തൂടെ നടന്നാല്‍ തന്നെ മാങ്ങയുടെയും,മുണ്ടച്ചക്ക(പൈനാപ്പ്ല്‍)യുടെയും ചക്ക,ചക്കപ്പായം,പപ്പങ്ങായി തുടങ്ങിയ പഴങ്ങളുടെ കൊതിപ്പിക്കുന മണമടിക്കും.

                ത്ര സുന്ദരമായിരുന്നു ആ കാലം.എന്‍റെ ബാല്യക്കാലം.ആ പ്രതാപക്കാലം എങ്ങനെ കൈമോശം വന്നുവെന്നറിയില്ല.ആരുടെയോ ശാപമേറ്റ പോലെ എല്ലാം പെട്ടെന്നായിരുന്നു.......

          ചെ റുപ്പത്തിലെ ആ സുന്ദര നാളുകള്‍ എവിടെ പോയി മറഞ്ഞു?.അന്ന് ഒന്നിനും ഒരു അല്ലലും ഉണ്ടാ
യിരുന്നില്ല.അന്ന് കൃഷി ജോലിക്കും മറ്റുമായി എത്ര പേരായിരുന്നു തറവാട്‌ മുറ്റത്ത്‌.കൊപ്രയുടെ പണിയെടുക്കുന്നവരും,കറ്റ മൊതിക്കാനുമായി ഒരുപ്പാട് പേര്‍.ഇടയ്ക്കെപ്പോഴോ ഒരു താളപ്പിഴ!.ചെറുപ്പത്തില്‍ ഒന്നും അറിഞ്ഞിരുന്നില്ല.കുറച്ചു വളര്‍ന്നപ്പോഴാണ് മനസിലായത് എല്ലാം ക്ഷയിച്ചു തുടങ്ങിയിരിക്കുവെന്നു.കുത്തിയൊലിക്കുന്ന മഴവെള്ളത്തില്‍ എല്ലാം ഓരോന്നായി ഒലിച്ചുപോ
വാന്‍ തുടങ്ങിയിരിക്കുന്നുവെന്നു.

                 മ ഴത്തോര്‍ന്ന്‍ തെളിഞ്ഞ ആകാശത്തില്‍ ഉദിച്ചുയരുന്ന തമ്പാച്ചിയെ (ചന്ദ്രന്‍)കാണിച്ചു "അതാ തമ്പാച്ചി"എന്ന് പറഞ്ഞു ആകാശത്തേക്ക് വിരല്‍ ചൂണ്ടിക്കാണിച്ചു എന്നെ  ചോറൂട്ടിയ ഉമ്മാന്‍റെ വാക്കുകളില്‍ ഒന്നുകൂടി കംബ്ലിപ്പിക്കപ്പെടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍......!.

             മ ഴതോര്‍ന്ന്‍ കഴിഞ്ഞാല്‍ താഴെ കെട്ടികിടക്കുന്ന മഴവെള്ളത്തില്‍ പ്രതിഫലിക്കുന്ന നീലാകാശം.അതില്‍ നിറയെ ഞാന്‍ വെള്ളം കൊടുത്തു വളര്‍ത്തിയ ചെടികള്‍.അതില്‍ എന്‍റെ മുഖച്ഛായയുള്ള പൂക്കള്‍!!!.

                     ഴയ്ക്കിടയിലൂടെ ഓടിച്ചാടി കളിച്ചത്,ഇടിമിന്നലിനെ പേടിച്ചു ഉമ്മാന്‍റെ ഓരത്ത് ചുരുണ്ട് കൂടിയത്.തണുത്തു വിറച്ചു മൂടിപുതച്ചു കിടന്നുറങ്ങിയത്,മഴവെള്ളത്താല്‍ കിണര്‍ നിറഞ്ഞു കവിഞ്ഞോ എന്നറിയാനായി ദിവസ്സവും രാവിലെ കിണര്‍ പോയി നോക്കിയത്.ഇളംചൂട് വെള്ളത്തിലുള്ള സുഖകരമായ ആ നീരാട്ട്.....ഒക്കെ ഓര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ നോമ്പരപ്പെടുന്നു.ഇനിയൊരിക്കലും ഇതൊന്നും തിരിച്ചു കിട്ടില്ലെന്നറിയിമ്പോള്‍ നഷ്ടബോധം മനസിനെ കുത്തിനോവിക്കുന്നു.

പ്രി യപ്പെട്ടവളെ........
എന്നെ ഒന്നുകൂടി കൂട്ടികൊണ്ടു പോകുമോ ആ മനോഹര കാലത്തേക്ക്?.പകരമായിട്ട് എന്ത് വേണമെങ്കിലും തരാം.
ഈ മനസ്സ്‌,
സ്നേഹം,
പ്രണയം,
ഒരു ആയുസ്സുക്കാലം, ഒക്കെയും.....!പറ്റത്തില്ല അല്ലെ!.സാരമില്ല,കൈമോശം വന്നിരിക്കുന്നതൊക്കയും ഒരിക്കലും തിരിച്ചു പിടിക്കാന്‍ പറ്റാത്തവയാണല്ലോ.ഒന്നും എനിക്ക് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല.അപ്പോള്‍ അതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഞാന്‍ ബോധാവാനായിരുന്നില്ല.കൈക്കുമ്പിളില്‍ നിന്ന് വഴുതിപ്പോയത്തിനു ശേഷമാണ് മനസിലായത്,അവയൊക്കെ ജന്മത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അമൂല്യങ്ങളായ മാണിക്ക്യക്കലുകള്‍ ആയിരുന്നുവെന്ന്.ഒക്കെയും  ഓര്‍ക്കുമ്പോള്‍ എനിക്ക് വല്ലാതെ കരച്ചില്‍ വരുന്നു.പ്രിയേ,നിന്‍റെ ചുമലില്‍ തലചായിച്ചു   ഞാനൊന്ന് പതുക്കെ  കരഞ്ഞോട്ടെ.....
                                                                                                    അവസാനിച്ചു.


കഴിഞ്ഞ പ്രാവിശ്യം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ പണ്ട് ഭാര്യയ്ക്ക് അയച്ച കത്തുകള്‍ തപ്പിയെടുത്ത് വായിച്ചു.അവയില്‍ ഒന്ന്.പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഞാന്‍ ഭാര്യക്ക്‌ എഴുതിയ ഒരു കത്ത്. ..